Followers

Saturday, October 29, 2011

അശാന്തിയുടെ ശില്‍പോദ്യാനം


സി. വി. വിജയകുമാർ

മാത്യൂ നെല്ലിക്കുന്നിന്റെ രചനകളെപ്പറ്റി ഒരു വിചാരം

‍പൂര്‍ണ്ണമായും കേരളീയ പശ്ചാത്തലത്തിലെഴുതിയ നോവലാണ്‌ പത്മവ്യൂഹം. പ്രത്യേകിച്ചും കേരളീയ ഹിന്ദു ജീവിതപരിസരങ്ങളെയാണ്‌ അത്‌ അനാവരണം ചെയ്യുന്നത്‌. ഒന്നിന്‌ പിറകെ ഒന്നായി രവീന്ദ്രന്‍ എന്ന ചെറുപ്പക്കാരന്‍ അനുഭവിക്കുന്ന ദുരന്തങ്ങളുടെ കഥകൂടിയാണിത്‌. വായനയുടെ ഒറ്റപ്പെട്ടുപോകുന്ന വഴികളില്‍ വച്ച്‌ രവീന്ദ്രണ്റ്റെ ദുരന്തം അയാളുടെ മാത്രം ദുരന്തമല്ലെന്ന ഒരുറച്ച വിശ്വാസം നമ്മില്‍ ബലം പ്രാപിച്ചു വരുന്നു. കാരണം ഏതൊരെഴുത്തുകാരനും അവണ്റ്റെ എഴുത്തിടങ്ങളെ രൂപപ്പെടുത്തുന്നത്‌ അവണ്റ്റെ ജീവിത പരിസരങ്ങളെ പ്രത്യാവിഷ്ക്കരിച്ചുകൊണ്ടാണ്‌.

അപ്പോള്‍ സ്വാഭാവികമായും ഈ എഴുത്തുകാരനും അങ്ങനെയാകാതിരിക്കാന്‍ തരമില്ല. സ്വന്തക്കാരെപ്പറ്റി കഥയെഴുതുന്നവനെന്നൊരു പരാതി തന്നെപ്പറ്റിയുണ്ടെന്ന്‌ 'കാഥികണ്റ്റെ പണിപ്പുരയില്‍' എം. ടി. പറഞ്ഞത്‌ ഈ അവസരത്തില്‍ ഓര്‍ത്തുപോകുന്നു. മാത്യു അങ്ങനെ ഒരാളാണെന്ന്‌ ഇവിടെ അര്‍ത്ഥമാക്കുന്നില്ല. സ്വന്തം ജീവിതത്തിണ്റ്റെ കാലുഷ്യങ്ങളെയും ചുറ്റുപാടുമുള്ളവരുടെ സംഘര്‍ഷഭരിതമായ മനസ്സിനെയും പരസ്പരം ബന്ധിപ്പിച്ചാണ്‌ ഏതൊരെഴുത്തുകാരനും രചന നിര്‍വ്വഹിക്കുന്നത്‌. അതിലൊരു പ്രതികാരത്തിണ്റ്റെ സംതൃപ്തി അയാള്‍ അനുഭവിക്കും. അത്‌, നശ്വരമാകുന്ന ജീവിതത്തെ വിസ്മൃതിയുടെ ഇരുട്ടില്‍ നിന്നും വിമോചിപ്പിക്കാനുള്ള ശ്രമത്തില്‍ താന്‍ വിജയിക്കുന്നതിലുള്ള സംതൃപ്തിയാണ്‌. ജീവിതത്തില്‍ ഊറിക്കൂടി വരുന്ന കാലുഷ്യങ്ങളെ കവിതകളാക്കി കോരിക്കുടിച്ച്‌ പാഴ്നരയൊട്ട്‌ പകരം വീട്ടി രസിക്കുകയാണ്‌ താനെന്ന്‌ വൈലോപ്പിള്ളി പാടിയതിണ്റ്റെ പൊരുളും ഇതുതന്നെ. അങ്ങനെ, പ്രതിജനഭിന്ന വിചിത്രമായ ജീവിതത്തെ പ്രത്യാവിഷ്ക്കരിക്കുകയാണ്‌ ലോകത്തെവിടെയുമുള്ള എഴുത്തുകാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്‌. അവരുടെ വികാരത്തില്‍ കാലദേശാതീതമായൊരു സാര്‍വ്വലൌകികതയുണ്ടായിരിക്കും. വികാരങ്ങളെ ഏറ്റവും ആത്മാര്‍ത്ഥമായ സ്ഥായിയില്‍ അവതരിപ്പിക്കുക എന്നതാണ്‌ പ്രധാനം. ബാല്യകാല സഖിയില്‍ ബഷീര്‍ ചെയ്തത്‌ അതാണ്‌.


