Followers

Sunday, April 18, 2010

തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രൻ
c ganesh

പെങ്ങൾ കൊടുത്തയച്ച ആനയുടെ ശിൽപത്തിൽ നിന്നാണ്‌ കഥ ആരംഭിക്കുന്നത്‌. കഥ അവസാനിക്കുന്നതും അതേ ശിൽപത്തിൽ തന്നെയാണ്‌. മനുഷ്യൻ ജനിക്കുമ്പോഴുള്ള അവസ്ഥയിൽ എത്തിയാണ്‌ മരണത്തിലേക്ക്‌ നടക്കാറുള്ളതെന്ന്‌ പറയുന്നതുപോലെ കഥയുടെ ആദ്യവും അവസാനവും തലയുയർത്തി നിൽക്കുന്നത്‌, നേരത്തെ പറഞ്ഞില്ലേ വസുമതി പെങ്ങൾ കൊടുത്തയച്ച ആനബിംബം. പക്ഷേ ഇങ്ങനെ പറഞ്ഞുപോയാൽ ആരു വായിക്കാൻ? അതിനാൽ വിശദമായി പറയാം.
വസുമതി പെങ്ങൾ കൂടി ഉണ്ടായിരുന്നെങ്കിൽ ഞങ്ങളുടെ കുടുംബത്തിൽ അവരുടെ ഭർത്താവും പ്ലസ്ടുവിനു പഠിക്കുന്ന മകനും ചേർന്ന്‌ മൊത്തം 25 പേർ ഉണ്ടാവുമായിരുന്നു. അതായത്‌ ഇപ്പോൾ തന്നെ 22 പേർ ഇവിടെ വിരാജിക്കുന്നുണ്ട്‌. അതെ, ഇന്നലെ കാലത്ത്‌ ഇതൊരു വരാജിക്കൽ തന്നെയാണേയ്‌.
എന്നാൽ എനിക്കിതൊരു കൂട്ടുകുടുംബമായി തോന്നിയിട്ടേയില്ല. ഞങ്ങളുടെ ഗ്രാമത്തിൽ തന്നെ ഇത്തരമൊരു കുടുംബം അപൂർവ്വമാണ്‌. മരിച്ചുപോയ ഞങ്ങളുടെ അമ്മയുടെ അച്ഛൻ കെട്ടിയ വീട്ടിൽ മരണാസന്നമായി കിടക്കുന്ന എന്റെ അച്ഛന്റെ 'ആരെങ്കിലും വരിനെടാ' എന്ന വിളി ഇടക്കിടെ മുഴങ്ങും. ഭാഗംവയ്ക്കാതെ രണ്ടുമൂന്നു തലമുറകൾ ഒരുമയോടെ കഴിയുകയാണ്‌, ഇവിടെ. കോഴിക്കൂട്‌ എന്നാണ്‌ ഞങ്ങളുടെ കുടുംബത്തെ ആളുകൾ കളിയാക്കി വിളിക്കാറ്‌. രാവിലെ ഞങ്ങൾ ഓരോരുത്തർ ജോലിക്കും കൂലിക്കുമായി പുറത്തിറങ്ങുകയും കുട്ടികൾ സ്കൂളിലേക്ക്‌ പോവാനിറങ്ങുകയും ചെയ്യുന്നതു കണ്ടാൽ ചിലർ പറയും "കോഴിക്കൂട്‌ തുറന്നു കഴിഞ്ഞു."
ഇതുപോലൊരു കൂട്ടുകുടുംബത്തിലാണ്‌ വൈക്കംമുഹമ്മദ്‌ ബഷീർ കഴിഞ്ഞിരുന്നതെന്നു വായിച്ചിട്ടുണ്ട്‌. സംശയിക്കേണ്ട, ഇക്കഥയിലെ ബഷീർ ഞാൻ തന്നെയാണ്‌. ബഷീറിനെപ്പോലെ എഴുതാൻ കഴിഞ്ഞിട്ടില്ലെങ്കിലും അത്യാവശ്യമൊക്കെ ഭാവിയിലേക്കായി കുത്തിക്കുറിക്കുന്ന സ്വഭാവം എനിക്കുമുണ്ട്‌. ഇനി ഞാൻ പറയാൻ പോകുന്നതിൽ ഇടക്ക്‌ സാഹിത്യത്തിന്റെ ശൈലി വരുന്നുണ്ടെങ്കിൽ അതിനു കാരണം എന്റെ കുത്തിക്കുറിക്കലാണ്‌. നാടകവും കഥാപ്രസംഗവുമാണ്‌ എന്റെ മേഖല.
