Followers

Tuesday, August 11, 2009

കുലുങ്ങി വിറച്ചോടുന്ന ശ്രീലങ്കൻ തീവണ്ടിയിലൊരു 'സുഖയാത്ര'-എ. ക്യു. മഹ്ദിയാത്ര4

ശ്രീലങ്കയിലെ മൂന്നാംദിവസം. ഇന്ന്‌ കാൻഡി സന്ദർശനമാണ്‌ ഞാൻ നിശ്ചയിച്ചതു. കാൻഡി, ബ്രട്ടീഷ്കാർ ശ്രീലങ്കയിൽ നിർമ്മിച്ച ആദ്യനഗരമാണ്‌. അവിടേയ്ക്ക്‌ കൊളംബോയിൽ നിന്നും തീവണ്ടി സർവ്വീസും ഉണ്ട്‌. രാവിലെ റെയിൽവേസ്റ്റേഷനിൽ ഞാനെത്തിയപ്പോഴേയ്ക്കും തീവണ്ടി പോയ്ക്കഴിഞ്ഞിരുന്നു. തൊട്ടടുത്താണ്‌ ബസ്സ്റ്റാന്റ്‌. കാൻഡിക്ക്‌ 120 കി.മി ദൂരമുണ്ട്‌. ഒരു ബസ്സിലാണ്‌ ഞാനവിടേയ്ക്കു പുറപ്പെട്ടത്‌. വളരെ വലിയൊരു ബസ്‌ സ്റ്റേഷനാണ്‌ കൊളംബോയിലേത്‌. ബസ്സ്‌ സർവ്വീസുകളാവട്ടെ വളരെ മോശവും. നിരന്നു കിടക്കുന്നതൊക്കെയും പഴഞ്ചൻ ബസ്സുകൾ. കാണാൻതന്നെ ഒരു ചന്തവുമില്ലാത്ത, ഒരൗചിത്യബോധവും ഇല്ലാതെ വിവിധ നിറങ്ങൾ കൂട്ടിക്കലർത്തി പെയിന്റടിച്ച കുറേ ബസ്സുകൾ.


രണ്ടുമണിക്കൂർ യാത്രാദൂരമുണ്ടായിരുന്നു കാൻഡിയ്ക്ക്‌. ഞരങ്ങിയും മൂളിയും ബസ്സ്‌ നീങ്ങി. കാലൊന്നു നീട്ടിയോ നിവർത്തിയോ വയ്ക്കാനാവാത്ത തരത്തിലുള്ള ഇടുങ്ങിയ സീറ്റുകൾ. പെട്ടെന്ന്‌ ഇറങ്ങിപ്പോയി ഒരു ടാക്സി പിടിച്ചു കാൻഡിക്ക്‌ പോയാലെന്തെന്നുവരെ ചിന്തിച്ചതാണ്‌. ബസ്സിൽ നിന്നൊന്നിറങ്ങമെങ്കിൽപ്പോലും യാത്രക്കാർ പലരെയും അമർത്തിയും, ഞെരിച്ചും വേണമായിരുന്നു. അതുകൊണ്ട്‌ ഒക്കെയും സഹിച്ച്‌ യാത്ര തുടരുകയായിരുന്നു. ഭംഗിയുള്ള ഗ്രാമങ്ങളും ചെറുപട്ടണങ്ങളും താണ്ടി ബസ്സ്‌ ഓടിക്കൊണ്ടിരുന്നു. കൊളംബൊയിൽ നിന്ന്‌ ഒരു മണിക്കൂർ പിന്നിട്ടപ്പോൾ പിന്നെ ചുരം കയറ്റമായി. വഴിയിൽ-എഴുപതാംമെയിലിൽ-ഒരു മ്യൂസിയം കണ്ടു. ലഘുഭക്ഷണത്തിന്‌ ബസ്സ്‌ അവിടെ അരമണിക്കൂർ നിർത്തിയിട്ടപ്പോൾ, ആ സമയംകൊണ്ട്‌, ഒരു ഓട്ടപ്രദക്ഷിണംപോലെ ഞാനാ മ്യൂസിയം നടന്നു കണ്ടു. 170 വർഷം മുമ്പ്‌ ഈ ചുരം റോഡിന്റെ നിർമ്മാണം ആരംഭിച്ചപ്പോൾ, ക്യാപ്റ്റൻ റോജർ എന്ന ബ്രട്ടീഷ്‌ എഞ്ചിനീയറായിരുന്നു നേതൃത്വം വഹിച്ചതു. 1829-ൽ സ്ഥാപിച്ച ഒരു സ്മാരകശിലയിൽ ഈ വിവരങ്ങളൊക്കെ രേഖപ്പെടുത്തിയിരുന്നു. മ്യൂസിയമാകട്ടെ, പഴയ യന്ത്രങ്ങളുടെ ഒരു അമൂല്യകലവറയാണ്‌. രണ്ടു നൂറ്റാണ്ടിനു മുമ്പ്‌ ചുരംറോഡ്‌ നിർമ്മിക്കാനുപയോഗിച്ച യന്ത്രോപകരണങ്ങളാണ്‌ മ്യൂസയത്തിൽ സൂക്ഷിച്ചിരിക്കുന്നത്‌.
