രാംമോഹൻ പാലിയത്ത്
രാവിലെ 'ഗള്‍ഫ് ന്യൂസ്' എന്ന ഇംഗ്ലീഷ് പത്രം വരും. നാട്ടിലെപ്പോലെ ഒരു 'സെറ്റ്' പത്രമല്ല ഇവിടെ, പകരം പല സെറ്റുകളാണ്. എന്നു പറഞ്ഞാല്‍ സാധാപത്രങ്ങളുടെ വലിപ്പത്തിലുള്ള ഒരു മെയിന്‍ സെക്ഷന്‍, അതേ വലിപ്പത്തില്‍ത്തന്നെ ഒരു ബിസിനന്‍സ് സെക്ഷന്‍, അതേ വലിപ്പത്തില്‍ത്തന്നെ ഒരു സ്പോര്‍ട്സ് സെക്ഷന്‍, പിന്നെ ടാബ്ലോയ്ഡ് വലിപ്പത്തില്‍ ടാബ്ലോയ്ഡ് എന്ന പേരില്‍ത്തന്നെ കൊച്ചുവര്‍ത്തമാനങ്ങളുള്ള ഒരു സെറ്റ്, അതിനു പുറമേ ടാബ്ലോയ്ഡ് വലിപ്പത്തില്‍ മൂന്ന് സെറ്റ് ഫ്രീഹോള്‍ഡ് പ്രോപ്പര്‍ട്ടികള്‍, രണ്ട് സെറ്റ് പ്രോപ്പര്‍ട്ടികള്‍, രണ്ട് സെറ്റ് ക്ലാസിഫൈഡുകള്‍ - ഇത്രയും ചേര്‍ന്നതാണ് ഒരു സാധാരണ ദിവസത്തെ പത്രം.
പത്രം വീഴുന്ന ഒച്ച കേട്ടാല്‍ ചെന്ന് വാതില്‍ തുറന്ന് വാതില്‍ക്കല്‍ നിന്നുകൊണ്ടുതന്നെ അവസാനം പറഞ്ഞ 3 + 3 + 2 സെറ്റുകള്‍ പുറത്തുകളയും. തുറക്കുകപോലും ചെയ്യാതെ ഏതാണ്ട് അരക്കിലോയിലധികം ന്യൂസ്പ്രിന്റ് അങ്ങനെ ഞാനായിട്ട് വേസ്റ്റാക്കും. പരിസ്ഥിതിപീഡനത്തിന് എന്റെ പേര്‍ക്ക് ചിത്രഗുപ്തന്റെ എക്സെല്‍ ഷീറ്റില്‍ ചേര്‍ക്കപ്പെടുന്ന ഡെയിലി ക്വോട്ട. അച്ചടിമഷി, അധ്വാനം, ലോജിസ്റ്റിക്സ് തുടങ്ങിയ പാഴാക്കലുകള്‍ വേറെ. 'ഇ'ക്കാലത്തും ഇതിങ്ങനെ തുടരുന്നത് മഹാസങ്കടം തന്നെ.
ഭാഗ്യം, "സ്ഫുടതാരകള്‍ കൂരിരുട്ടിലുണ്ടിടയില്‍ ദ്വീപുകളുണ്ടു സിന്ധുവില്‍" എന്ന് കുമാരനാശാന്‍ പാടിയ പോലെ ചില പച്ച ന്യൂസുകള്‍ ഗള്‍ഫ് ന്യൂസിലുമുണ്ട്. ആഴ്ച തോറും ഒരു പേജ് പരിസ്ഥിതിപ്രണയത്തിന് നീക്കിവെച്ചിരിക്കുന്ന ഗള്‍ഫ് ന്യൂസിലെ ഇക്കഴിഞ്ഞയാഴ്ചത്തെ ഒരു പച്ച വാര്‍ത്ത ദുബായില്‍ നടക്കാന്‍ പോകുന്ന ഒരു ബോട്ട് റേസിനെപ്പറ്റിയാണ്. ദുബായ് ഫെസ്റ്റിവല്‍ സിറ്റിയ്ക്കുള്ളിലെ കൃത്രിമക്കനാലുകളില്‍ ഒക്ടോബര്‍ 24നും 25നും നടക്കുന്ന ഈ വഞ്ചിതുഴയല്‍ മത്സരത്തില്‍ റീസൈക്ക് ള്‍ഡ് മെറ്റീരിയലുകള്‍ കൊണ്ടുണ്ടാക്കിയ ബോട്ടുകള്‍ മാത്രമേ പങ്കെടുക്കൂ.
