dhanya das
മുറ്റത്ത്ഇരുട്ട് നടന്നുപോയതിന്റെ
പാടുകളൊക്കെ മാഞ്ഞുതുടങ്ങി.
വേനലവധി കഴിഞ്ഞിട്ടും
മഴ
മതിലിനിപ്പുറത്തേക്ക്
എത്തിനോക്കിയതേയില്ല.
ഒരു തൊട്ടി വെള്ളം മാറ്റിവെച്ച്
കിണര്‍ വറ്റിയിരിക്കുന്നു.
അരികുചേര്‍ന്ന്
ഉണങ്ങിയ പേരയിലകള്‍
മൊത്തിക്കുടിച്ച നനവിന്റെ
കവിതയെഴുതുന്നുണ്ടാവാം.
ഇരുവശത്തേക്കും കൈകള്‍ നൂര്‍ത്ത്
നിവര്‍ന്നുകിടന്ന കൈത്തോടാണ്
ബസിറങ്ങി വരുന്നവര്‍ക്ക് വഴികാണിച്ചിരുന്നത് .
മൂന്നാമത്തെ പാട്ട് തീരുമ്പോഴേക്കും
വീടെത്തിയിരിക്കും.
കുറുകെ വെട്ടിയിട്ട തെങ്ങിന്‍തടിയിലൂടെ
തോട് കടക്കുമ്പോള്‍
"വീണുപോകല്ലേ" യെന്ന് പറഞ്ഞ്
മുറുക്കെപ്പിടിച്ച കൈകള്‍
കടവത്തെ കശുമാവില്‍ നിന്ന് പിടിവിട്ട്
വെള്ളത്തിലുയര്‍ന്നുതാഴ്ന്നത്
ഒരു കുമിള മാത്രം പണിതുവെച്ചാണ്.
പേരറിയാത്ത മരങ്ങളാണ്
കശുമാവിന്റെ വേര് പിളര്‍ന്ന്
പിന്നീട്
കടവ് കയ്യേറിയത്.
ഒറ്റ ദിവസം കൊണ്ട്
ഇല കൊഴിഞ്ഞു കിളിര്‍ക്കുന്നവ.
ഇന്നലെയൊന്ന്
മൂടോടെ പിഴുതെറിഞ്ഞു
കാറ്റ്.
ചില്ലകളൊക്കെ വെട്ടിയെടുക്കുമ്പോള്‍
പൊത്തില്‍ നിന്നും പറന്നുപോയവരില്‍
ആരായിരിക്കാം
മഴ കൊത്തിക്കൊണ്ടുവന്നിരുന്നത്