പ്രണയത്തിന്റെ രാസശേഷിയെ ഏറ്റവും തീഷ്ണമായ ജ്വാലയില്‍ പരീക്ഷിച്ചറിയാനുള്ള ശ്രമമായിരുന്നു ബാല്യകാലസഖി. അതുകൊണ്ടാണ്‌ എം. പി. പോള്‍ അതിനെ ജീവിതത്തില്‍ നിന്നും ചീന്തിയെടുത്ത ഒരേടാണെന്ന്‌ വിലയിരുത്തിയത്‌. മാത്രമല്ല സൂക്ഷിച്ചുനോക്കിയാല്‍ വാക്കുകളുടെ വക്കില്‍ ചോര പൊടിയുന്നത്‌ കാണാമെന്നും അദ്ദേഹം വായനക്കാരോട്‌ സത്യം ചെയ്ത്‌ പറഞ്ഞു. ഇങ്ങനെ കാലത്തിണ്റ്റെ ശിരസ്സില്‍ അസ്തിത്വത്തിണ്റ്റെ കിരീടം നാട്ടുമ്പോഴാണ്‌ എഴുത്തുകാരന്‍ തണ്റ്റെ 'കെട്ട ജീവിത'ത്തിന്‌ മേല്‍ സര്‍ഗ്ഗജീവിതത്തെ സ്ഥാപിക്കുന്നത്‌. 'കെട്ട്‌ ജീവിതം'എന്ന്‌ വൈലോപ്പിള്ളി പാടിയതും ഈ അകമ്പൊരുള്‍ മനസ്സിലാക്കിക്കൊണ്ടു തന്നെ. ഇതിനര്‍ത്ഥം എഴുത്തെന്ന്‌ ഒറ്റവഴിയേയുള്ളൂ എന്നാണ്‌. അതാണവണ്റ്റെ രക്ഷാമാര്‍ഗ്ഗം ഇതറിയുന്നതിനാലാണ്‌ മാത്യുനെല്ലിക്കുന്നിനും എഴുതാതിരിക്കാന്‍ നിര്‍വ്വാഹമില്ലാതാകുന്നത്‌. ദുരന്തോന്‍മുഖമായ പ്രസാദാത്മകതമാത്യുനെല്ലിക്കുന്നിണ്റ്റെ രചനകളിലെ എഴുത്തുപറയേണ്ട മറ്റൊരു സവിശേഷതയായി തോന്നുന്നത്‌ അതിണ്റ്റെ ദുരന്താത്മകമായ ശുഭപ്രതീക്ഷയാണ്‌. അതായത്‌ പ്രസാദാത്മകമായൊരു ജീവിതാവബോധം വളരെ നിഗൂഢമായി അത്‌ പ്രസരിപ്പിക്കുന്നു. ജീവിതത്തില്‍ അവസാനമായി പ്രത്യാശയുടെ ഒരു ഇരുത്തുണ്ടാവുമെന്നയാള്‍ വിശ്വസിക്കുന്നു.

പുരുഷന്‌ പൂമാര്‍ത്ഥനാശകങ്ങളായ നഷ്ടങ്ങളുണ്ടാവുമ്പോള്‍ അഭയം പ്രാപിക്കാനുള്ള ഈ തുരുത്തില്‍ ആത്മാന്വേഷകനായി അവനെ അവിടെ എത്തിക്കാനുള്ള ബോധപൂര്‍വ്വമായൊരു ശ്രമമെന്ന്‌ വേണമെങ്കില്‍ അതിനെ പറയാം. സൂര്യവെളിച്ചത്തിലെ തോമയും പത്മവ്യൂഹത്തിലെ രവീന്ദ്രനും ഒടുവില്‍ അവിടേയ്ക്ക്‌ തന്നെയാണ്‌ നയിക്കപ്പെടുന്നത്‌. വാസ്തവത്തില്‍, ഇത്‌ എഴുത്തുകാരണ്റ്റെ തന്നെ വ്യക്തിസത്തയിലെ മുഖ്യമായൊരാന്തര പ്രേരണയാണ്‌. ദുഃഖക്കടലിലെ ഏറ്റവും വലിയ ശാന്തതീരമായി ആത്മീയതയെ ഉയര്‍ത്തികാട്ടാനുള്ള ശ്രമം ഈ ആന്തരസത്തയുടെ അനര്‍ഗള പ്രേരണയില്‍ നിന്നുണ്ടാകുന്നത്‌ തന്നെ, ഒരു പക്ഷേ മാത്യു ഒരുപാസകനോ സാധകനോ ആയിരിക്കാനിടയുണ്ട്‌. എഴുത്തിണ്റ്റെ സമഗ്രഭാവത്തിനുള്ളില്‍ അങ്ങനെയൊരു ജ്യോതിരാത്മ പ്രകാശം ലയിച്ചുകിടക്കുന്നതിണ്റ്റെ സൂക്ഷ്മകിരണകാന്തിയിലൂടെ പലപ്പോഴും അതു വെളിപ്പെടുന്നുണ്ട്‌.


