Followers

Saturday, October 29, 2011

പൂര്‍ണ്ണിമ


ഒരു ഗുജറാത്തി സാമൂഹ്യാഖ്യായിക
മൂലഗ്രന്ഥ കര്‍ത്താവ്‌ :- ശ്രീരമണ്‍ലാല്‍
തര്‍ജ്ജമ :- കെ. ബാലകൃഷ്ണശാസ്ത്രി

അദ്ധ്യായം - പന്ത്രണ്ട്‌


വേശ്യാലയത്തില്‍ വരുന്നവരുടെ നേരെ കവാടത്തില്‍ വച്ചു തന്നെ കത്തി നിവര്‍ത്തിക്കാണിക്കുകയോ അങ്ങെനെയാണ്‌ സ്വീകരിക്കുന്നതെന്നോ. വീണ്ടും അവിടെ വരാന്‍ പ്രോത്സാഹിപ്പിക്കുന്നതിന്‌ പകരം ഭീഷണിപ്പെടുത്തുകയോ ഇതെന്തു മറിമായം! ഇതില്‍ ഗൂഡമായ ഒന്ന്‌ അജ്ഞാതമായ ആരുടെയോ ഒക്കെ, സ്വാര്‍ത്ഥവിചാരം പതിയിരിക്കുന്നില്ലേ. ലോകത്തില്‍ സുലഭമായി കാണുന്നതു കനക കാമിനിമാര്‍ മൂലമുണ്ടാകുന്ന കലഹങ്ങളാണല്ലോ. പത്മനാഭണ്റ്റെ നേരെ ഓങ്ങിയ കത്തിയുടെ പശ്ചാത്തല ചരിത്രവും വേറെവിധത്തിലുള്ളതല്ല. രാജേശ്വരി ജനലിനരികെ സ്ഥാനം പിടിച്ചിട്ട്‌ അധിക ദിവസമായില്ല, അവളുടെ ജീവിതം ഇതുവരെ പരമപവിത്രമായിരുന്നു. തണ്റ്റെ ശരീരത്തിണ്റ്റെ പാവനത്വം നശിപ്പിക്കാന്‍ അവര്‍ ഒരുക്കമല്ലായിരുന്നു. എന്നാല്‍ അമ്മയുടെ അഭിലാഷം അവളെ ആര്‍ക്കെങ്കിലും അടിമപ്പെടുത്തണമെന്നും തണ്റ്റെ ചെറുപ്പക്കാലത്ത്‌ നല്ല ഗായികയെന്ന പേരുകേട്ടവളാണ്‌ ജാനകി. സ്വരമാധുര്യത്തില്‍ അവള്‍ പ്രസിദ്ധയുമായിരുന്നു. സൌന്ദര്യത്തിലും അവള്‍ ആരുടെയും പുറകിലല്ല.

പാട്ടും നൃത്തവും നല്ലവരുമാനമുള്ള തൊഴിലാണ്‌. എന്നാലും ചില സന്ദര്‍ഭങ്ങളില്‍ അവരുടെ ശരീരം ധനവാന്‍മാര്‍ക്ക്‌ കാഴ്ച വയ്ക്കേണ്ടിവരും. പാട്ടില്‍ ശോഭിക്കണമെങ്കില്‍ കഠിനമായ പരിശ്രമവും സംയമനവും അത്യാവശ്യമാണ്‌. ഇക്കൂട്ടരില്‍ ചിലര്‍ ഗായികയുടെ ജോലിയും ധനികരുടെ അടമത്വവും സ്വീകരിക്കാറുണ്ട്‌. ചിലരെ സംബന്ധിച്ചിടത്തോളം അവര്‍ക്കത്‌ അനിവാര്യമാണ്‌. ഇക്കൂട്ടര്‍ക്കുണ്ടാകുന്ന പെണ്‍കുട്ടികളേയും ഈ തൊഴില്‍ പഠിപ്പിക്കും. വിവാഹജീവിതം ഇവര്‍ക്ക്‌ സാധ്യമല്ല. മാന്യ സമുദായത്തിലുള്ളവരാരും ഇവരുടെ പെണ്‍കുട്ടികളെ വിവാഹം ചെയ്യുകയില്ല.