കൃഷിയും മത്സ്യബന്ധനവും മാത്രമറിയുന്ന ഒരു ജനതയുടെ നാട്ടിലേക്ക്‌ ബ്രട്ടീഷുകാർ എത്രയോ ദൂരം താണ്ടി കടൽ കടത്തിക്കൊണ്ടുവന്ന കൂറ്റൻ റോഡ്‌ സൂക്ഷിച്ചിരുന്നു. അവിടെ കണ്ട പഴയ ഒരു റോഡ്‌ റോളർ, ഇന്നു നാം ഇന്ത്യയിൽ ഉപയോഗിക്കുന്നതിനെക്കാൾ ആധുനികമാണെന്നു തോന്നി. ചായകുടി കഴിഞ്ഞ്‌ ബസ്സ്‌ പുറപ്പെട്ടു. നിർഭാഗ്യം, കാൻഡിയിലെത്തുംമുമ്പ്‌ വലിയൊരു മഴ പെയ്ത്‌
കുത്തനെയുള്ള കയറ്റംകയറി കഷ്ടപ്പെട്ട്‌ ഇവിടെവരെ കുത്തനെയുള്ള കയറ്റംകയറി കഷ്ടപ്പെട്ട്‌ ഇവിടെവരെ വന്നിട്ട്‌ കാൻഡി നഗരം ചുറ്റിനടന്നു കാണാനാവാതെ മടങ്ങേണ്ടി വരുമോ എന്നു ഞാൻ ശങ്കിച്ചു. പക്ഷേ, മഴ പെട്ടെന്ന്‌ ശമിച്ച്‌, അന്തരീക്ഷം തെളിഞ്ഞു. പൊതുവെ വളരെ ആകർഷണീയമായ ഭൂപ്രകൃതിയുള്ള രാജ്യമാണ്‌ ശ്രീലങ്ക. ഇടയിലൊരു കടലിടുക്കുണ്ടായിരുന്നില്ലെങ്കിൽ ശ്രീലങ്ക ഇന്ത്യയുടെ തന്നെ ഒരു ഭാഗമായിരുന്നേനെ, മറ്റൊരു കേരളം. ഇവിടെ, എവിടെ സഞ്ചരിച്ചാലും പ്രകൃതിയുടെ പച്ചപ്പ്‌ പരന്നു വ്യാപിച്ചു കിടക്കുന്നതു കാണാം. ശ്രീലങ്കയിലെ തേയിലത്തോട്ടങ്ങളിൽ അധികവും കാൻഡിയിലാണ്‌. പുഴയും മലയും കാട്ടാറുകളുമൊക്കെ ചുറ്റും അതിരിടുന്ന ഈ പഴയ ഇംഗ്ലീഷ്‌ നഗരം കാണുമ്പോൾ, ബ്രട്ടീഷുകാരുടെ സ്ഥലം തെരഞ്ഞെടുക്കൽ എത്രയോ അഭിനന്ദനാർഹമെന്നു തോന്നിപ്പോകും. ഇത്‌ ഇന്ത്യയിലും നമുക്കനുഭവപ്പെട്ടിട്ടുണ്ട്‌. ഊട്ടി, കൊടക്കൈനാൽ, യേർക്കാട്‌ തുടങ്ങിയ ഹിൽസ്റ്റേഷനുകളും, മൂന്നാർപോലും, ബ്രട്ടീഷ്‌ ഭരണകാലത്ത്‌, സാഹസികരായ സായിപ്പന്മാർ കുതിരപ്പുറത്തു സഞ്ചരിച്ചു പോയി കണ്ടുപിടിച്ചവയാണ്‌. അതുപോലെ അവർ തങ്ങളുടെ സിലോൺ കോളനിവാഴ്ചക്കാലത്ത്‌ കണ്ടെത്തിയതാവണം മലമുകളിലെ കാൻഡിയും, അവിടെ സുഗമമായി എത്താനാണ്‌ അവർ ഹെവി റോഡ്‌ നിർമ്മാണ യന്ത്രങ്ങൾ കടൽകടത്തി കൊണ്ടു വന്നതും. നിരവധി വൻ തേയിലത്തോട്ടങ്ങൾ ഇവിടെയുണ്ട്‌. ശ്രീലങ്കൻ തേയില, രുചിക്ക്‌ ലോകപ്രസിദ്ധവുമാണ്‌.വളരെ വലിയൊരു ബുദ്ധക്ഷേത്രവുമുണ്ട്‌ ഇവിടെ. ഒക്കെയും കാണാൻവേണ്ടി ഒരു ടാക്സിക്കാരനെതന്നെ ഏർപ്പാടു ചെയ്യുകയായിരുന്നു. നേപ്പാൾ സന്ദർശനാവസരത്തിൽ അവിടെ റോഡുകളിൽ കണ്ടതരം പഴഞ്ചൻ കാറുകളല്ല ഇവിടെ ടാക്സികളായി ഓടിക്കൊണ്ടിരുന്നത്‌. ഈ ടാക്സിക്ക്‌ ഒരു പാക്കേജ്‌ നിരക്ക്‌, 1000 ശ്രീലങ്കൻ രൂപയ്ക്ക്‌ രണ്ടു മൂന്നു മണിക്കൂർ കൊണ്ട്‌ കാൻഡി മുഴുവൻ കൊണ്ടുനടന്നു കാണിക്കാമെന്നതാണ്‌ ഉടമ്പടി. രസകരമായിരുന്നു ഈ കാർ യാത്ര. തേയിലത്തോട്ടങ്ങൾക്കു ചുറ്റും അരഞ്ഞാണമിട്ടു നീങ്ങുന്ന ചെറിയ റോഡുകളിലൂടെ, വളരെ ശ്രദ്ധയോടെ അയാൾ കാറോടിച്ചു. ചിലയിടങ്ങളിൽ നിർത്തിത്തന്നും സാവധാനം ഓടിച്ചു നീങ്ങിയും കാൻഡിയുടെ പ്രകൃതിഭംഗി മുഴുവൻ ആസ്വദിക്കാൻ അയാളെനിക്കവസരം ഒരുക്കിത്തന്നു. ഈ തേയിലത്തോട്ട വഴികളിലൂടെ സഞ്ചരിച്ചപ്പോൾ, നമ്മുടെ മൂന്നാർ റൂട്ടാണ്‌ ഓർമ്മയിൽ വന്നത്‌.

