ഹരിദാസ് വളമംഗലം
ഇലകളും പൂക്കളും ചൂടി നില്‍ക്കുന്നതാര്
മലയോരങ്ങളില്‍ മഴനനയുന്ന
മനോജ്ഞമേനിയാരുടേത്
ജലദലങ്ങളില്‍ കാറ്റുവരയ്ക്കുന്ന
ചിത്രമാരുടേത്
തിരയില്‍ നിന്ന് തിരയിലേക്ക്
പകരുന്ന പാട്ടാരുടേത്
ഉഷസ്സായി തെളിയുന്ന
മുഖമാരുടേത്
അസ്തമയമായി ലയം കൊള്ളുന്നതാര്
അനാദിയുടെ മലയിറങ്ങി
നദീതീരങ്ങള്‍താണ്ടി
നടന്നുവരുന്നതാര്
വെയിലിണ്റ്റെ വിഭൂതിയിലും
വിരിയുന്ന വെള്ളിലകളിലും
ആകാശത്തിന്റെ നീലയിലും
കാണുന്നതാരെ
വഴികളില്‍ വിളക്കായി
വിളങ്ങുന്നതാര്
പൂമരമായിപൂക്കുന്നതാര്
ഫലമായികാഴ്ക്കുന്നതാര്
കടല്‍പ്പച്ചയുടെയും
വനനീലയുടെയും
ആഴങ്ങളില്‍
ഒളിഞ്ഞിരിക്കുന്ന സ്വകാര്യം
ആരുടേത്
ഹൃദയത്തിലിരുന്ന്
ആദിതാളമായി
തുടിക്കുന്നതാര്
പാദങ്ങളില്‍തുടരുന്ന
പ്രയാണം ആരുടേത്
ശ്വാസോഛ്വാസത്തില്‍
ഹംസമായി പറന്നുനടക്കുന്നതാര്
പൊള്ളലുകളില്‍ പാരിജാതമായി
വിരിയുന്നതാര്
തരിശുകളില്‍ ശലഭങ്ങളായി
പരക്കുന്നതാര്
പച്ചോലകളില്‍ സാന്ത്വനമായി
തലോടുന്നതാര്