Followers

Monday, July 2, 2012

വേദനിക്കുന്ന എഴുത്ത്

വി.പി.അഹമ്മദ്

വ്യക്തിപരവുംവി.പി.അഹമ്മദ് കുടുംബപരവുമായ ചില സംരംഭങ്ങളില്‍ വ്യാപൃതനായതിനാല്‍ ഒരു ഇടവേളയിലായിരുന്നു ഞാന്‍ . ഇവിടെ വന്നു ഒന്ന് തിരിഞ്ഞു നോക്കിയപ്പോള്‍ ആണ് മാസങ്ങള്‍ കടന്നു പോയത്‌ മനസ്സിലാവുന്നത്. സമയത്തിന്‍റെ വേഗത നമുക്കെല്ലാം അറിയാവുന്നതാണല്ലോ.


ബ്ലോഗുമായി ബന്ധപ്പെട്ട് പരിചയപ്പെട്ട ചില സുഹൃത്തുക്കള്‍ ഈയിടെ ഓണ്‍ ലൈനില്‍ കാണുമ്പോള്‍ പുതിയ പോസ്റ്റിനെ അന്വേഷിച്ചു തുടങ്ങിയിരുന്നു. തികച്ചും  മനസ്സിനിണങ്ങിയ ഒരു വിനോദവൃത്തി മാത്രമായാണ് ഞാന്‍  ബ്ലോഗ്‌ കാണുന്നത്. വിനോദവൃത്തിയാണെങ്കിലും, എഴുത്ത്   പല വിധത്തിലും ഉപകാരപ്രദവും ആവശ്യവും ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. നമ്മെ സ്വയം മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്താനും നമ്മുടെ ആശയാഭിപ്രായങ്ങള്‍ മറ്റുള്ളവരെ അറിയിക്കാനും അവരെ ആനന്ദിപ്പിക്കാനും ബ്ലോഗ്‌ എഴുത്ത് ഏറെ ഉതകുന്നു. വരുമാനമാര്‍ഗ്ഗമായും  ചിലര്‍ കാണുന്നുണ്ട് എന്നത് വിസ്മരിച്ചാല്‍ തന്നെ അതിന്‍റെ പ്രാധാന്യം വളരെ വലുതാണ്. എന്നിരിക്കിലും സമയബന്ധിതമായ കാര്യങ്ങള്‍ മാറ്റിവെച്ച്, അടിയന്തിരമായി ചെയ്യേണ്ട ഒന്നല്ല ഈ വിനോദം. ഉദാഹരണമായി, ബ്ലോഗിലേക്ക് ഒരു കഥയെഴുതുന്നത് ഒരിക്കലും നമ്മുടെ കര്‍മ്മപ്പട്ടികയില്‍ പ്രഥമ സ്ഥാനത്ത്‌ വരില്ല. പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടത് ആവശ്യം തന്നെ.


എഴുത്ത് വളരെയധികം ഊര്‍ജ്ജപ്രതിരോധം ആവശ്യമുള്ള വേദനാജനകമായ ഒരു പ്രക്രിയയാണ്. എളുപ്പത്തില്‍ ചെയ്തു തീര്‍ക്കാവുന്ന കാര്യമല്ല. അതിന്നായി മുന്‍കൂട്ടി സമയദൈര്‍ഘ്യം നിശ്ചയിക്കാന്‍ കഴിയില്ല. ശാരീരികവും മാനസികവും വൈകാരികവുമായ ഊര്‍ജ്ജം അനിവാര്യമാണ് എഴുത്തിന്.  ആസൂത്രണവും പുനപരിശോധനയും ആവര്‍ത്തിച്ചു വേണ്ട എഴുത്ത് ചിലപ്പോള്‍ ഒരു ചിന്താപ്രക്രിയ തന്നെയാണ്.