ദേവദാസിയാകുന്നതിലപ്പുറം അവര്‍ക്കു ജീവിതസുഖമില്ല. മാന്യസമുദായം അവര്‍ക്ക്‌ കല്‍പിച്ചു കൊടുത്തതാണ്‌ ആസ്ഥാനം. ജാനകി തണ്റ്റെ രണ്ടു പെണ്‍കുട്ടികളെയും സംഗീതം അഭ്യസിപ്പിച്ചു. വളരെ ശ്രദ്ധാപൂര്‍വ്വം അവരെ വളര്‍ത്തിക്കൊണ്ടു വന്നു. സംഗീതത്തോടൊപ്പം അവരെ സാമാന്യവിദ്യാഭ്യാസത്തിന്‌ വേണ്ടി പാഠശാലയില്‍ ചേര്‍ത്തു. അക്കാലത്ത്‌ പാട്ടുകാരികളുടെ വേശ്യകളുടെയോ കുട്ടികളെയോ മാന്യമാരുടെ കുട്ടികളോടൊപ്പം പാഠശാലകളില്‍ അധികൃതര്‍ ചേര്‍ക്കാന്‍ അനുവദിച്ചിരുന്നില്ല. ചിലപ്പോള്‍ ആ സ്കൂളില്‍ പഠിക്കുന്ന ഇന്നതകുല ജാതികളുടെയും ഈ കുട്ടികളുടെയും പിതാവ്‌ ഒന്നാകാന്‍ സാധ്യതയുണ്ട്‌. അവിടെ പഠിപ്പിക്കുന്ന മാന്യന്‍മാരായ അധ്യാപകരായിരിക്കും ഈ കുട്ടികളുടെ പിതാക്കന്‍മാര്‍. തണ്റ്റെ സ്കൂളില്‍ പഠിക്കുന്ന രണ്ട്‌ പെണ്‍കുട്ടികള്‍ വേശ്യാപുത്രികളാണെന്നു ആ സ്കൂളിലെ പ്രധാന അധ്യാപികയ്ക്കു മനസ്സിലായി.


പിതാവിന്റെ പേരറിഞ്ഞുകൂടാത്തതാണ്‌ കാരണം. നിര്‍ദോഷികളായ ആ കുട്ടികളെ വിനാ വിളംബരം നിഷ്കരുണം സ്കൂളില്‍ നിന്നും ഓടിച്ചു. ജാനകി പിന്‍മാറാന്‍ കൂട്ടാക്കിയില്ല. വേറെ ഒരു സ്കൂളില്‍ കുട്ടികളെ ചേര്‍ത്തു പഠിപ്പിക്കാന്‍ തുടങ്ങി. ലജ്ജാവതിയേക്കാള്‍ രണ്ട്‌ വയസ്സിന്‌ ഇളയവളാണ്‌ രാജേശ്വരി. മൂത്തവള്‍ക്ക്‌ പഠിപ്പിലും ഇളയവള്‍ക്ക്‌ സംഗീതത്തിലും കൂടുതല്‍ താല്‍പര്യം തോന്നി. ലജ്ജാവതി സ്മേരമുഖിയും വാചാലയുമായിരുന്നു. കൌമാരപ്രായംപിന്നിട്ട ലജ്ജാവതിക്ക്‌ പ്രകൃതിദേവി കലവറയില്ലാതെ അംഗലാവണ്യം ചൊരിഞ്ഞു കൊടുത്തു. ആരെയും ആകര്‍ഷിക്കുന്ന അവളുടെ നീലായത നേത്രങ്ങള്‍ സ്ഫടികക്കുപ്പിയിലിട്ട പരല്‍മീന്‍പോലെ സദാ പിടഞ്ഞു മണ്ടി നിന്നിരുന്നു. ആ സ്കൂളിലെ ഒരദ്ധ്യാപകന്‌ ലജ്ജാവതിയുമായി പ്രണയബന്ധമുണ്ടായി. അന്യോന്യം പ്രണയലേഖനങ്ങള്‍ കൈമാറി. തന്നെയുമല്ല രഹസ്യസംഗമങ്ങളും നടത്തിത്തുടങ്ങി.

