Followers

Sunday, September 2, 2012

ഒരു യാത്രാമൊഴി


 ശ്രീപാർവ്വതി
യാത്രകള്‍ പലപ്പോഴും വലിയൊരു നിശബ്ദതയാണു എന്നു കേള്‍ക്കുമ്പോള്‍ എല്ലാവരും അമ്പരക്കും. യാത്രകള്‍ എങ്ങനെ നിശബ്ദമാകും? അതങ്ങനെയാണ്, ഒരുപാട് ആനന്ദത്തില്‍ വീണു കഴിയുമ്പോള്‍ സമനിലയിലെത്താന്‍ മനസ്സു കണ്ടു പിടിക്കുന്ന ഒരു മാര്‍ഗ്ഗമാണ്, ഈ മൌനം. അറിഞ്ഞു കൊണ്ട് വരുത്തുന്ന ഒരു വിരസത, അതു യാത്രയുടെ അവസാനം. ജീവിതത്തില്‍ പലയാത്രകള്‍ പോയിട്ടുണ്ടെങ്കിലും അതില്‍ ഏറ്റവും സാഹസികമായി തോന്നിയ ഒന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ കടന്നു പോയത്. കഴിഞ്ഞ സഞ്ചാരത്തില്‍ ഒരു ആന അലറിപ്പഞ്ഞു വന്നുവെങ്കിലും അത് ഒരു ഭയാനകമായ അവസ്ഥയായത് അപ്പോഴായിരുന്നില്ല, പിന്നീട് ആ രംഗം മനസിലേയ്ക്ക് ആവഹിക്കുമ്പോഴായിരുന്നു. ഇതിപ്പോള്‍ ഒറ്റ ദിവസം കൊണ്ട് സഞ്ചാരത്തിന്‍റെ നിയമങ്ങള്‍ പാടേ തിരിഞ്ഞു. കാഞ്ഞിരപ്പുഴ ഡാമിലേയ്ക്കായിരുന്നു യാത്ര. പ്രിയ സുഹൃത്ത് രാജേഷേട്ടന്‍ (രാജേഷ് നായര്‍ ) അവിടെ അടുത്ത് ഇറിഗേഷന്‍ വകുപ്പിന്‍റെ കീഴിലുള്ള ഒരു റെസ്റ്റ് ഹൌസ് ഒരു ദിവസത്തേയ്ക്ക് ഫോണ്‍ വിളിച്ച് സംഘടിപ്പിച്ചു തന്നു. തീര്‍ത്തും ഒരു ഭാര്‍ഗ്ഗവീ നിലയം.ഈയിടെയായി അവിടെ അതിഥികള്‍ താമസിക്കാന്‍ വരാറില്ലെന്ന് മേല്‍നോട്ടക്കാരനായ മാനിക്ക പരഞ്ഞപ്പോള്‍ ഒന്നു പേടിച്ചു. സൌകര്യക്കുറവാണ്, പ്രധാന കാരണം.
അടുത്തെങ്ങും ഭക്ഷണം കിട്ടുന്ന ഒരു കടയില്ല. പിന്നെ തൊട്ടടുത്ത ശിരുവാണി ഡാമിനടുത്ത റെസ്റ്റ് ഹൌസ് ഫുള്‍ ഫര്‍ണിഷ്ഡ്. അതുമാത്രമല്ല, കുറച്ചു നാള്‍മുന്‍പ് ഒരു വിവാഹ പാര്‍ട്ടിയുടെ വിരുന്ന് അവിടെ നടത്തിയപ്പോള്‍ പെട്ടെന്ന് മിനിസ്റ്റര്‍ എത്തിയതും പന്തല്‍ പൊളിച്ചു മാറ്റാന്‍ കഴിയാഞ്ഞതു കൊണ്ട് അദ്ദേഹത്തിന്‍റെ വായില്‍ നിന്ന് ചീത്ത കേട്ടതിന്‍റേയും അനുഭവം മാനിക്ക പറഞ്ഞു. പിന്നീടാണു അതിഥികളെ താമസിപ്പിക്കുന്നത് നിര്‍ത്തിയതത്രേ. എന്തായാലും വളരെ വലിയ മുറികളും വീടിന്‍റെ ചുറ്റും