കോരമ്മേത്‌ കല്യാണിയമ്മ എന്ന എന്റെ അമ്മയാണ്‌ കുടുംബനാഥ. അമ്മയുടെ അമ്മ കോരമ്മേത്ത്‌ നാരായണി അടുത്തു തന്നെ മരിക്കുമെന്നറിയിച്ചുകൊണ്ട്‌ വീട്ടിലൊരു മുറിയിൽ ശവംപോലെ കിടപ്പുണ്ട്‌. വെള്ളംപോലും ഇറക്കാൻ ബുദ്ധിമുട്ടായതിനാൽ ആർക്കും അവരെക്കൊണ്ട്‌ യാതൊരു ശല്യവുമില്ല. എന്റെ സഹോദരന്മാരായ കാർത്തി, മണികണ്ഠൻ, മുരുകദാസൻ എന്നിവരും അവരുടെ ഭാര്യമാരും പെങ്ങൾമാരായ വനജയും കുമാരിയും രുക്മിണിയും ഇവരിൽ ചിലരുടെ പൊടിയന്മാരും പൊടിച്ചികളും ചേർന്ന്‌ അവിയൽപ്പരുവത്തിൽ മാതൃകാകുടുംബമായി ജീവിച്ചുപോകെയാണ്‌ നാട്ടിലില്ലാത്ത പെങ്ങൾ വസുമതി കൊടുത്തയച്ച ആന പ്രശ്നവുമായി കടന്നുവന്നത്‌.
ഇളയച്ഛൻ മകളുടെ കല്യാണത്തിന്‌ ഗുരുവായൂരിൽ വന്ന വസുമതി വീട്ടിലേക്ക്‌ എന്തെങ്കിലുമൊരു സാധനം കൊടുത്തയക്കണമെന്ന മോഹത്തിൽ ഒരുപാടു കടകൾ കയറിയിറങ്ങി, ഒടുവിൽ ഒരു സാധനം വാങ്ങി എന്റെ കൈയിൽ കൊടുത്തയക്കാൻ നിശ്ചയിച്ചു. സാക്ഷാൽ ഗുരുവായൂർ കേശവനെ. "നമ്മുടെ കുടുംബത്തിലെ അത്രയും കുട്ടികള്‌ വേറെ എവിടെയെങ്കിലും കാണ്വോ? പിള്ളേർക്കെല്ലാം ആന ഇഷ്ടമാവും. ഞാനൊരു കേശവനെ വാങ്ങി തരുന്നുണ്ട്‌." കല്യാണതിരക്കിനിടയിൽ കുട്ടികളുടെ അച്ഛേമ്മ, എന്റെ വസുമതി പെങ്ങൾ പറഞ്ഞു. എന്നാൽ കടകളിലൊക്കെ ഗുരുവായൂർ കേശവന്റെ പടം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപ്പോൾ അവർ അടവു മാറ്റി. "നോക്കട്ടെ, അടുത്ത ഒരു കടയിൽ കൂടി കിട്ടിയില്ലെങ്കിൽ കേശവനുപകരം മറ്റാരെയെങ്കിലും വാങ്ങിച്ചു തരാം ഞാൻ". കാലിൽ വിള്ളൽ കീറിത്തുടങ്ങിയ അവർ നടന്നുമടുത്തിട്ടാണ്‌ അങ്ങനെ പറഞ്ഞത്‌. ഒടുവിൽ പടിഞ്ഞാറേ നടയിൽ നിന്ന്‌ ഒത്ത ഒരാനയെ വാങ്ങി ഒരു പിൿഅപ്‌ കവറിലിട്ട്‌ എന്റെ മുമ്പിൽ കൊണ്ടുവന്ന്‌ പൊക്കികാണിച്ചു. എന്നിട്ടു പറഞ്ഞു"തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രൻ".
ഞാൻ ഇവിടന്ന്‌ നേരെ പോവും. നീ ഇത്‌ വീട്ടിലെ കുട്ടികൾക്ക്‌ കൊടുക്കണം".