അയാളവളെ വിവാഹം ചെയ്യാമെന്നും ഉറപ്പുകൊടുത്തു. എന്നാല്‍ അവളുടെ കുലപാരമ്പര്യം ഒരിക്കല്‍ അറിഞ്ഞു. അയാളുടെ കുലമഹിമ അതോടെ സടകുടഞ്ഞെണീറ്റു അയാള്‍ അവളില്‍ നിന്നകലാന്‍ തുടങ്ങി. പക്ഷേ ലജ്ജാവതി പിന്‍മാറാന്‍ കൂട്ടാക്കിയില്ല. അവര്‍ തമ്മില്‍ തര്‍ക്കമായി. സംഗതി പരസ്യമായി. അയാള്‍ കൈമലര്‍ത്തി. ലോകരുടെ മുമ്പില്‍ അയാള്‍ തണ്റ്റെ കുലമഹിമയും ആത്മാഭിമാനവും വെളിപ്പെടുത്താന്‍ തുടങ്ങി. തന്നെയല്ല തന്നെ വലവീശിപ്പിടിക്കാന്‍ ശ്രമിക്കുന്നു എന്ന ഒരു പുത്തന്‍ കുറ്റാരോപണവും അയാള്‍ ആ പെണ്‍കുട്ടിയില്‍ ചുമത്തി. ലജ്ജാവതിക്കു വാശികേറി. തനിക്കു, വിവാഹം ചെയ്യാമെന്നു സമ്മതിച്ചുകൊണ്ടയാള്‍ അയച്ച കത്തുകള്‍ വെളിച്ചത്ത്‌ കൊണ്ടുവന്നു. അതോടെ അധ്യാപകനെ അധികൃതര്‍ പുറത്താക്കി. അത്രയും കൊണ്ടും കാര്യം അവസാനിച്ചില്ല.


സ്കൂളിലെ ഇതര വിദ്യാര്‍ത്ഥികളുമായ ബന്ധവും വിച്ഛേദിക്കപ്പെട്ടു. അവസാനം, എന്തും പറയട്ടെ മാന്യന്‍മാരെ വലവീശിപ്പിടിക്കാന്‍ ശ്രമിച്ചു എന്ന മറ്റൊരു കുറ്റംകൂടി ഇവളിലാരോപിച്ചു ഈ കുട്ടികളെ അധികൃതര്‍ സ്കൂളില്‍ നിന്നും പുറത്താക്കി. ലജ്ജാവതിയുടെ വിദ്യാദാഹം അവിടംകൊണ്ടവസാനിച്ചില്ല. വീട്ടിലിരുന്നു പഠിക്കാന്‍ ആഗ്രഹിച്ചു. എന്നാല്‍ നല്ല കുടുംബത്തില്‍ ജനിച്ചവരെ അഭിമാനിക്കുന്നവരും സത്സ്വഭാവിയായി കരുതുന്നവരും പകല്‍ മാന്യന്‍മാരുമായ അധ്യാപകര്‍ അവളെ പഠിപ്പിക്കാന്‍ തയ്യാറായില്ല. സംഗീതാദ്ധ്യാപകനെ വരുത്തി പഠിപ്പിച്ചെങ്കിലും അവള്‍ക്കതില്‍ താല്‍പര്യം ഉണ്ടായില്ല. നോവല്‍വായിച്ചു ശീലിച്ച അവള്‍ നോവലില്‍ കാണുന്ന ഒരു ജീവിതമാണാഗ്രഹിച്ചത്‌. പഠിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടപ്പോ ഉന്നതകുലജാതരെന്നഭിമാനിക്കുന്ന ജനങ്ങളോടവള്‍ക്കു വെറുപ്പുതോന്നി. വെറുപ്പുപകയായിമാറി. പക അനുകൂലമായ അവസരം നോക്കിനിലയുറപ്പിച്ചു. വിവാഹം ചെയ്യാനാരും തയ്യാറായില്ല. പുരുഷന്‍മാരുടെ കാമാസക്തിക്ക്‌ നിത്യവും ഇരയാകും.


