Followers

Saturday, October 29, 2011

അത്ഭുതങ്ങള്‍ സംഭവിക്കുന്നത്‌



ഇ. വാസു

മാംസത്തില്‍ കമ്പികോര്‍ത്തിട്ടും ചിരിക്കാന്‍ ബാദ്ധ്യസ്ഥനായ തൂക്കുവഴിപാടുകാരണ്റ്റെ ചിരിയാണ്‌ എണ്റ്റേത്‌. 20 കൊല്ലം മുമ്പ്‌ ഒരു ആഗസ്റ്റുമാസം. ആ ആഗസ്റ്റു 15 നു ഞാന്‍ റാഞ്ചിയിലാണ്‌. ഇന്നത്തെ ഝാര്‍ഖണ്ട്‌ സംസ്ഥാനത്തിണ്റ്റെ തലസ്ഥാനമായ റാഞ്ചിയില്‍ (ബീഹാര്‍) തണ്റ്റെ താമസസ്ഥലത്തുവച്ചു മിനറല്‍ എക്സ്പ്ളൊറേഷന്‍ കോര്‍പ്പറേഷന്‍ അസിസ്റ്റണ്റ്റായ ജോണി എന്നോടു ചോദിച്ചു. "ഇനി എന്താണ്‌ നിങ്ങള്‍ ചെയ്യാന്‍ പോകുന്നത്‌?" റാഞ്ചിയിലെ ഒരു ചാരിറ്റി ഹോസ്പിറ്റലായ മോഡി നഗര്‍ മല്‍സേവാസദനില്‍ എണ്റ്റെ മൂത്ത മകന്‍ ബോധമറ്റ്‌ കിടക്കുന്നു. ചുറ്റും അവണ്റ്റെ മലയാളികളല്ലാത്ത സഹപ്രവര്‍ത്തകര്‍ മാത്രമുണ്ട്‌.

മൂന്നുദിവസം മുമ്പ്‌ തിരുവനന്തപുരത്തുനിന്നും മദിരാശിക്കു വിമാനം കയറിയതാണ്‌ അവണ്റ്റെ അമ്മയും അനുജനും, കല്‍ക്കത്ത വഴി രണ്ടുദിവസം മുമ്പ്‌ അവര്‍ ആശുപത്രിയില്‍ എത്തേണ്ടതായിരുന്നു. അവരെ സംബന്ധിച്ച വിവരമൊന്നുമില്ല. കല്‍ക്കത്തയില്‍ നിന്നു റാഞ്ചിക്ക്‌ ആഴ്ചയില്‍ രണ്ടു ദിവസം മാത്രമേ വിമാനമുള്ളു. തിരുവനന്തപുരത്തു നിന്ന്‌ ആരെയൊക്കെയോ കണ്ട്‌ അവരെ കയറ്റി അയച്ച ഡോക്ടര്‍ മുരളീകൃഷ്ണയും അവര്‍ ഉടനെ എത്തുമെന്ന്‌ ഉറപ്പിച്ചു പറയുന്നു. ബൊക്കാറോ എക്സ്പ്രസ്‌ വരാനുള്ള സമയമായി. അതില്‍ ഉണ്ടാകും എന്നത്‌ ഒരു പ്രതീക്ഷമാത്രമാണ്‌. ധാതുപര്യവേഷണം നടത്തുന്ന കോര്‍പ്പറേഷനിലെ സഹപ്രവര്‍ത്തകര്‍ മകണ്റ്റെ ശുശ്രൂഷയ്ക്കായി രാവും പകലുമുണ്ട്‌. പ്രതീക്ഷയ്ക്ക്‌ വകയില്ലെന്നു കണ്ട്‌ അടുത്തവീട്ടിലേക്ക്‌ ലൈറ്റ്നിങ്ങ്‌ കോള്‍ വിളിച്ചാണ്‌ അമ്മ എങ്ങനെയെങ്കിലും കഴിയുന്നത്ര വേഗം എത്തണമെന്നു കോര്‍പ്പറേഷന്‍ മാനേജിംഗ്‌ ഡയറക്ടര്‍ ആശുപത്രിയില്‍വച്ചു പറഞ്ഞത്‌. സ്റ്റേഷനില്‍ മദിരാശിയില്‍ നിന്നും റാഞ്ചി വഴിപോകുന്ന ബൊക്കാറോ എക്സ്പ്രസ്‌ വന്നു.

