Followers

Friday, November 19, 2010

ഇതൊരൊളിച്ചോട്ടമാണ്...





ഇതൊരൊളിച്ചോട്ടമാണ്...
ശ്വാസം മുട്ടിക്കുന്ന അമ്മയുടെ
സ്നേഹക്കണ്ണീരില്‍ നിന്ന്,
നിസഹായനായി നില്‍ക്കുന്ന
അപ്പന്‍റെ നരച്ച കണ്ണുകളില്‍ നിന്ന്,
രോഗത്താല്‍ വലയുന്ന ജ്യേഷ്ഠന്‍റെ
ശ്വാസം നിലക്കുന്ന ചില
നിമിഷങ്ങളില്‍ നിന്ന്,
വാല്‍സല്യത്തോടെ കാത്തിരിക്കുന്ന
ചേച്ചിമാരുടെ കൈകളില്‍ നിന്ന്,
അവരുടെ പൊന്നോമനകളില്‍ നിന്ന്,
ബള്‍ബിട്ടാലും വെളിച്ചം ചെല്ലാത്ത
വീടിന്‍റെ ഇരുണ്ട മൂലകളില്‍ നിന്ന്,
പൊളിഞ്ഞുവീഴാറായ
അടുക്കള വാതിലിന്‍റെ കട്ടിളപ്പടിയില്‍ നിന്ന്.
.
പിന്നില്‍ ഇഴയുന്ന മനസ്സിനെ
ശാസിച്ചു വലിച്ചു കയറ്റി,
വണ്ടികള്‍ മാറിക്കയറി,
പുതിയ മൂടുപടം വെച്ച് ഞാനോടുന്നു
പട്ടണത്തിലെ ചതുരത്തില്‍ക്കയറി
സ്വസ്ഥമായി ഇരുന്നു ശ്വാസം മുട്ടുവാന്‍
.
പട്ടണം,
ഞാന്‍ പ്രണയിച്ചവരെപ്പോലെ,
ഉള്‍ക്കൊള്ളുവാന്‍ കഴിയാതെ മാറിനില്ക്കുന്നു,
കരിമ്പുക ശ്വാസമായിത്തരുന്ന,
രാസമണം കുടിവെള്ളമായെത്തിക്കുന്ന,
ഉഷ്ണക്കാറ്റിനെ വിലക്കുവാങ്ങുന്ന,
മാനത്തിനും പിന്നെ മൗനത്തിനും
വില കൂട്ടിനില്‍ക്കുന്ന പട്ടണം.
എന്നെ ഞാനല്ലാതാക്കുവാന്‍,
പുതിയ മുഖംമൂടിയുടെ തെരെഞ്ഞെടുപ്പിന്
സഹായിയാകുവാന്‍,
അതിലൂടെ ചിരിക്കാന്‍
പഠിപ്പിച്ചുകൊണ്ട്, ഈ പട്ടണവും!
.
ഇതൊരൊളിച്ചോട്ടമാണ്...
പച്ചപ്പില്‍ നിന്നും വരണ്ടപ്രദേശ- ങ്ങളിലേക്ക്,
കിതച്ചു കിതച്ച് നടത്തുന്ന ഒരു ഓട്ടം.