അല്ലെങ്കില്‍ ഏതെങ്കിലും ഒരു പ്രഭുവിണ്റ്റെ വെപ്പാട്ടി (ഉപഭാര്യാ പദവി)യാകും ഇതില്‍ കൂടുതലൊന്നും അന്നത്തെ സമുദായം അവള്‍ക്കു കല്‍പിച്ചനുവദിച്ചില്ല. ഇത്‌ മനസ്സിലാക്കിയ രൂപഗര്‍വ്വിഷ്ഠയായ ലജ്ജാവതി ആദ്യത്തെ മാര്‍ഗ്ഗം സ്വീകരിക്കാനുറച്ചു. പണവും സമ്പാദിക്കാം പകയും വീട്ടാം. പക്ഷേ ജാനകി ഇതിനെതിരായിരുന്നു. ഒന്നുകില്‍ പാട്ടുകാരിയായി ജീവിക്കണം. അല്ലെങ്കില്‍ ഉപഭാര്യാപദം സ്വീകരിക്കണം. 'നിത്യ കല്യാണി' ആകരുത്‌ ഇതാണ്‌ ജാനകി നിര്‍ദ്ദേശിച്ചത്‌. അമ്മയും മകളും തമ്മില്‍ തര്‍ക്കമായി. വാക്കേറ്റമായി അവസാനം അവര്‍ രണ്ടു പേരും തെറ്റിപ്പിരിഞ്ഞു. പുറത്ത്‌ പോയി മുറി വാടകയ്ക്കെടുത്ത്‌ തണ്റ്റെ ഇംഗിതം നിറവേറ്റാന്‍ തുടങ്ങി. മാന്യന്‍മാരെന്നു വീമ്പിളക്കുന്ന ഡാക്ടര്‍മാര്‍ വക്കീലന്‍മാര്‍, പ്രൊഫസര്‍മാര്‍ മുതലായവരും പ്രഭുക്കളും ഒളിഞ്ഞും പതുങ്ങിയും തണ്റ്റെ വീട്ടില്‍ വന്നു പഞ്ചാരവാക്കുകള്‍ പറഞ്ഞ്‌ ആഗ്രഹം നിറവേറ്റാന്‍ ഒരുങ്ങുമ്പോള്‍ അവരെ കുരങ്ങുകളിപ്പിച്ചശേഷം ചോദിക്കുന്ന പണം വസൂലാക്കുകയും അവരുടെ ഭാര്യമാരെക്കാള്‍ തനിക്കുള്ള മേന്‍മ അവരെക്കൊണ്ടു സമ്മതിപ്പിച്ചും അവരെ വിഡ്ഢികളാക്കുന്നതില്‍ അവര്‍ ആനന്ദം പൂണ്ടു, അവരോടുള്ള പകവീട്ടി.