റാഞ്ചി എവിടെയാണെന്നറിയാത്തതുകൊണ്ടു കല്‍ക്കത്തയ്ക്കുള്ള വണ്ടിയില്‍ ഖരഗ്പൂരില്‍നിന്നു മാറിക്കയറി ഒന്നര മാസം മുമ്പാണ്‌ അവന്‍ ജോലിക്കു ചേര്‍ന്നത്‌. പഠിത്തത്തില്‍ വലിയ ശുഷ്കാന്തി കാണിക്കാത്ത മകന്‍ അണ്ണാമല യൂണിവേഴ്സിറ്റിയില്‍നിന്നു എം.എസ്‌.സി രണ്ടാം റാങ്കോടെ പാസായെങ്കിലും ആദ്യത്തെ കൂടിക്കാഴ്ചയില്‍ തന്നെ ഓഫീസര്‍ ട്രെയിനിയായി തിരഞ്ഞെടുക്കപ്പെട്ടത്‌ അപ്രതീക്ഷിതമായിരുന്നു. പ്രതികൂലമായ സാഹചര്യത്തില്‍ ഞെരുങ്ങിക്കഴിയുന്നു. മൂന്നിടത്തായി പഠിക്കുന്ന മുന്നുമക്കളില്‍ ഒരാള്‍ക്ക്‌ ജോലി കിട്ടി എന്നത്‌ ഭാഗ്യമായിക്കരുതിയതാണ്‌. ഞാന്‍ ആറുമാസത്തിനിടയ്ക്ക്‌ പെന്‍ഷന്‍ പറ്റും. വേറെ വിശേഷിച്ച്‌ വരുമാന മാര്‍ഗ്ഗങ്ങളുമില്ല. സര്‍വ്വീസ്‌ എന്നും മുള്‍ക്കിരീടമായിരുന്നു. ൧൦ വര്‍ഷം ഗ്രാമവികസനവകുപ്പില്‍ ഡെപ്യൂട്ടേഷനില്‍ കഴിഞ്ഞു.

ചെയ്യാന്‍ ധാരാളം ജോലിയും അതിനുള്ള അംഗീകാരവും ഉള്ളതിനാല്‍ അവിടെ കഴിയുന്നതിനിടയ്ക്കാണ്‌ പബ്ളിക്‌ റിലേഷന്‍സ്‌ വകുപ്പിലേക്കു തിരിച്ചു പോകേണ്ടി വന്നത്‌. "ആറുമാസംകൂടി ഇവിടെത്തന്നെ കഴിഞ്ഞു പിരിയുന്ന പക്ഷം പെന്‍ഷനില്‍ ആജീവനാന്തം വര്‍ദ്ധനവുണ്ടാകും. മന്ത്രിയോടു പറഞ്ഞു നോക്കരുതോ വാസുവിന്‌?" ഗ്രാമവികസനകമ്മീഷണര്‍ ശ്രീമതി.ജെ.ലളിതാംബിക എന്നോടു ചോദിച്ചു. പെന്‍ഷനിലെ വര്‍ദ്ധനവ്‌ മാത്രമല്ല വീട്ടിലെ ഫോണ്‍, ഫീല്‍ഡ്‌ വര്‍ക്ക്‌, ശമ്പളത്തിലും ഗണ്യമായ കുറുവുണ്ടാകും. നഷ്ടങ്ങള്‍ പലവിധം! എനിക്കു പക്ഷേ അവിടെ തുടരണമെന്നു ആഗ്രഹമില്ലെന്നറിയിച്ചു. വ്യക്തിപരമായ നേട്ടങ്ങള്‍ക്ക്‌ മന്ത്രിമാരെ കാണരുത്‌ എന്നോരുദ്ദേശ്യവുമുണ്ട്‌. മന്ത്രി ശ്രീ.ശിവദാസമേനോനാണ്‌. അദ്ദേഹത്തിണ്റ്റെ പിതാവ്‌ ഞങ്ങളുടെ ഫാറോക്കിലെ ജന്‍മിയുടെ കാര്യസ്ഥനായിരുന്നു.