എന്നാൽ മൂന്നാറിനോ കാൻഡിക്കോ, ഏതു സ്ഥലത്തിനാണ്‌ ഭംഗിയേറെ എന്നു ചോദിച്ചാൽ ഞാൻ നിസ്സംശയം പറയും മൂന്നാറിനു തന്നെയെന്ന്‌. മൂന്നാറിലെ കൈയ്യേറ്റഭൂമിയും, അവിടെ നിർമ്മിച്ച വൻ റിസോർട്ടുകളും സർക്കാർ ഇടപെട്ട്‌ പൊളിച്ചു നീക്കിക്കൊണ്ടിരിക്കുന്ന ഒന്നാംഘട്ട സമയത്താണ്‌ ഞാനിതെഴുതുന്നത്‌. വിദേശികളെ ആകർഷിക്കുന്ന നമ്മുടെ ഈ വിനോദസഞ്ചാര മേഖലയിൽ തികച്ചും നിർഭാഗ്യകരമായ ഒരന്തരീക്ഷം സംജാതമാക്കാൻ ഇടവരുത്തിയത്‌, പഴയ അനധികൃത നിർമ്മാണ പ്രവർത്തികൾ നടത്തിയ ആൾക്കാരോ, അതോ അന്ന്‌ അവർക്കു ഒത്താശ ചെയ്തുകൊടുത്ത ഉദ്യേഗസ്ഥരോ, ആ ഉദ്യോഗസ്ഥരുടെ തന്നെ തുടർച്ചയുടെ ഭാഗമായ ഇന്നത്തെ ഗവണ്‍മന്റും പ്രതിക്കൂട്ടിലല്ലേ? എന്ന തർക്കത്തിൽ തൽക്കാലം ഇടപെട്ട്‌ ഒരു രാഷ്ട്രീയവിവാദത്തിനു ഞാനിവിടെയൊരുങ്ങുന്നില്ല. എനിക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട, മനോഹരമായ സ്ഥലം, രാജ്യം ഏതെന്നു ചോദിച്ചാൽ കണ്ണുമടച്ചു ഞാൻ പറയും-മാതൃരാജ്യമായതുകൊണ്ടു മാത്രമല്ല-അത്‌ ഇന്ത്യതന്നെയെന്ന്‌. പ്രത്യേകിച്ച്‌ ഇന്ത്യയിലെ നമ്മുടെ കേരളഭൂമി, ദൈവത്തിന്റെ സ്വന്തം നാട്‌ എന്നറിയപ്പെടുന്ന നമ്മുടെ കൊച്ചുകേരളം. ഇത്ര ഹരിതഭംഗി നിറഞ്ഞ മറ്റൊരു സ്ഥലവും ഈ ഭൂമുഖത്തില്ല തന്നെ.

കേരളത്തിന്‌, നമ്മുടെ കേരളത്തിനു മാത്രമുള്ള അനുഗ്രഹീതമായ ഒരു പ്രത്യേകതയെപ്പറ്റി ശ്രദ്ധിച്ചിട്ടുണ്ടോ? അത്‌ ഇന്ത്യയിലെന്നല്ല, ലോകത്തെ ഒരു രാജ്യത്തിനും മറ്റൊരു സ്ഥലത്തിനും അവകാശപ്പെടാൻ കഴിയാത്തതുമാണ്‌. എന്താണത്‌? ഇത്ര സമതുലനമായ ഭൂപ്രകൃതിയും, മിതഭാവത്തിലുള്ള കാലാവസ്ഥയും ഒത്തൊരുമിച്ച്‌ കൈകോർത്തു നിൽക്കുന്ന മറ്റൊരു പ്രദേശം ഭൂമിയിലില്ല. കുന്നും മലയും കടലും കായലുകളും നദിയും തോടുകളുമൊക്കെ സമീകൃതനിലയിൽ ചിതറിക്കിടക്കുന്ന മറ്റേതൊരു ദേശമുണ്ട്‌ ഭൂമിയിൽ? വർഷത്തിൽ എല്ലാക്കാലത്തും ഹരിതാഭഭാവത്തിന്റെ കുളിർമ്മയും, ജൈവവൈവിധ്യത്തിന്റെ അനുഗ്രഹവും ഭൂപ്രകൃതി ഇവിടെ നമുക്കു സമ്മാനിച്ചിട്ടുണ്ട്‌, നമുക്കുമാത്രം. കാലാവസ്ഥയുടെ കാഠിന്യത്തെ ചെറുക്കുംവിധം വസ്ത്രധാരണം നടത്തേണ്ട ഏതെങ്കിലുമൊരു അവസ്ഥയോ കാലമോ, വർഷം മുഴുവൻ തെരഞ്ഞാലും നമുക്കുണ്ടോ? ഭൂമിയിലെ ഒരനുഗ്രഹമായി വിദേശിയർപോലും സമ്മതിച്ചുതന്നിട്ടുള്ള മൺസൂൺ മഴ നമുക്കു മാത്രമായുള്ള പ്രകൃതിയുടെ ഒരു വരദാനംതന്നെയല്ലേ? ഒരു മഴക്കുവേണ്ടി വേഴാമ്പലിനെപോലെ കാത്തുകാത്തിരിക്കുന്ന എത്രയോ രാജ്യങ്ങളുണ്ട്‌, സ്ഥലങ്ങളുണ്ട്‌.