സുന്ദരികളും പതിവ്രതകളും വിദ്യാസമ്പന്നകളും കുലീനകളുമായ ഭാര്യമാരെക്കാള്‍ തനിക്കുള്ള മാഹാത്മ്യം വെളിപ്പെടുത്തി, ഇങ്ങനെ പുരോഹിതന്‍മാര്‍, വിദ്യാര്‍ത്ഥികള്‍, സാഹിത്യകാരന്‍മാര്‍ വ്യവസായപ്രമുഖര്‍ തുടങ്ങിയവര്‍ അവള്‍ക്കടിമപ്പെട്ട്‌ അവളുടെ ദാസ്യവൃത്തിപോലും ചെയ്യാന്‍സന്നദ്ധരായിത്തീര്‍ന്ന്‌ ഇങ്ങനെ രൂപവതിയും വിദ്യാസമ്പന്നയും ആയ ലജ്ജാവതി തണ്റ്റെ നില ഭദ്രമാക്കിത്തീര്‍ത്തു. രാജേശ്വരിയുടെ സ്വഭാവം നേരെ മറിച്ചായിരുന്നു. അവള്‍ക്കാണ്‌ ലജ്ജാവതിയെന്നു പേരിട്ടുരന്നെങ്കില്‍ അത്‌ അന്വര്‍ത്ഥമായേനെ. അവള്‍ തണ്റ്റെ വികാരത്തിനും ശരീരത്തിനും വിവേകപൂര്‍വ്വം മഹത്വം നല്‍കി. അഭിമാനിയായിരുന്നു അവള്‍. ശാഠ്യക്കാരിയും, അവളുടെ ഈസ്വഭാവം അവളെ സംഗീതത്തിലേക്കു നയിച്ചു. ലജ്ജാവതി സംഗീതത്തില്‍ താല്‍പര്യം കാണിക്കാതിരുന്നപ്പോള്‍ ജാനകി അവളെ കഠിനമായി ശാസിച്ചിരുന്നു.


അപ്പോളൊക്കെ അവള്‍ കരഞ്ഞോ ശാഠ്യപിടിച്ചോ അമ്മയില്‍ നിന്നൊഴിഞ്ഞു നിന്നിരുന്നു. രാജേശ്വരിയാകട്ടെ അമ്മയുടെ ഇംഗിതം മനസ്സിലാക്കി അമ്മയെ അനുസരിച്ചു അവരുടെ സ്നേഹത്തിന്‌ പാത്രമായി നിന്നു. തനിക്കിഷ്ടമല്ലാത്ത കാര്യം വന്നാലും അമ്മയുടെ ഇഷ്ടം കണക്കാക്കി അമ്മയുടെ വെറുപ്പു സമ്പാദിക്കാതെ കഴിച്ചുകൂട്ടി. അപ്പോഴൊക്കെ അവളുടെ മുഖത്തെ വിഷാദഭാവം നിഴലിച്ചു നിന്നു. അത്‌ അധികനേരം നീണ്ടുപോന്നു. രാജേശ്വരിയുടെ ഗുരുനാഥന്‍മാര്‍, അവളുടെ വിനയം അനുസരണാശീലം, ശ്രദ്ധ ഇവ കണ്ട്‌ അതീവ സന്തുഷ്ടരായിത്തീര്‍ന്നു. പഠിപ്പിക്കാന്‍ വിഷമമുള്ള ഭാഗങ്ങള്‍ പോലും അനിതരസാധാരണമായ ഗ്രഹണശക്തി കൊണ്ടും ഉത്സാഹംകൊണ്ടും അവള്‍ക്ക്‌ സമര്‍ത്ഥയാകാന്‍ വിഷമമുണ്ടായില്ല. അവളുടെ കാര്യത്തില്‍ ഗുരുനാഥന്‍മാര്‍ക്ക്‌ അത്ഭുതവും അഭിമാനബോധവും ഉളവായി. ലജ്ജാവതിയുടെ നിര്‍ബ്ബന്ധ സ്വഭാവം രാജേശ്വരി ഇഷ്ടപ്പെട്ടില്ല.