ഒരു മുഴം നീളത്തിൽ മരംകൊണ്ടുണ്ടാക്കിയ തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രൻ വട്ടത്തിലുള്ള പ്ലാറ്റ്ഫോമിൽ നിൽക്കുന്ന രൂപത്തിലായിരുന്നു. പട്ടം അണിഞ്ഞിട്ടില്ലായിരുന്നതിനാൽ രാമചന്ദ്രന്റെ റോസ്നിറത്തിലുള്ള മസ്തകം തെളിഞ്ഞു കാണാമായിരുന്നു. കാലുകൾക്ക്‌ ഒത്തവണ്ണം. മുഖത്ത്‌ നെറ്റിയിലായി ഒരു ഗോപിക്കുറിയും ഭംഗിയിൽ ഇട്ടിരിക്കുന്നു. നീണ്ട വടംപോലെ വാൽ. വിലിൽ പക്ഷിത്തൂവൽ പോലെ കതിരിട്ട ആനവാലുകൾ. പ്ലാറ്റ്ഫോമിൽ താഴെ വെളുത്ത അക്ഷരത്തിൽ തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രൻ എന്ന്‌ എഴുതിയിരിക്കുന്നു. സാമാന്യം കനമുണ്ടായിരുന്നു രാമചന്ദ്രനെ കാണുമ്പോൾ പേടിയല്ല, സമാധാനമാണ്‌ തോന്നുക. ഭഗവാൻ പ്രസാദിച്ചപോലെ. വമ്പിലെ കൊമ്പൻ എന്നാണ്‌ തെച്ചിക്കോട്ടുകാവ്‌ അറിയപ്പെടുന്നത്‌.
ഗുരുവായൂരിൽ നിന്ന്‌ വീട്ടിലെത്തുംവരെ രാമചന്ദ്രന്റെ തലയെടുപ്പ്‌ ആസ്വദിച്ചാണ്‌ ഞാനിരുന്നത്‌. സംഗതി നിസ്സാരമാണെങ്കിലും ഒരാനയെ സ്വന്തമാക്കിയതുപോലെ എനിക്കു തോന്നി. ഞാനൊരു യജമാനനായിരിക്കുന്നു. ആനയജമാനൻ. ഞങ്ങളുടെ കോരമ്മേത്ത്‌ കുടുംബത്തിൽ ഒരാന പിറന്നിരിക്കുന്നു. കേരളത്തിലെ തന്നെ ഏറ്റവും ഉയരമുള്ളവൻ, രാമചന്ദ്രൻ ഇനി മുതൽ പേരാമംഗലം തെച്ചിക്കോട്ടുകാവ്‌ ദേവസ്വത്തിന്റെ വകയല്ല, ഞങ്ങളുടെ വക.
ഒരു ആനയാണ്‌ വരാൻ പോകുന്നത്‌. ഇതൊരു ചെറിയകാര്യമല്ല. ആര്‌, എന്ത്‌ ആനക്ക്‌ തീറ്റികൊടുക്കും? ഒരു നിമിഷം കല്യാണബസ്സിലിരുന്ന്‌ അറിയാതെ ചിന്തിച്ചുപോയി.
ഞങ്ങളുടെ കുടുംബം ദേശീയ ശ്രദ്ധ അർഹിക്കുന്ന ഒന്നാണെന്ന്‌ നേരത്തെ പറഞ്ഞതിൽ നിന്ന്‌ മനസ്സിലായിരിക്കുമല്ലോ. ഓടുവീടായ ഇവിടത്തെ മുറികളൊക്കെ തട്ടിടാത്തത്താണ്‌. വിവാഹം കഴിഞ്ഞവർക്കാണ്‌ മുറി സ്വന്തമായി കിട്ടുക. സ്വന്തമായി മുറി ലഭിക്കാൻ വിവാഹമാണ്‌ മാനദണ്ഡം. കല്യാണം കഴിഞ്ഞിട്ടില്ലെങ്കിൽ, അവശനായ രോഗിയാണെങ്കിലും മുറി കിട്ടും. ഞങ്ങളെല്ലാവരും ചേർന്നു കലപില കൂട്ടുന്ന കോരമ്മേത്ത്‌ വീട്ടിൽ കള്ളൻ കടക്കാൻ യാതൊരു പഴുതുമില്ല. ഏതുനേരവും ഏതെങ്കിലുമൊരാൾ എന്തെങ്കിലും കാര്യത്തിന്‌ ഉണർന്നിരിപ്പുണ്ടാകും.