പാലക്കാട്ടു നിന്നു ജയിച്ച മേനോനെപ്പറ്റി അവിടെ ജോലിചെയ്തിരുന്ന കാലത്തു ഞാന്‍ കേട്ടിട്ടില്ല. മന്ത്രിക്ക്‌ എന്നെപ്പറ്റി ജീവനക്കാരുടെ ഒരു സംഘടന അന്യായഹര്‍ജി സമര്‍പ്പിച്ചത്‌ അറിയാമായിരുന്നു. ഒരു പ്രത്യേക വകുപ്പില്‍ നിന്നു മറ്റൊന്നില്‍ ജോലി ചെയ്യുന്നവരെ ചാരനെന്നപോലെയാണ്‌ കരുതുക.10 വര്‍ഷം അവിടെത്തന്നെ നിന്നത്‌ ഞാന്‍ അപേക്ഷിച്ചു ചെന്നതല്ല എന്ന ബലത്തിലാണ്‌. പബ്ളിക്‌ റിലേഷന്‍സില്‍ 'ജനപഥം' എഡിറ്റര്‍ എന്ന നിലയില്‍ അനഭിമതനായി കഴിയുന്ന അവസരം. അവാര്‍ഡ്‌ സ്പെഷ്യല്‍ പതിപ്പ്‌ സിനിമാതാരങ്ങളുടെ പടം ഇല്ലാതെ ഒരു കലാശില്‍പം മുഖചിത്രമായി പ്രസിദ്ധീകരിച്ചു എന്നതായിരുന്നു എണ്റ്റെ ഒടുവിലത്തെ കുറ്റം. മന്ത്രിക്കും സെക്രട്ടറിക്കും ഡയറക്ടര്‍ക്കും ഞാന്‍ കണ്ണിലെ കരടായി. ഡിസൈനറും പ്രശസ്ത കാര്‍ട്ടൂണിസ്റ്റുമായ പി.വി.കൃഷ്ണനെക്കൊണ്ടാണ്‌ മുഖചിത്രം തയ്യാറാക്കിച്ചത്‌.


സര്‍ക്കാരിന്‌ അതുകൊണ്ടു ലാഭമേ ഉള്ളൂ. വിഷണ്ണനായിരിക്കുമ്പോള്‍ ഓഫര്‍ വന്നു ഗ്രാമവികസനം പുഷ്ടിപ്പെടുത്താന്‍ സെക്രട്ടറിയേറ്റിലെ സീറ്റ്‌ വിട്ട്‌ വഴുതക്കാട്ടെ ഇരിക്കാന്‍ സ്റ്റൂള്‍ പോലുമില്ലാത്ത ആഫീസിലേക്കു ഡവലപ്മെണ്റ്റ്‌ കമ്മീഷണര്‍ ശ്രീ.ടി.പി.ബാലഗോപാലന്‍ ക്ഷണിച്ചപ്പോള്‍ ഞാന്‍ പോയി. അവിടെ 'ഗ്രാമഭൂമി' എന്ന സര്‍ക്കാര്‍ മാസിക പരസ്യം പിടിച്ച്‌ 'ലാഭനഷ്ടം' കൂടാതെ 25,000 ഇറക്കണം!അതു സാധ്യമാണ്‌ എന്ന നിലയില്‍ 10 കൊല്ലം പിന്നിട്ടപ്പോഴാണ്‌ ഞാന്‍ വകുപ്പിനെതിരെ ഒരു പ്രമുഖ പത്രത്തില്‍ ലേഖനം എഴുതി എന്ന ആക്ഷേപം മന്ത്രിക്കും സെക്രട്ടറിക്കും ലഭിച്ചത്‌. 'ലേഖനത്തില്‍ ആക്ഷേപാര്‍ഹമായി എന്തെങ്കിലും ഉണ്ടോ?'ഒരു എഴുത്തുകാരി കൂടിയായ ശ്രീമതി ലളിതാംബികയോട്‌ ഞാന്‍ ചോദിച്ചു. "ഇല്ല എങ്കിലും... പക്ഷേ-"ഗ്രാമവികസന പരിപാടിക്ക്‌ കേന്ദ്രം നേരിട്ട്‌ പഞ്ചായത്തുകള്‍ക്കു പണം നല്‍കുന്നു. കരാറുകാരെ കൊണ്ടല്ല പൊതുജനപങ്കാളിത്തത്തോടെ ഗുണഭോക്താക്കളുടെ നോമിനിയാണ്‌ ജോലി നടത്തേണ്ടത്‌.