നിറയെ ചെറിയൊരു കാടും. അതൊന്നുമല്ല റിസ്ക് ഫാക്ടര്‍ വരുന്നേ ഉണ്ടായിരുന്നുള്ളൂ. കാഞ്ഞിരപ്പുഴ ഡാമിന്‍റെ ഒരു വശത്തായുള്ള ഈ റെസ്റ്റ് ഹൌസ് റിമോട്ട് ഏരിയ ആണ്. ചുറ്റുമെങ്ങും ആള്‍താമസമില്ല. വാഹന നിയന്ത്രനമുള്ളതിനാല്‍ അതിക്രമിച്ച് ആരും കടക്കില്ല. പക്ഷേ വളരെ വിശാലമായ ആ വലിയ ഭാര്‍ഗ്ഗവീ നിലയത്തില്‍ ഞങ്ങള്‍ രണ്ടു പേര്‍ തനിയേ. സെക്യൂരിറ്റി ഉണ്ടാകുമെന്ന് കരുതി അതും നഹി നഹി.......
ഭക്ഷണം കിട്ടില്ലെന്നറിഞ്ഞ് രാജേഷേട്ടന്‍ ഭാര്യ രമ്യയേയും കൂട്ടി വന്നപ്പോള്‍ നല്ല നാടന്‍ ദോശയും സാമ്പാറും ചട്ട്ണിയും കൊണ്ടു വന്ന്തു കൊണ്ട് അത്താഴം കുശ്ശാലായി. രമ്യ എന്ന പുതിയ കൂട്ടുകാരിയേയും കിട്ടി. അവസാനം ഗുഡ് നൈറ്റും പറഞ്ഞ് മാനിക്കയും സ്വന്തം ക്വാര്‍ട്ടേഴ്സിലേയ്ക്ക് മടങ്ങുമ്പോള്‍ വലിയൊരു തുരുത്തില്‍ ഒറ്റപ്പെട്ട് ഞങ്ങളിരുന്നു. പക്ഷേ ജീവിതത്തില്‍ ഇത്ര നാളും കിട്ടാത്തൊരു ആനന്ദമായിരുന്നു അത്. ഒരു ദ്വീപ് പോലെ ഒരിടത്ത് ഒടപ്പെട്ടു പോകുന്ന ആ അവസ്ഥ ഇനി എന്‍ജോയ് ചെയ്യുക തന്നെ.
ഭക്ഷണം കഴിഞ്ഞ് ഉറങ്ങാന്‍ കിടന്ന് ലൈറ്റണച്ചപ്പോള്‍ അഗാധമായ നിശബ്ദത ഒന്നു പേടിപ്പിച്ചു. പക്ഷേ അത്യപൂര്‍വമായി കിട്ടിയ ആ നിഗൂഡമായ നിശബ്ദത ശരിക്കും സന്തോഷമായത് പിറ്റേന്നു രാവിലെ. പ്രഭാതത്തിന്‍റെ കിളിയൊച്ചയും, താഴ്ന്നിറങ്ങി വരുന്ന കോടമഞ്ഞും. ഫോട്ടോഷൂട്ടിനു പറ്റിയ പ്രഭാതം. ഡാം മുഴുവന്‍ ചുറ്റി നടന്ന് കുറച്ച് ഫോട്ടോസ് എടുത്തു. ഉറുമ്പും കിളികളും പുഴയുമൊക്കെ വീക്ക്നെസ്സ് ആയതുകൊണ്ട് പ്രിയപ്പെട്ട നിക്കോണ്‍ കൂള്‍പിക്സ് ചതിച്ചില്ല. അങ്ങനെ മനോഹരമായ ഒരു പ്രാഭാതത്തിനൊപ്പം നിഗൂഡമായ ഇരവിന്‍റെ മാധുര്യം നുണഞ്ഞ് ഞങ്ങള്‍ തിരിച്ചിറങ്ങി. വഴിയിലെ "തൊഴിലാളി" ഹോട്ടലിലെ സ്പെഷ്യല്‍ പൂരി മസാല കഴിച്ച് സുന്ദരമായ ഒരു അനുഭവം തന്ന രാജേഷേട്ടനോടുള്ള നന്ദിയും മനസ്സിലടുക്കി ഞാനും എന്‍റെ പ്രിയപ്പെട്ടവനും തിരികെ ഞങ്ങളുടെ ചുട്ടുപാടുകളിലേയ്ക്ക്. പ്രിയപ്പെട്ടവരുടെ അരികിലേയ്ക്ക്...