വീട്ടിൽ കാർത്തിക്കും മണികണ്ഠനും കുമാരിക്കും രണ്ടു വീതം മക്കളുണ്ട്‌. എനിക്കും വനജക്കും ഓരോന്നു മാത്രമേ ഉള്ളൂ. രുഗ്മിണിയും മുരുകദാസനും വിവാഹിതരല്ല. നോക്കിക്കൊണ്ടിരിക്കുന്നവരാണ്‌. ഏതായാലും കുട്ടികളില്ലാത്ത ദമ്പതികൾ അഞ്ചുമിനിറ്റ്‌ കോരമ്മേത്ത്‌ വീട്ടിൽ നിന്നാൽ മതി അവരുടെ എല്ലാം അനപത്യതാദുഃഖവും മാറിക്കിട്ടും. അവർ ജീവനും കൊണ്ട്‌ ഓടും. അത്രക്ക്‌ കർമ്മനിരതരാണ്‌ മക്കൾസംഘം. കാർത്തിയുടെ രണ്ട്‌ ആൺമക്കൾ ഇരട്ടകളാണ്‌. രണ്ടാംക്ലാസിൽ പഠിക്കുന്നു. എന്തു സാധനം കിട്ടിയാലും പമ്പരമായി സങ്കൽപ്പിച്ച്‌ കറക്കലാണ്‌ രണ്ടിന്റെയും മുഖ്യവിനോദം. ഇഡ്ഡലി, മരുന്നുകുപ്പികൾ, ഗ്ലാസ്സ്‌, കിണ്ണങ്ങൾ എന്നിവ അവർ പമ്പരമാക്കി കളിക്കാറുണ്ട്‌. മണികണ്ഠന്റെ ആണും പെണ്ണും നേരിൽ കണ്ടാൽ പരസ്പരം കടിച്ചുകീറുന്ന വൈരികളാണ്‌. കുമാരിയുടെ മകനാണ്‌ ഉള്ളതിൽ മൂത്തത്‌. പയ്യൻ ഏഴാം ക്ലാസിലായി. എപ്പോഴും ക്രിക്കറ്റ്‌ ബാറ്റുമായി നടക്കും. കുമാരിയുടെ രണ്ടാമത്തേതാവട്ടെ ശരിക്ക്‌ ബുദ്ധിയുറയ്ക്കാത്ത കുട്ടിയാണ്‌. ആ കുട്ടിക്കുവേണ്ട പരിചരണം കൊടുക്കാനാണ്‌ അവർ ഭർത്താവിന്റെ വീട്ടിൽ പോകാതെ കഴിയുന്നത്‌. കൂട്ടത്തിൽ ഏറ്റവും ഇളയത്‌ കഥയിലെ ബഷീറായ എന്റെ കുഞ്ഞാണ്‌. പെൺകുട്ടി. ഒരു വയസ്സ്‌ തികഞ്ഞിട്ടേയുള്ളു. ചുമരിൽ പിടിച്ച്‌ പിച്ചാ പിച്ചാ നടക്കലാണ്‌ ഇപ്പോഴത്തെ അവളുടെ വിനോദം. ഒരു മൃഗത്തെ മാത്രമേ അവൾ തിരിച്ചറിയാറായിട്ടുള്ളൂ, ആന! കാവിലെ പൂരത്തിന്‌ ഏഴുന്നള്ളത്തു സമയത്ത്‌ പറഞ്ഞുകൊടുത്തത്‌ അവൾ പിടിച്ചെടുത്തു. കുഞ്ഞുനാവു നീട്ടി അവൾ പറഞ്ഞു, "ആന....ആന" ലാളിക്കാൻ ഒരുപാടു പേരുള്ളതിനാൽ ഇക്കാര്യം വാർത്തയായി.
"മുയ്യുമ്മു ആന എന്ന്‌ പറഞ്ഞിരിക്കുന്നു!!"