അതു പ്രചരിപ്പിച്ചിരുന്നത്‌ ജീവനക്കാരുടെ താല്‍പര്യത്തിന്‌ എതിരാണെന്ന്‌ എനിക്കു മനസ്സിലായി. രാഷ്ട്രീയക്കാരുടെ ഉപജീവനമാര്‍ഗ്ഗം സംരക്ഷിക്കുന്ന മന്ത്രിയുടെ താത്പര്യവും വേറെയാകുന്നു. മന്ത്രി ഗ്രാമവികസനത്തിനൊപ്പം വൈദ്യുതി കൂടി നോക്കുന്ന ആളാണ്‌. മുമ്പ്‌ വകുപ്പു കൈകാര്യം ചെയ്തിരുന്ന ഷണ്‍മുഖദാസും രമേശ്‌ ചെന്നിത്തലയും പി.കെ.വേലായുധനുമെല്ലാം ഡല്‍ഹിയില്‍ മന്ത്രിമാരുടെ സമ്മേളനത്തിനു സെക്രട്ടറിയെക്കൂടാതെ എന്നെയും കൂട്ടിക്കൊണ്ടു പോകുമായിരുന്നു.

ഗ്രാമതലത്തിന്റെ മാതൃകാപ്രോജക്ടുകള്‍ ഏറ്റെടുത്ത്‌ നടത്തേണ്ട മന്ത്രി ശിവദാസമേനോനെ കാണുന്നതുപോലും ബുദ്ധിമുട്ടായിരുന്നു. അദ്ദേഹം വൈദ്യുതി മന്ത്രിയായാണ്‌ കൂടുതല്‍ അറിയപ്പെടുന്നത്‌. അങ്ങനെ ഒന്നും ചെയ്യാനില്ലാത്ത പബ്ളിക്‌ റിലേഷന്‍സ്‌ വകുപ്പില്‍ തിരിച്ചെത്തിയപ്പോഴാണ്‌ റാഞ്ചിയില്‍ നിന്നും ഫോണ്‍ വന്നത്‌. നാഗ്പൂരില്‍ രണ്ടാഴ്ച പരിശീലനം കഴിഞ്ഞു വന്ന മകന്‍ മഞ്ഞപ്പിത്തം പിടിച്ച്‌ കിടപ്പാണ്‌. അഡ്മിറ്റു ചെയ്ത ആശുപത്രിയില്‍ ചികിത്സ പോരെന്നു തോന്നി ലോഡ്ജില്‍ത്തന്നെയുണ്ട്‌. ഞാന്‍ കൊല്ലം മധുര മദിരാശി വഴി റാഞ്ചിയിലെത്തിയത്‌ രണ്ടു ദിവസം യാത്ര ചെയ്താണ്‌. തന്നെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകണമെന്നു ഫോണില്‍ വിളിച്ചു പറഞ്ഞ മകന്‍ പുതപ്പിനകത്ത്‌ പിച്ചുംപേയും പറയുന്നതാണ്‌ കണ്ടത്‌. എന്നെ കണ്ട ഉടന്‍ "ഞാന്‍ മരിച്ചു പോകുമെന്നാണ്‌ അച്ഛാ തോന്നുന്നത്‌" എന്നു പറഞ്ഞതും ചോര ഛര്‍ദ്ദിച്ചതും ഒന്നിച്ചായിരുന്നു. ഝാര്‍ഖണ്ട്‌ മുക്തിമോര്‍ച്ചയും വര്‍ഗ്ഗീയ ലഹളകളും കടുത്ത ദാരിദ്രവുമാണ്‌ ബീഹാറിണ്റ്റെ സുഖവാസ കേന്ദ്രമായ റാഞ്ചിയില്‍. മുറുക്കാന്‍ കടകളെക്കാള്‍ കൂടുതല്‍ അവിടെ മരുന്നു കടകളാണ്‌. കമ്പനി മാനേജര്‍ ഹരിറാം കൊണ്ടുപോയത്‌ നഗര്‍മല്‍ സേവാസദന്‍ ഹോസ്പിറ്റലിലേക്കാണ്‌. മുറിയില്‍ അഡ്മിറ്റു ചെയ്തതും ഒരു മല്‍പ്പിടുത്തത്തിനു ശേഷം താഴെ വീണു മകന്‍ ഡ്രിപ്പിനു വിധേയനായതും വേഗം കഴിഞ്ഞു. മദിരാശിയില്‍ നിന്നു ബൊക്കാറോവിലേക്കുള്ള വണ്ടി പകുതിയും ഒഴിഞ്ഞ കമ്പാര്‍ട്ടുമെണ്റ്റുകളുമായി വന്നു.