നമ്മുടെ മറ്റ്‌ ഇന്ത്യൻ സംസ്ഥാനങ്ങളിൽ പലതും ഈയൊരു ദുർവിധി പേറുന്നവരാണ്‌. നമ്മുടെ നവംബർ, ഡിസംബർ, ജനുവരി കാലത്തെ മഞ്ഞുകാലം പോലും സുഖകരമായ ഒരു തണുപ്പ്‌ ആസ്വദിക്കാൻ പാകത്തിൽമാത്രം പ്രകൃതി നമുക്ക്‌ ഒരുക്കിത്തന്നിട്ടുള്ളതാണ്‌. അക്കാലത്തുപോലും കേരളീയർക്ക്‌ പ്രത്യേക മേലുടുപ്പ്‌-സ്വറ്റർ-വേണ്ടിവരുന്നില്ല. വേനൽക്കാലമായ മാർച്ച്‌, ഏപ്രിൽ, മേയ്‌ ആവട്ടെ, അതികഠിനമായ ചൂടിന്റെ തീഷ്ണതയിൽ നമ്മെ ആഴ്ത്തുന്നുമില്ല. നമുക്കു ചുറ്റുമുള്ള തൊട്ടയൽ സംസ്ഥാനങ്ങൾ മാത്രം ശ്രദ്ധിച്ചാൽ, തണുപ്പുകാലത്ത്‌ കമ്പിളിക്കുപ്പായത്തിനുള്ളിൽ വിറച്ചു കഴിയേണ്ട കർണ്ണാടകയും വേനലിൽ മാത്രമല്ല വർഷത്തിൽ ഒട്ടുമുക്കാൽ കാലവും പൊള്ളുന്ന ചൂടിൽ കഴിയേണ്ടിവരുന്ന തമിഴ്‌നാടുമാണ്‌.

ഇങ്ങിനെ ഭൂപ്രകൃതിയും കാലാവസ്ഥയും പ്രകൃതിസൗന്ദര്യവുമൊക്കെ ഒത്തിണങ്ങിയ നാടായിട്ടും, ഈ ഭംഗികളൊക്കെ സ്വയം ആസ്വദിക്കാനോ, ഇവ കാണാനാഗ്രഹിക്കുന്ന പുറംലോകത്തെ വേണ്ടനിലയിൽ ആകർഷിക്കാനോ കഴിവും ഭാഗ്യവുമില്ല എന്ന അവസ്ഥ നമുക്കിന്നുണ്ട്‌. എങ്കിലും, കേരളത്തെ 'ദൈവത്തിന്റെ നാട്‌' എന്ന്‌ ആരും വിളിച്ചുപോവും. നമ്മുടെ നാടിന്‌ ഈ മംഗളവാക്യം സമ്മാനിച്ചതാരാണെന്നറിയേണ്ട, കേട്ടോളൂ. അധികമാർക്കും അറിയാത്ത ഒരു പശ്ചാത്തലം ഈ നാമകരണത്തിനു പിന്നിലുണ്ട്‌. 'വാൾട്ടർ മെൻഡസ്‌' എന്നൊരാളെപ്പറ്റി കേട്ടിട്ടുണ്ടോ? പരസ്യങ്ങൾക്കും മറ്റും ആകർഷമായ ലഘുവാക്യങ്ങൾ രചിച്ച്‌ രൂപകൽപ്പന ചെയ്തിരുന്ന ഒരാളാണദ്ദേഹം. മെൻഡസ്‌ താമസിച്ചിരുന്നത്‌ അഹമ്മദാബാദിലായിരുന്നു. ഏകദേശം രണ്ടു പതിറ്റാണ്ടുമുമ്പ്‌, നമ്മുടെ കേരളടൂറിസം വകുപ്പ്‌, ലോകവിപണിയിലേയ്ക്കു കടന്നുചെല്ലുന്നതിനായി ഒരു പരസ്യപ്രസ്ഥാനത്തിനു രൂപം കൊടുക്കാൻ തീരുമാനിച്ചു. അതിനു പറ്റിയ ഒരു സ്ഥിരം തലവാചകം വേണ്ടിയിരുന്നു. വാൾട്ടർ മെൻഡസിനെയാണ്‌ ഈ ചുമതലയേൽപ്പിച്ചതു. വാൾട്ടർ ആലോചന തുടങ്ങി. നീലക്കായലുകൾ, പച്ചപ്പാടങ്ങൾ, മുത്തുക്കുട ചൂടിയ തെങ്ങിൻതോപ്പുകൾ, പളുങ്കുനീർത്തോടുകൾ, പുളകദായനികളായ പുഴകൾ...മെൻഡസിന്റെ മനസ്സിലൂടെ, താൻ കേരളത്തിൽ കണ്ട പലതും കടന്നുപോയി. തീർന്നില്ല, ആകാശത്തോടു പ്രാർത്ഥിക്കുന്ന മലനിരകളും, കാലവർഷക്കാറ്റുകൾക്കു കളമൊരുക്കുന്ന വേനൽപ്പകലുകളും അദ്ദേഹത്തിന്റെ ഓർമ്മയിലെത്തിനിന്നു.