വസുമതിപെങ്ങൾ തെച്ചിക്കോട്ടുകാവിനെ വാങ്ങിക്കുമ്പോൾ ഈ വാർത്ത അറിഞ്ഞിട്ടുണ്ടായിരുന്നോ എന്നറിയില്ല.
വിവാഹത്തിൽ പങ്കെടുത്ത ഞാൻ വീട്ടിലെത്തിയതും പിള്ളേർസംഘം എന്നെ വളഞ്ഞു. "പൊതിയിലെന്താ മാമൂട്ടാ"? മാമനെന്നും ചെറിയച്ഛനെന്നും ചേട്ടനെന്നുമൊക്കെ വിളിക്കുന്നതു കേട്ട്‌ എല്ലാവരും ചേർന്ന്‌ സ്നേഹബഹുമാനപൂർവ്വം എനിക്കിട്ട വിളിപ്പേരാണ്‌ "മാമൂട്ടൻ".
ഞാൻ പറഞ്ഞു "ഒരു സാധനം വസുമതിപെങ്ങൾ വാങ്ങിച്ചുതന്നതാ"
"ഞങ്ങടെ അച്ഛമ്മയോ?" പിള്ളേർ ഒച്ചവെച്ചു.
കുട്ടികളുടെ സംഘത്തിനു മുന്നിൽ ശിൽപം പുറത്തെടുത്തു കാണിച്ചു കൊടുത്തു. മൂത്തവൻ ഉറക്കെ വായിച്ചു 'തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രൻ'.
കാർത്തിയുടെ ഇരട്ടകളിലൊരുവൻ ചോദിച്ചു "മാമൂട്ടാ ഇത്‌ ഞങ്ങൾക്ക്‌ തർവ്വോ?" മണികണ്ഠന്റെ പെണ്ണ്‌ കരഞ്ഞു നോക്കി "ഞങ്ങടെ മുറിയിലേക്ക്‌ ആനയെ തർവ്വോ?" "കുമാരിയുടെ പാവത്തിനു കളിക്കാൻ കൊടുക്കണമെന്നാ എന്റെ അഭിപ്രായം" അമ്മ ഇടപെടുന്നു. ഒന്നും വേണ്ട. ഇവൻ ഉമ്മറത്തു തന്നെ കാവലാളായിരിക്കട്ടെ.
പൂമുഖത്തെ വട്ടമേശയിലാണ്‌ രാമചന്ദ്രനെ പ്രതിഷ്ഠിച്ചതു. "ഒരാളും തൊട്ടുപോവരുത്ത്‌" ഞാൻ കൽപ്പിച്ചു. അതിനുമുമ്പ്‌ അച്ഛന്റേയും നാരായണിമുത്തശ്ശിയുടേയും മുറിയിൽകൊണ്ടുപോയി കാണിച്ചു. അവർ ഈശ്വരാ എന്നു ജപിച്ച്‌ തൊഴുതു.
എന്റെ ദിവസങ്ങൾ നാടകവും കഥാപ്രസംഗവുമൊക്കെയായി കടന്നുപോയി. ഇതിനിടെയാണ്‌ രാമചന്ദ്രൻ പ്രശ്നവുമായി കടന്നുവന്നത്‌. ഞങ്ങളുടെ മുറിയിലേക്ക്‌ അപ്രതീക്ഷിതമായി രാമചന്ദ്രൻ കടന്നുവന്നിരിക്കുന്നു.
ഒരു ദിവസം സാംബശിവന്റെ 'അഹല്യാമോക്ഷ'ത്തിനുപോയി തിരിച്ചെത്തിയപ്പോൾ എന്റെ മുറിയിൽ ഒരു മൂലയിൽ അതാ ഇരിക്കുന്നു എന്റെ സ്വകാര്യസ്വത്തുപോലെ സാക്ഷാൽ തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രൻ. ആരാണ്‌ പൊതുസ്വത്തിനെ സ്വകാര്യസ്വത്തായി മാറ്റിയത്‌? പോത്തിനെപ്പോലെ കിടന്നുറങ്ങുന്ന ഗിരിജയെ വിളിച്ചുണർത്തി ശണ്ഠയിട്ടു. അവർ പാതിമയക്കത്തിൽ പിച്ചുംപേയും പറഞ്ഞതോടെ രക്തം തിളച്ചു മറിഞ്ഞു. ക്ഷോഭം അതിന്റെ ഉയർന്ന സെന്റിഗ്രേഡിലെത്തി.