ജോണിയും ഞാനും ഓരോ മൂലയും അരിച്ചു പെറുക്കി. ലവല്‍ ക്രോസിലും ഓവര്‍ ബ്രിഡ്ജിലും തിരക്കി നടന്നു. ആരും ഇല്ല. ഇനി എന്താണ്‌ വേണ്ടത്‌? ചെയ്യാന്‍ പോകുന്നത്‌? ഞങ്ങള്‍ ആശുപത്രിയില്‍ തിരിച്ചെത്തുന്നതും കാത്തു നില്‍ക്കുന്നവര്‍ പല സംസ്ഥാനങ്ങളിലേക്കു ഖനനത്തിനു പോകാനുള്ളവരാണ്‌. ആശുപത്രിയുടെ മൂന്നുനില കയറിയെങ്കിലേ ഫോണ്‍ ചെയ്യാനാവൂ. അതിനിടയ്ക്ക്‌ എറണാകുളത്തു നിന്നും തിരുവനന്തപുരത്തും നിന്നും അന്വേഷണങ്ങള്‍. വിദഗ്ധ ഡോക്ടര്‍മാര്‍ വരുന്നുണ്ട്‌. പരിശോധന കഴിഞ്ഞു പോകുമ്പോള്‍ "മൈ ഫീസ്‌ ഹണ്‍ഡ്രഡ്‌ റുപ്പീസ്‌" എന്നു ചോദിച്ചുവാങ്ങുന്നുണ്ട്‌. ചെയ്യാനുള്ളതെല്ലാം അവര്‍ ചെയ്തിരിക്കുന്നു. മരുന്നിനു വേണ്ടി അര്‍ദ്ധരാത്രിയും ഓടാന്‍ ഉറക്കമൊഴിഞ്ഞു നില്‍ക്കുന്ന സഹപ്രവര്‍ത്തകര്‍. കൌശിക്കും സിന്‍ഹയും തരുണ്‍കുമാറും ഹിന്ദിയിലാണ്‌ സംസാരിക്കുന്നത്‌. ജോണി അത്‌ എനിക്കു പറഞ്ഞു തരാന്‍ വിമുഖനാണ്‌. ദേഹമാസകലം കുഴലുകളുമായി കണ്ണ്‌ കറുത്ത തുണികൊണ്ടു മൂടി മകന്‍ നല്ല മുഖപ്രസാദത്തോടെയാണ്‌ ശ്വാസംവിടുന്നത്‌. വിരി നനഞ്ഞു കൊണ്ടിരുന്നു. അവന്‌ അമ്മയും അനുജനും എവിടെപ്പോയെന്നോ അനുജത്തിയുടെ പരീക്ഷക്കാര്യമോ അറിയണ്ട. രാവും പകലും തിരിച്ചറിയാതെ, തീനാളങ്ങള്‍ക്കു നടുവിലായ അവസ്ഥ. അടുത്ത മുറികളിലെ തേങ്ങിക്കരച്ചില്‍. ഓട്ടോറിക്ഷയില്‍ പുറത്തേക്കു നീങ്ങുന്ന ശവപ്പെട്ടികളും രാത്രി വിളറിവെളുക്കുന്നതും നോക്കിനിന്നു. താഴെ പെട്ടിക്കടയില്‍ നിന്നു ചായ കൊണ്ടു വരുന്ന വജ്രംഗദള്‍ ഡ്രിപ്പു കൊടുക്കാന്‍ സഹായിച്ചു. ഒടുവില്‍ ഡോക്ടര്‍ അതു തുറന്നു പറഞ്ഞു. മറ്റേതെങ്കിലും ആസ്പത്രിയിലേക്കു കൊണ്ടു പോകാം.