മഴക്കാലങ്ങളും കൊണ്ടു പറന്നുവരുന്ന ശ്യാമമേഘങ്ങളും, ഇടിമിന്നലും, നിലാവുനിറയ്ക്കുന്ന പഞ്ചമികളും പൗർണ്ണമികളുമൊക്കെ ആ മനസ്സിൽ തങ്ങിനിന്നു. ഈ സ്വപ്നദേശത്തെ കിളികളും, പൂക്കളും, ചിത്രശലഭങ്ങളും മൃഗങ്ങളും മനുഷ്യരും-ഹായ്‌! ദൈവം എങ്ങിനെ സൃഷ്ടിച്ചുവോ അതുപോലെത്തന്നെ എല്ലാ ആഴുക്കുകളും ഇപ്പോഴും തഴുകുന്ന നാട്‌. ഇവയൊക്കെ മനസ്സിന്റെ ആഴങ്ങളിൽ തട്ടിയപ്പോൾ, മെൻഡസിന്റെ ഉള്ളിൽ പ്രതിഫലിച്ചതാണ്‌, ഈ വാക്യങ്ങൾ. അദ്ദേഹം ഇംഗ്ലീഷിൽ എഴുതിവച്ചു. 'ഗലൃമഹമ ഏഛഉ'ട ഛണച ഇഛഡചഠഞ്ഞഥ' പിൽക്കാലത്ത്‌ ഒരു നാലുവാക്കുകൾ ആഗോളപ്രസിദ്ധിനേടി.
ഈ വാക്കുകളുടെ യാഥാർത്ഥ്യത്തിലൂടെ കേരളം എല്ലാ കടലുകളും മലകളും കടന്ന്‌, അന്യമാം രാജ്യങ്ങളിൽ പേരും പെരുമയും നേടുമ്പോഴാണ്‌, താരതമ്യേന ഇതിന്റെ അടുത്തൊന്നും വരാത്ത ഒരു വിദേശരാജ്യം-വിദേശരാജ്യങ്ങൾ-തേടി ഞാൻ അലയുന്നത്‌. പക്ഷേ, ഈ വിദേശസംസ്കാരങ്ങളുമായൊക്കെ ഇടപഴകുന്നതിലുമില്ലേ വലിയൊരു ത്രില്ല്‌....? തീർച്ചയായും. ഇത്‌ ഇന്ത്യയുടെയും കേരളത്തിന്റെയും കഥ. എന്നാൽ സന്ദർശിച്ച വിദേശരാജ്യങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം ഏതെന്ന്‌ ചോദിച്ചാൽ എനിക്കു പറയാനുണ്ടാവുക, അത്‌ 'സ്വിറ്റ്സർലന്റ്‌' എന്നാവും. എന്നാൽപ്പോലും ഒരുകാര്യം സൂചിപ്പിക്കാതെവയ്യ; എത്ര മനോഹരമാണ്‌ ആ പാശ്ചാത്യദേശമെങ്കിലും അവിടത്തെ അമിതശൈത്യം നിറഞ്ഞ യൂറോപ്യൻ കാലാവസ്ഥയുമായി താരതമ്യം ചെയ്യുമ്പോൾ, നമ്മുടെ കേരളം തന്നെയാണ്‌ ലോകത്തെ ഏറ്റവും നല്ല, മനോഹരമായ, സുഖകരമായ കാലാവസ്ഥയുള്ള ദേശം.

phone: + 91 9895180442