'ഹും നീയാണോ പൊതുസ്വത്ത്‌ കൊള്ളയടിച്ചതു' എന്നു നാവിൻതുമ്പിൽ വന്ന ചോദ്യം പരീഷ്കരിച്ചു. "ആനയെ സ്വകാര്യസ്വത്താക്കിയത്‌ നീയാണോ?" അവളുടെ കൂർക്കംവലിയാ
ണ്‌ മറുപടി. അവളുടെ കാതിൽ പിടിച്ചുഞ്ഞെരിച്ച്‌ ഉണർത്തിയപ്പോൾ അവൾ എഴുന്നേറ്റിരുന്നു.
"ഏതു സ്വരത്തിന്റെ കാര്യമാ"? അവൾ തലമാന്തിക്കൊണ്ട്‌ ചോദിച്ചു.
"എടീ നീയാണോ തെച്ചിക്കോട്ടുകാവിനെ നമ്മുടെ മുറിയിൽ കൊണ്ടുവന്നു വച്ചതു?"
"ൻഘാ! അതാണോ? കുട്ടി കരഞ്ഞപ്പോൾ കരച്ചിൽ മാറ്റാൻ എടുത്തോണ്ടു വന്നതാ" സാധാരണമട്ടിൽ അവൾ പറഞ്ഞു.
"അതെങ്ങിനെ നീ മാത്രമെടുക്കും? ആന പൊതുസ്വത്താണ്‌".
"ഏറ്റവും ചെറിയ കുട്ടി നമ്മുടേതല്ലേ? കുഞ്ഞു നിർത്താതെ കരഞ്ഞപ്പൊ നിവൃത്തിയില്ലാതെ എടുത്തത്താ."
ഗിരിജ ഉറക്കച്ചടവിലും യുക്തിപൂർവമാണ്‌ സംസാരിക്കുന്നത്‌ എന്നു തോന്നി. അവൾ കുട്ടിയെ മുൻപിൽ നിർത്തിയാണ്‌ കാര്യങ്ങൾ വിശകലനം ചെയ്യുന്നത്‌. അതിൽ തന്റെ ചോദ്യങ്ങൾ മുട്ടിത്തകരണമെന്ന്‌ അവൾ ആഗ്രഹിക്കുന്നുണ്ടാവണം.
എന്താണു പറയേണ്ടതെന്ന്‌ പെട്ടെന്ന്‌ നിശ്ചയമില്ല. പൂമുഖത്തെ മേശയിൽ നിന്ന്‌ ഒരാളും തൊട്ടുപോവരുത്ത്‌ എന്ന്‌ താൻ പുറപ്പെടുവിച്ച കല്ലേപ്പിളർക്കുന്ന കൽപന കാതിൽ മുഴങ്ങുന്നു.
"ആരാടീ നിന്നോടതെടുക്കാൻ പറഞ്ഞത്‌?"
അവളിപ്പോൾ ഒന്നും മിണ്ടുന്നില്ല. ഇതും അടവാണ്‌. സംസാരത്തിന്റെ രസതന്ത്രം നന്നായി അറിവുള്ളതുപോലെ നിശ്ശബ്ദത. അഹല്യാ മോക്ഷത്തിനിടയ്ക്ക്‌ സാംബശിവനും ഇതുപോലെ നിശ്ശബ്ദതകൾ സൃഷ്ടിച്ചതു ഓർമ്മ വന്നു.
അപ്പോഴാണ്‌ ശ്രദ്ധിച്ചതു തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രനെ തലകീഴായാണ്‌ ജനൽത്തിട്ടിൽ അവൾ വച്ചിരിക്കുന്നത്‌. ഇതിൽപരം അപമാനം പിന്നെന്തുണ്ട്‌?
അരിശം വലിയ തിരമാലയായി ഉച്ചസ്ഥായിലായി പടപടം വന്നടിച്ചു. ഷർട്ടഴിച്ച്‌ വലിച്ചെറിഞ്ഞിട്ടും ദേഷ്യം അടങ്ങിയില്ല. ഇവളെ അങ്ങിനെ വിട്ടാൽ പറ്റില്ല. മര്യാദ പഠിപ്പിച്ചിട്ടുതന്നെ കാര്യം. ബഷീറിന്റെ പൂവമ്പഴം ഓർമ്മ വന്നപ്പോൾ ശിക്ഷ തന്നെയാണ്‌ പരിഹാരമെന്ന്‌ ഉറപ്പായി.