കല്‍ക്കത്തയ്ക്കോ മദിരാശിക്കോ. പക്ഷേ എങ്ങനെ കൊണ്ടു പോകും?അതിജീവനത്തിനുള്ള സാധ്യത എവിടെയായാലും 10 ശതമാനം. ഇനി എല്ലാം നിങ്ങളുടെ സാമ്പത്തിക സ്ഥിതിപോലെ. മരണം മോഡി ഹോസ്പിറ്റലില്‍ നിന്നു പരിശീലനം ലഭിച്ച കരടിയെപ്പോലെയാണ്‌ പരാക്രമം കാണിച്ചത്‌. രണ്ടു പോം വഴികള്‍ കൂടി അവശേഷിക്കുന്നുണ്ട്‌. ഒന്നു പ്രാര്‍ത്ഥന.അതു നാട്ടില്‍നിന്നുള്ള ഫോണ്‍ വിളികളായും വിലാപമായും വല്ലപ്പോഴും എത്തുന്നുണ്ട്‌. മണിക്കൂറുകളോളം കറക്കിയാല്‍ മാത്രം കിട്ടുന്ന ഫോണിലൂടെ പബ്ളിക്‌ റിലേഷന്‍സ്‌ ഡയറക്ടര്‍ ജയറാമും മുരളീകൃഷ്ണയും എ.എം.വാസുദേവന്‍പിള്ളയും വിവരം തിരക്കുന്നുണ്ട്‌. മകനെ അമ്മ ഉറക്കെ ചെവിയില്‍ വിളിച്ചു നോക്കുക. രണ്ടാമത്തെ പോംവഴി അതാണ്‌. എത്ര ദിവസമാണ്‌ ഒരു ട്രെയ്നി ഒന്നും അറിയാതെ ആശുപത്രിക്കിടക്കയില്‍ നിസ്സംഗനായി കിടക്കുക? ഏറ്റവും പ്രിയപ്പെട്ടവര്‍ വിളിക്കണം. അതിന്‌ അമ്മ എവിടെ? മകള്‍ വീട്ടില്‍ തന്നെയുണ്ടെന്നു അടുത്ത വീട്ടില്‍ വിളിച്ച്‌ ഉറപ്പുവരുത്തിക്കൊണ്ടിരുന്നു. ജ്യേഷ്ഠന്‍ അബോധാവസ്ഥയിലാണെന്ന വിവരം ഒരു പത്രം തൃശൂരില്‍ നിന്നു തെറ്റായി നല്‍കിയ വാര്‍ത്തയില്‍ നിന്നാണ്‌ അവള്‍ അറിയുന്നത്‌. "മകനെ കാണാന്‍ റാഞ്ചിയിലെ പബ്ളിക്‌ റിലേഷന്‍സ്‌ ഡെപ്യൂട്ടി ഡയറക്ടര്‍ ആശുപത്രിയില്‍ ആസന്നാവസ്ഥയില്‍" എന്നതായിരുന്നു എല്ലാ എഡീഷനുകളിലും പല ദിവസങ്ങളായി വന്ന വാര്‍ത്ത. പബ്ളിക്‌ റിലേഷന്‍സിലേക്കു എന്നെ തിരിച്ചയയ്ക്കാന്‍ കാരണമായ 'മിഡില്‍' പ്രസിദ്ധപ്പെടുത്തിയ പത്രത്തില്‍ത്തന്നെയാണ്‌ അതും വന്നത്‌. നാലാം ദിവസം ആദ്യത്തെ അത്ഭുതം സംഭവിച്ചു.