പത്മവ്യൂഹമെന്ന നോവലില്‍ അതിണ്റ്റെ പ്രത്യക്ഷസ്വരൂപത്തെ ആശ്രയിക്കുന്ന രവീന്ദ്രന്‍ വാസനാബന്ധം പോലെ തണ്റ്റെ പൂര്‍വ്വ കാമുകിയായ രാധികയെ തേടുന്നുണ്ട്‌. സൂര്യവെളിച്ചത്തിലെ നായകനും ഇതേ വഴിക്കുള്ള അന്വേഷണത്തില്‍ സാഫല്യമടയുന്നുണ്ട്‌. ആത്മീയതയും ലൌകീകതയും തമ്മിലുള്ള ഈ പിടിവലിയില്‍ ഒരു ഒളിച്ചോട്ടപ്രവണതയുടെ സത്യസ്ഥിതി കൂടിയുണ്ടെന്ന്‌ പറയാതെ തരമില്ല. കാരണം പരിണത പ്രജ്ഞമായൊരു സാക്ഷാല്‍ക്കാര ത്വരയിലൂടെയല്ല ഇവരാരും സന്യാസമെന്ന സംയക്കായി നിരാസത്തിലേക്ക്‌ പ്രവേശിക്കുന്നത്‌ എന്നതാണ്‌.

ഭൌതിക തൃഷ്ണകള്‍ക്ക്‌ ആത്മപിണ്ഡം വയ്ക്കുന്നവണ്റ്റെ ഈ വനാന്തരത്തിലേക്ക്‌ ആകര്‍ഷകമായി നടന്നുപോകുന്നവന്‌ പിന്നെ പൂര്‍വ്വാശ്രമബോധം ഉണ്ടാവാന്‍ പാടില്ലല്ലോ. ഇതുമായി കൂട്ടിചേര്‍ത്തുകൊണ്ട്‌ ഇവിടെ ചര്‍ച്ച ചെയ്യേണ്ട ഒരു പ്രധാനവിഷയമുണ്ട്‌. അത്‌ രണ്ടുതരം ജീവിതവീക്ഷണങ്ങളുടെ വൈരുദ്ധ്യാത്മകതയെ പറ്റിയാണ്‌. ഒന്ന്‌ തീര്‍ത്തും ഭൌതികവാദപരവും മറ്റേത്‌ ആത്മാന്വേഷണത്തിണ്റ്റെ വഴികള്‍ കൂടിയുള്ള ഭൌതികതയുടേതും. അതാണ്‌ ഭാരതീയമാര്‍ഗ്ഗം. ഈ മാര്‍ഗ്ഗത്തില്‍ ജീവിതത്തിന്‌ ശരിയായ ലക്ഷ്യബോധം കല്‍പ്പിക്കപ്പെട്ടിട്ടുമുണ്ട്‌. പത്മവ്യൂഹത്തിലെ രവീന്ദ്രണ്റ്റെ അന്തരാത്മാവില്‍ ഈ ഭാരതീയ തത്ത്വദര്‍ശനത്തിണ്റ്റെ പത്മപരാഗങ്ങളാണ്‌ പതിഞ്ഞുകിടക്കുന്നത്‌. സുഖങ്ങള്‍ വെറും ജാലകമാണെന്ന പക്വത അയാള്‍ സ്വന്തം അനുഭവങ്ങളുടെ പാഠശാലയില്‍ നിന്നാണ്‌ പഠിക്കുന്നത്‌.

ഇങ്ങനെ പരിശോധിക്കുമ്പോള്‍ മാത്യു നെല്ലിക്കുന്നിണ്റ്റെ എഴുത്ത്‌ ഈ രണ്ടുതരം ജീവിത വീക്ഷണങ്ങളുടെ വൈരുദ്ധ്യാത്മക സംഘര്‍ഷത്തിണ്റ്റെ രത്നസാക്ഷ്യങ്ങളാണെന്ന്‌ ചുരുക്കിപ്പറയാം. അതിണ്റ്റെ ഏറ്റവും നിഗൂഢമായ അന്തര്‍ധാര ആത്മാന്വേഷണത്തിലേക്ക്‌ ലക്ഷ്യം വയ്ക്കുന്നതും. പത്മവ്യൂഹം എന്ന നോവല്‍ മനുഷ്യ ദുഃഖങ്ങളുടെ പരഭാഗശോഭ തിളങ്ങുന്ന ശാന്തതീരമാണ്‌ തേടുന്നത്‌.