"ആനയെ എടുത്ത്‌ പൂമുഖത്തുകൊണ്ടുപോയി വെക്കെടീ" അലർച്ചയായിരുന്നു. അലറാതെ പിന്നെ എന്തു ചെയ്യാൻ?
കോരമ്മേത്ത്‌ വീട്ടിലെ ജീവജാലങ്ങളെല്ലാം ഉണരുവാൻ പാകത്തിലുള്ള അലർച്ചയായിരുന്നു അത്‌. പക്ഷെ ഗിരിജ മാത്രം ഉണർന്നില്ല. അവൾ മല വീണതുപോലെ കിടപ്പാണ്‌. ഒന്നു കണ്ണുമിഴിച്ച്‌ വീണ്ടും ഉറക്കം. അതിനിടെ പറഞ്ഞു "ൻഘാ; ഞാൻ രാവിലെ വച്ചോളാം". എത്ര ലളിതമായാണ്‌ അവൾ കാര്യങ്ങളെ കാണുന്നത്‌. അല്ലെങ്കിലും സ്ത്രീകൾ ഇങ്ങനെയാണ്‌. എന്നും ചെറിയ ശബ്ദം കേട്ടാൽ ഉണരുന്ന മകൾ മുയ്യുമ്മുവും തൊട്ടിലിൽ കിടന്ന്‌ ഉറക്കമാണ്‌. പെൺജാതികൾക്കെല്ലാം ഉറങ്ങുമ്പോൾ ഒരേ സ്വഭാവമാണ്‌.
"അതുപോര ഇപ്പോകൊണ്ടോയ്‌ വെക്കണം.....ആനയെ വെച്ചിരിക്കുന്നതു കണ്ടില്ലേ....തലകീഴ്‌....." ഞാൻ പല്ലിറുമ്മുന്നതിന്റെ ശബ്ദം എനിക്കു തന്നെ വ്യക്തമായി കേൾക്കാം. ഇനിയും കടിച്ചാൽ സാധനം മുറിഞ്ഞുപോകും.
"നാളെ കൊണ്ടുപോയ്‌ വെക്കാമെന്നേ" അവൾ പുതപ്പുകൊണ്ട്‌ തലമൂടി. ഇനി ദൈവംതമ്പുരാൻ വിചാരിച്ചാലും ഇവളെ ഉണർത്തുവാൻ കഴിയില്ല.
കുറേ തട്ടുകയും മുട്ടുകയും ചെയ്തിട്ടും അവൾ ഉണരുന്നില്ല.
ഇതിനിടയിൽ കാർത്തിയും കുമാരിയും ഓരോ പ്രാവശ്യം മുറിക്കുപുറത്തുവന്ന്‌ വാതിലിൽ മുട്‌#​‍ി കാര്യമെന്താണെന്നു തിരക്കി. ഒന്നുമില്ലെന്നു പറഞ്ഞ്‌ അവരെ മടക്കി. തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രൻ തലകീഴായി കിടക്കുന്നത്‌ അവരാരെങ്കിലും അറിയുന്നുണ്ടോ?
സഹിക്ക വയ്യാഞ്ഞ്‌ ആനശിൽപമെടുത്ത്‌ ഉറങ്ങുന്ന അവളുടെ തലഭാഗം നോക്കി ഒരിടി കൊടുത്തു. വരുന്നതു വരട്ടെ. അവൾ ഞെട്ടിയുണർന്നെഴുന്നേറ്റു. അടുത്ത നിമിഷം ഇരുന്നുകൊണ്ടവൾ ഉറങ്ങാൻ തുടങ്ങി....
അവൾ ഉറക്കപ്രാന്തിൽ തെച്ചിക്കോടനെ എന്റെ കൈയിൽ നിന്നും വാങ്ങി ജനൽതിട്ടിൽ തലകീഴായി തന്നെ വച്ചു."നാളെ രാവിലെ തന്നെ വെച്ചേക്കാം" അവളിത്തിരി മയത്തിൽ പറഞ്ഞതുകൊണ്ട്‌ തണുത്തു.