കല്‍ക്കത്തിയില്‍ വിമാനം ഇറങ്ങിയവര്‍ വണ്ടിയിലും ബസിലും പിന്നോട്ടു സഞ്ചരിച്ച്‌ വന്നെത്തി. നഗര്‍മല്‍ ആശുപത്രിയിലെ ജനറല്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കത്തക്ക തളര്‍ച്ചയിലാണ്‌ വന്നത്‌. മദിരാശിയിലും കല്‍ക്കത്തയിലുമുണ്ടായ എയല്‍ലൈന്‍സ്‌ സമരത്തില്‍ പെട്ടുപോയതായിരുന്നു. കേരളത്തില്‍ ഗ്രാമങ്ങളിലൊഴികെ ദാരിദ്യ്രമൊന്നുമില്ലെന്ന്‌ റാഞ്ചിയില്‍ ൧൫ പേരെ കയറ്റുന്ന ഓട്ടോറിക്ഷയില്‍ കയറി മനസ്സിലാക്കാം. ധാതു സമ്പത്തു കൊണ്ട്‌ അനുഗൃഹീതമാണു നഗരം. നഗര്‍മല്‍ ആശുപത്രിയെപ്പറ്റി ബസ്സിലുള്ളവര്‍ പറഞ്ഞത്‌"അതു മരിക്കാനുള്ള ആശുപത്രി" എന്നാണത്രെ.

കാര്‍ഡുബോര്‍ഡു പെട്ടിയിലാണ്‌ മൃതദേഹങ്ങള്‍ തടാകക്കര വിട്ടു അപ്രത്യക്ഷമായി കൊണ്ടിരുന്നത്‌. തടാകം നിറഞ്ഞ മലിനജലമാണ്‌ വേലിയേറ്റവും ഇറക്കവും സൃഷ്ടിക്കുന്നത്‌. "ഒന്നും പറയാന്‍ വയ്യ. മഞ്ഞപ്പിത്തം ഏതൊക്കെ അവയവങ്ങളെ തളര്‍ത്തും എന്നറിയില്ല". ഓരോ അരമണിക്കൂറും ഇടവിട്ട ഇഞ്ചക്ഷനും ഗുളികയ്ക്കും പുറമെ റാഞ്ചിയിലെ സിദ്ധവൈദ്യന്‍മാരെ സമീപിച്ച്‌ പച്ചമരുന്നു ശേഖരിച്ചു കൊണ്ടുവരുന്നത്‌ ശൂരനാട്ടുകാരന്‍ ജോണിയാണ്‌. ജോണിക്കു ശുഭപ്രതീക്ഷയുണ്ടെങ്കിലും വീണ്ടും ചോദ്യം ആവര്‍ത്തിച്ചു. "ഇനി എന്തു ചെയ്യാനാണ്‌ പോകുന്നത്‌?"എന്തു മറുപടി നല്‍കണം. എനിക്കാരുമില്ലല്ലോ സ്നേഹിതാ!ഒരാഴ്ച കാത്തിരുന്ന ശേഷം രണ്ടാമത്തെ മകന്‍ തൃശൂരിലെ കോളേജിലേക്കു മടങ്ങി.