തിരിയില്‍ നിന്നും കൊളുത്തിയ പന്തം പോലെ അനുക്ഷണം അവള്‍ ദീപ്തപ്രഭയായുയരുന്നതു കണ്ട്‌ ഗുരുനാഥന്‍മാര്‍ അവളെ അഭിനന്ദിക്കുകയും സ്വയം അഭിമാന കൃതാര്‍ത്ഥരാകുകയും ചെയ്തു വന്നു. ജാനകിപോകുന്ന സംഗീതക്കച്ചേരികളില്‍ ചെറുപ്പം മുതലേ രാജേശ്വരിയേയും കൊണ്ടുപോവുക പതിവാക്കി. ജനങ്ങളുടെ അപമര്യാദയായ പെരുമാറ്റം അവര്‍ ഇഷ്ടപ്പെട്ടില്ല. അപ്പോഴൊക്കെ അവള്‍ അതീവ ദുഃഖിതയായി കാണപ്പെട്ടു. സദസ്യന്‍ പലപ്പോഴും ജാനകിയോട്‌ നിര്‍ലജ്ജമായി പെരുമാറുന്നതവള്‍ കണ്ടിട്ടുണ്ട്‌. അപ്പോഴൊക്കെ സദസ്യരോടവള്‍ക്കുണ്ടാകുന്ന വെറുപ്പ്‌ മുഖഭാവത്താല്‍ വെളിപ്പെടുത്താനും അവള്‍ മടിച്ചില്ല. വളരെ തന്ത്രപൂര്‍വ്വമായാണ്‌ ജാനകി അവളെ സദിരുകളില്‍ പങ്കെടുപ്പിച്ചത്‌. കൌമാരപ്രായത്തില്‍ തന്നെ അവളുടെ സംഗീതമാധുരിയില്‍ മനം കുളിര്‍ത്ത്‌ രസിച്ചിരുന്ന ജനങ്ങള്‍ നവയൌവനവും വന്ന നാള്‍ തോറും വളരുന്ന അവളുടെ ആകാര സൌകുമാര്യം കണ്ട്‌ കാട്ടിക്കൂട്ടുന്ന കോമാളിത്തരങ്ങള്‍ അവള്‍ക്കസഹ്യമായിത്തോന്നി. തനിക്കപമാനകരമായി സദസ്യര്‍ കോമാളിത്തരങ്ങള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ അവള്‍ പാട്ടുനിര്‍ത്തുമായിരുന്നു.


കോപിച്ചിരിക്കാനും തുടങ്ങി. ആരംഭകാലങ്ങളില്‍ അവളെ ജാനകി കഠിനമായി ശാസിച്ചിരുന്നു. ഇതെന്ത്‌ പണിയാണ്‌ നീ ചെയ്തത്‌. നല്ല സമയം നോക്കിയല്ലേ നീ ഈ പണി ഒപ്പിച്ചത്‌. 'എനിക്കീ കൂട്ടരുടെ തെമ്മാടിത്തരം ഇഷ്ടമല്ലമ്മേ'അല്‍പം സ്വല്‍പം നമ്മളിതൊക്കെ സഹിക്കേണ്ടെ മോളെ, അല്ലാതെന്തു ചെയ്യും, ജീവിക്കണ്ടെ. ഇങ്ങനെ ജീവിക്കാതിരിക്കുന്നതാണ്‌ നല്ലത്‌. ഞാനീ ജീവിതം വെറുക്കുന്നമ്മേ". ജാനകി പിന്നീടൊന്നും പറഞ്ഞില്ല. ഒരിക്കല്‍ ഇടയ്ക്കു വച്ച്‌ പാട്ട്‌ നിര്‍ത്തിയപ്പോള്‍ ജാനകി അവളെ കഠിനമായി ശാസിച്ചു. ഒരിക്കല്‍ തല്ലാനൊരുങ്ങി. അവളിങ്ങനെ തുടങ്ങിയാല്‍ പാട്ടുകച്ചേരിക്കാരും വരാതാകും എന്നാണു ജാനകിയുടെ ഭയം! അമ്മയുടെ കടുത്തശാസനയോടെ അവളുടെ മനസ്സ്‌ കൂടുതല്‍ ദൃഢമായിത്തീര്‍ന്നു. അവള്‍ക്ക്‌ വാശികൂടി. ശ്രദ്ധിച്ചും ശ്രമിച്ചും ഒരു ഒന്നാംകിട പാട്ടുകാരിയുടെ നിലയിലവള്‍ എത്തിച്ചേര്‍ന്നു, സ്വന്തം ഗൃഹത്തില്‍ തന്നെ സംഗീത രസികര്‍ കൂട്ടം കൂടാന്‍ തുടങ്ങി.

