bhanu kalarickal
ഇരുട്ട് മുഴുവന്‍ കൊത്തിവിഴുങ്ങി
കറുത്തുപോയ കാക്കകള്‍
കാ കാ എന്നലറിക്കരഞ്ഞപ്പോഴാണ്
നേരം പുലര്‍ന്നത്
അല്ലാതെ
അങ്കവാലന്‍ കോഴിയുടെ
സ്വരമാധുര്യം കൊണ്ടല്ല
കടല് കൊത്തി പറക്കുന്ന കാക്ക
നിങ്ങളോട് ഒരു സത്യം വിളിച്ചു പറയുന്നു.
കാകന്‍ കണ്ണുകള്‍ ഒന്നും കാണാതിരിക്കുന്നില്ല
നീ വലിച്ചെറിഞ്ഞ അഴുക്ക്
കാക്ക കൊത്തിവലിക്കുന്നു
കാക്ക കുളിക്കുന്നത് കൊക്കാകാനല്ല
കൊക്കായതുകൊണ്ട് മാത്രം
പരിശുദ്ധിയുണ്ടാവില്ലെന്ന്‍ ഓര്‍മ്മിപ്പിക്കാനാണ്.
ബലിച്ചോറ് കൊത്തുന്ന കാക്കയ്ക്ക്
നിന്നോട് പരമപുച്ഛമാണ്.
നിന്റെ ആത്മനിന്ദയുടെ അഴുക്ക്
കൊത്തി മാറ്റുകയാണ്
കാക്ക
ഭാനു കളരിക്കല്‍