പതിനേഴാം ദിവസം മെഡിക്കല്‍ ഷോപ്പിലെ ബില്ല്‌ കൊടുക്കാന്‍ മകണ്റ്റെ പെട്ടി തപ്പിക്കൊണ്ടിരിക്കുമ്പോഴാണ്‌ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പ്രൊഫസര്‍ എം.നരേന്ദ്രനാഥിണ്റ്റെ ഫോണ്‍ വരുന്നത്‌. ഡോ.നരേന്ദ്രന്‍ കോഴിക്കോട്ടെ എണ്റ്റെ ബന്ധുവായിരുന്നെങ്കിലും ഞാന്‍ പരിചയപ്പെട്ടിരുന്നില്ല. പ്രൊഫസര്‍ എ.എം.വാസുദേവന്‍പിള്ളയും കവി സുന്ദരം ധനുവച്ചപുരവും ചേര്‍ന്നു രോഗവിവരം അറിയാന്‍ വിളിപ്പിക്കുകയായിരുന്നു. പ്രതീക്ഷകള്‍ എല്ലാം അസ്തമിച്ചു. റാത്തുറോഡിലെ കടയില്‍ നിന്നു പുറത്തേക്കൊഴിക്കുന്ന കഞ്ഞിവെള്ളം വരെ ഫ്ളാസ്കില്‍ ശേഖരിച്ചു.

തുടര്‍ച്ചയായ കിടപ്പ്‌ സ്റ്റെറോയ്ഡ്‌ ചെലുത്തിയിട്ടും അവണ്റ്റെ ശരീരം അസ്ഥികൂടമായിട്ടുണ്ട്‌. അമ്മ എത്ര വിളിച്ചിട്ടും ഇമ അനക്കുന്നില്ല. ഒഴിഞ്ഞ കുപ്പികള്‍ മുറിയില്‍ നിറഞ്ഞു. നാട്ടിലുള്ളവരോട്‌ ഇനി ഒന്നും അറിയിക്കാനില്ല. എന്നിട്ടും തളര്‍ന്ന കാലുകള്‍ വലിച്ചിഴച്ച്‌ ഫോണിനടുത്തേക്കോടി. ആശുപത്രിയില്‍ രാത്രി കാവലിരുന്ന മാന്‍കെയും ഗുപ്തയും ഓടിവന്നത്‌ രണ്ടാമത്തെ അത്ഭുതമായിരുന്നു. അമ്മയുടെ വിളി മകന്‍ അവസാനം കേട്ടു. മകന്‍ കണ്ണു തുറന്നു. കാഴ്ചയ്ക്കു കേടു പറ്റാതിരിക്കാന്‍ കെട്ടിവച്ച പഞ്ഞി നീക്കി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. ജോണി ചന്ദനത്തിരിക്കു തിരികൊളുത്തുന്ന തിരക്കിലായിരുന്നു. "ഇനി പേടിക്കാനില്ല." എല്ലാം ശരിയാകും. ഡോക്ടര്‍ നരേന്ദ്രന്‍ ഫോണ്‍ വച്ചു. നാലുമാസത്തെ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ നരേന്ദ്രനാഥിണ്റ്റെ ചികിത്സ കഴിഞ്ഞ്‌ ബീഹാറിലും മധ്യപ്രദേശിലുമൊക്കെ ട്രെയിനിയായി അലയുമ്പോള്‍ ഏതെങ്കിലും ബൂത്തില്‍ നിന്നു മകന്‍ എന്നെ ഇങ്ങോട്ടു വിളിക്കാറുണ്ട്‌. അതു ഞാന്‍ ജീവനോടെയുണ്ടോ എന്നറിയാനാണ്‌.



* 12 കൊല്ലം കഴിഞ്ഞ്‌ അതില്‍ "സ്നേഹപൂര്‍വ്വം നാഥുറാം" എന്ന എന്റെ കഥ പ്രസിദ്ധപ്പെടുത്തിയ 'കുറ്റ'ത്തിന്‌ എനിക്കു പകരം കവി എസ്‌. രമേശനെ അസംബ്ളിയില്‍ വെച്ചു സസ്പെന്‍ഡു ചെയ്തു.