സമാന സ്വഭാവങ്ങളുള്ള   പ്രസംഗകലയും വായനയും അപേക്ഷിച്ചു എഴുത്തിന് അത്യാവശ്യമായി വേണ്ട അനുകൂല സാഹചര്യം വളരെ പ്രധാനമാണ്. നല്ല പരിസരം, ചുറ്റുപാട്, കാലാവസ്ഥ, സമയം, ഏകാഗ്രത, സ്വകാര്യത തുടങ്ങി ധാരാളം കാര്യങ്ങള്‍ എഴുത്തിനെ നിയന്ത്രിക്കുന്നു. വീട്ടിലെ സന്ദര്‍ശകമുറിയില്‍  കുടുംബാംഗങ്ങള്‍ക്കൊപ്പം സോഫയിലിരുന്നു ടി.വി. കണ്ടുകൊണ്ട് എഴുതുന്ന അവസ്ഥ ചിന്തിച്ചു നോക്കിയാല്‍ വസ്തുത ബോധ്യമാകും. മറ്റുള്ളവരുടെ ശ്രദ്ധയോടെയും നിരീക്ഷണത്തിലും എഴുതാന്‍ പ്രയാസമാണ്. പ്രശസ്ഥരായ  പല എഴുത്തുകാരും എഴുതാനുള്ള ഇടങ്ങള്‍ തേടി ദൂരദിക്കുകളിലേക്കും ഒറ്റപ്പെട്ട വിജനമായ വാസ സ്ഥലങ്ങളിലേക്കും യാത്ര തിരിക്കുന്നത് പതിവാണ്. (അയാള്‍ കഥ എഴുതുകയാണ്.....ഓര്‍ക്കുമല്ലോ).


എന്തെങ്കിലും എഴുതിക്കൂട്ടി മറ്റുള്ളവരുടെ സമയം കൂടെ നഷ്ടത്തിലാക്കുന്ന വിനോദം  അല്ല ഇവിടെ ഞാന്‍ ഉദ്ദേശിക്കുന്നത്. യാതൊരു തയാറെടുപ്പും കൂടാതെ മിനുട്ടുകള്‍ക്കുള്ളില്‍ ഒരു പ്രബന്ധം എഴുതി സമര്‍പ്പിച്ചതിനു ശേഷം വലിയ ഗ്രേഡ്‌ പ്രതീക്ഷിക്കുന്ന വിദ്യാര്‍ത്ഥി മോശം ഗ്രേഡ്‌ കിട്ടുമ്പോള്‍ അദ്ധ്യാപകന്‍ വിവരമില്ലാത്തവന്‍ ആണെന്നും അല്ലെങ്കില്‍ , തന്നെ ഇഷ്ടമില്ലാത്തവന്‍ ആണെന്നും വീട്ടില്‍ വന്ന് മാതാപിതാക്കളോട് പരാതി പറയുന്നത് പതിവാണ്. ധാരാളം എഴുതുകയും സമൂഹത്തില്‍ ഏറെ പ്രശംസിക്കപ്പെടുകയും ചെയ്ത എഴുത്തുകാര്‍ക്ക് പോലും പുതിയ ഒരു വിഷയം തുടങ്ങാന്‍ കഠിന പ്രയത്നം ആവശ്യമാണ് .


എഴുതുന്നതിനെ കുറിച്ച് ആധികാരികമായ ചിന്തയും വിഷയത്തില്‍ അവഗാഹവും ഉണ്ടാക്കുക, മനസ്സില്‍ ഉരുത്തിരിയുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് ഹിതമാകുന്ന വിധത്തില്‍ വാക്കുകളിലാക്കി പ്രദര്‍ശിപ്പിക്കുക, എഴുതാനുള്ള ഭാഷാപടുത്വം കൈവരിക്കുക, ചിന്തകളെ വേണ്ട വിധത്തില്‍ സമ ന്വയിപ്പിക്കുക തുടങ്ങിയ എഴുത്തുകാരന്‍റെ മുതല്‍കൂട്ടുകള്‍ ഞാന്‍ വിലമതിക്കുന്നു. അറിവ് നേടാനും സംശയ നിവാരണത്തിനും ആരെയും സമീപിക്കാന്‍ അവന്‍ മടിക്കില്ല. പറയാനുള്ള കാര്യം വളച്ചൊടിക്കാതെ നീണ്ട മുഖവുര കൂടാതെ എഴുതുക,  നക്കല്‍ തയാറാക്കിയതിനു ശേഷം വീണ്ടും വീണ്ടും ചിട്ടപ്പെടുത്തുക, എഴുത്തിനോട് ആത്മാര്‍ത്ഥത പുലര്‍ത്തുക, ധാരാളം വായിക്കുക, അതിലും കൂടുതലായി എഴുതുക ഇവയാണ് എഴുത്തുകാരന് വേണ്ടത്‌. മറ്റുള്ളവര്‍ എന്തും പറഞ്ഞോട്ടെ, ഞാന്‍ എഴുതും: ഈ ചിന്താഗതിയും.