ഞാൻ ശിൽപം നേരെയാക്കി വച്ചുകൊണ്ട്‌ കിടക്കുകയാണു ചെയ്തത്‌. ബഷീറിന്റെ പൂവമ്പഴം പോലൊന്നും നടക്കാത്തതിൽ ഖേദം തോന്നാതിരുന്നില്ല. ബഷീറിന്‌ ഇരുന്ന്‌ എഴുതിയാൽ മതി. എഴുതുകയാണെങ്കിൽ തോന്നുന്നപോലെയൊക്കെ എഴുതിവെക്കാം. ജീവിതത്തിൽ നടക്കുന്നതോ അതാവണമെന്നില്ല.
രാത്രി നല്ല മഴ പെയ്തിരുന്നു.
ഉറക്കത്തിനിടയിൽ ആരറിഞ്ഞു മഴയുടെ താണ്ഡവം?
രാവിലെ എഴുന്നേറ്റു നോക്കുമ്പോൾ അവൾ അടുക്കളയിലെത്തിയിരിക്കുന്നു. തെച്ചിക്കോട്ടുകാവിനെ പുമുഖത്തുകൊണ്ടുപോയി വച്ചിട്ടുണ്ടോ? ഞാൻ കൗതുകത്തോടും ഉദ്വേഗത്തോടും നോക്കി.
ജനൽതിട്ടിൽ അതാ ഇരിക്കുന്നു, അവൻ.
സൂക്ഷിച്ചു നോക്കിയപ്പോഴാണ്‌ മനസ്സിലായത്‌. മുകളിൽ നിന്നും മഴവെള്ളം ചോരുന്ന സ്ഥലത്താണ്‌ അവൻ നിന്നിരുന്നത്‌. മഴവെള്ളം വീണ്‌ തെച്ചിക്കോടന്റെ നിറമാകെ മാറിയിരിക്കുന്നു. കറുപ്പെല്ലാം അടർന്നുപോയി വെളുപ്പും തവിട്ടും നിറഞ്ഞ നിറമായിരിക്കുന്നു. ഇപ്പോൾ കണ്ടാൽ ആരും ഇവനെ തെച്ചിക്കോട്ടുകാവനെന്നു പറയുകയേ ഇല്ല.
കനത്തമഴയിൽ മുറിയിലും അവിടവിടെ വെള്ളം കെട്ടിക്കിടപ്പുണ്ട്‌. "ഗിരിജേ" എന്ന്‌ നീട്ടിവിളിച്ചേതേയുള്ളൂ. അവൾ അടുക്കളയിൽ നിന്ന്‌ ഓടി വന്നു.
"നീ മറന്നു"?
ഞാൻ കൊമ്പനായി. "ഹയ്യോ ഇപ്പൊ വെച്ചേക്കാം" അവൾ ആനശിൽപമെടുത്ത്‌, നനഞ്ഞുപോയല്ലോ എന്നു പറഞ്ഞുകൊണ്ട്‌ തുടച്ചു. ഇപ്പോൾ നല്ല വെളുപ്പു നിറമായ ആനയെ നോക്കി അവൾ പറഞ്ഞു "ഐരാവതം".
"ൻഘും" കൈകൊണ്ട്‌ പുറത്തുപോകാനുള്ള ആംഗ്യം കാണിച്ചപ്പോൾ അവൾ അതെടുത്ത്‌ പൂമുഖത്തേക്കു പോയി.
പിന്നീടാരും ഇപ്പോഴും പൂമുഖത്തുള്ള ശിൽപത്തെ തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രനെന്നു വിളിച്ചിട്ടില്ല. കുട്ടികളാരും തൊടാൻ പോലും കൂട്ടാക്കിയിട്ടില്ല. ആരുടേയും കരച്ചിൽ മാറ്റാൻ അവൻ ഉപകരിക്കപ്പെട്ടിട്ടില്ല. ഞാനെന്ന കൊമ്പൻമാത്രം അങ്ങോട്ടുമിങ്ങോട്ടും ഇറങ്ങുമ്പോൾ അവന്‌ സഹയാത്രികനു കൊടുക്കുന്ന സ്നേഹപൂർവ്വമായ സലാം കൊടുക്കാൻ മറക്കാറില്ലെന്നു മാത്രം.