ചൈനയില്‍ കഴിഞ്ഞ വര്‍ഷം ഏതാണ്ട് ഇതേ സമയത്തുണ്ടായ വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷ നേടാന്‍ അവിടത്തുകാര്‍ ഉണ്ടാക്കിയെടുത്ത തരം ബോട്ടായിരിക്കും ദുബായിലെയും താരം എന്നാണ് ഗള്‍ഫ് ന്യൂസ് വാര്‍ത്ത പറയുന്നത്. പഴയ മിനറല്‍ വാട്ടര്‍ കുപ്പികള്‍ പ്ലാസ്റ്റിക് വലയില്‍ നിറച്ച് വലിയ ലൈഫ് ബോട്ടിന്റെ ആകൃതിയില്‍ വട്ടം കെട്ടിയുണ്ടാക്കിയ ബോട്ടുകളില്‍ ഒഴുകിനടന്നായിരുന്നു ചീനക്കാര്‍ വെള്ളപ്പൊക്കത്തെ നേരിട്ടത്. [2007 ഓഗസ്റ്റ് 29-ന് കിഴക്കന്‍ ചൈനയിലുള്ള Jiangsu പ്രോവിന്‍സിലെ Suzhou എന്ന സ്ഥലത്തെ ഒരു തെരുവില്‍ വെച്ചെടുത്തതാണ് ഇതോടൊപ്പമുള്ള റോയിട്ടര്‍ ചിത്രം]. ഇത്രയും വായിച്ചപ്പോള്‍ എന്റെയും ഗള്‍ഫ് ന്യൂസിന്റെയും ആയിരക്കണക്കിന് രൂപ മതിയ്ക്കുന്ന പാപസമ്പാദ്യത്തില്‍ നിന്ന് ഒന്നു രണ്ട് ചില്ലറത്തുട്ടുകള്‍ എടുത്തുമാറ്റിയതായി ഒരു വിഷ് ഫുള്‍ തിങ്കിംഗ്.
മിനറല്‍ വാട്ടര്‍ എന്ന പേരില്‍ വെള്ളം നിറച്ചുവരുന്ന പ്ലാസ്റ്റിക് കുപ്പികള്‍ നാടെങ്ങും പ്രചാരത്തിലായത് പെഴ്സണല്‍ കമ്പ്യൂട്ടറുകള്‍ വന്ന കാലത്തോടടുപ്പിച്ചായിരുന്നില്ലേ
ക്രോം എന്ന ബ്രൌസറിനു പിന്നാലെ എമ്മെസ് ഓഫീസിനോട് കിടപിടിയ്ക്കുന്ന സമാന സോഫ്റ്റ്വെയര്‍ പാക്കേജുകളും ഗൂഗ്ലമ്മായി എപ്പൊ എറക്കീന്ന് ചോയ്ച്ചാ മതീന്ന് ഇന്നലെ ബീബിസി റേഡിയോയില്‍ ഒരു സായിപ്പ് പറയുന്ന കേട്ടു. അതെല്ലാം നെറ്റ് അധിഷ്ഠിതമായിരിക്കുമെന്നും ആ സായിപ്പ് പറയുകയുണ്ടായി. അതായത് നമ്മുടെ എല്ലാ വേഡ്, എക്സെല്‍, പവര്‍പോയന്റ് ഇത്യാദി ഫയലുകള്‍ നെറ്റിലായിരിക്കും കുടികൊള്ളാന്‍ പോകുന്നത്. ഇപ്പൊത്തന്നെ ഗൂഗ്ല് ഡോക്സ് തുടങ്ങിയ സംരഭങ്ങള്‍ വിജയിച്ചതിലേയ്ക്കും സായിപ്പ് വിരല്‍ചൂണ്ടി. എന്തിന്, ഇതെല്ലാം നെറ്റില്‍ മാത്രം ഇരിക്കാന്‍ തുടങ്ങുമ്പോള്‍ അതായിരിക്കും പിസിയുടെ മരണം എന്നുവരെ പറഞ്ഞുകളഞ്ഞു ടിയാന്‍.