അവളെ ഭയപ്പെടുത്തി തല്ലാനൊരുങ്ങിയതിണ്റ്റെ പിറ്റേദിവസത്തെ ഒരു സംഭവമാണവളെ ഈ പ്രഭാവത്തിന്‌ വഴി തെളിച്ചത്‌. ആ സന്ദര്‍ഭത്തില്‍ ജാനകി ഒരുപായമെടുത്തു. അവള്‍ തൊഴുകൈയ്യോടെ സദസ്യരോട്‌ പറഞ്ഞു. "യജമാനന്‍മാരെ, പെണ്‍കുട്ടിയുടെ നേരെ മര്യാദകേടായി ഒന്നും കാണിക്കരുതോ ഭയമുണ്ടാകണോ ഞങ്ങളോട്‌; കുട്ടി ഭയന്നു പാട്ട്‌ നിര്‍ത്തിക്കളയും!"പാട്ടുനിര്‍ത്താന്‍ തുനിഞ്ഞ രാജേശ്വരി അമ്മയുടെ ദയനീയമായ ഈ അപേക്ഷ കേട്ട്‌ മനസ്സലിഞ്ഞ്‌ വീണ്ടും പാടാന്‍ തുടങ്ങി. അവരുടെ ഒരേ ഒരുപജീവനമാണല്ലോ ഇത്‌. രണ്ട്‌ തബലകള്‍ മാര്‍ഗ്ഗം സഹായിക്കാന്‍ വേറെ ആരുമില്ല. അമ്മ പിന്നെ എന്ത്‌ ചെയ്യും മനുഷ്യരുടെ സ്വഭാവ വൈചിത്യ്രങ്ങള്‍ അവള്‍ മനസ്സിലാക്കി തുടങ്ങി. വിചാരശീലയായി. വിഷമഘട്ടങ്ങളെ ധൈര്യപൂര്‍വ്വം നേരിടാനവള്‍ ഉറച്ചു.

ആരെന്ന്‌ പറഞ്ഞാലും കാണിച്ചാലും കേട്ടില്ല കണ്ടില്ല എന്ന മട്ടില്‍ തണ്റ്റെ ജോലി ഭംഗിയായി ചെയ്തു തുടങ്ങി. ജാനകി വിചാരിച്ചു താന്‍ അവളെ അടിക്കാന്‍ ഒരുങ്ങിയതു കൊണ്ടാണ്‌ ഈ ഭാവമാറ്റം രാജേശ്വരിക്കുണ്ടായതെന്ന്‌,പുരുഷവര്‍ഗ്ഗത്തെ രാജേശ്വരി മനസ്സിലാക്കിക്കഴിഞ്ഞു. തണ്റ്റെ പാട്ട്‌ കേട്ടാനന്ദിക്കാന്‍ വരുന്ന ജനങ്ങള്‍ തന്നില്‍ നിന്നെന്താണാഗ്രഹിക്കുന്നതെന്ന്‌ അവള്‍ ധരിച്ചു കഴിഞ്ഞു. ഭിന്നരൂപത്തിലാണെങ്കിലും രണ്ട്‌ സഹോദരിമാരും പുരുഷവര്‍ഗ്ഗത്തെ വെറുത്തും ലജ്ജാവതി പുരുഷന്‍മാരോടുള്ള തിരസ്കാരത്തിന്‌ ഉഗ്രരൂപം കൊടുത്തും വികാര തീവ്രതയോടെ അവളോടടുക്കുന്നവര്‍ക്കു അവള്‍ സര്‍വ്വനാശം വരുത്തും. എന്നാല്‍ രാജേശ്വരിയാകട്ടെ സൌമ്യരൂപത്തില്‍ പുരുഷന്‍മാരില്‍ നിന്നും അകന്നു നിന്നു.