Followers

Tuesday, August 11, 2009

പ്രേമവും വിവാഹവും തന്നെ അന്നും ഇന്നും -എം.സി.രാജനാരായണൻ





ഹിന്ദി സിനിമാ രംഗത്ത്‌ തൃമൂർത്തികൾ (ദിലീപ്കുമാർ, രാജ്കപൂർ, ദേവാനണ്ട്‌) നിറഞ്ഞു നിന്ന കാലത്തും പിന്നീട്‌ മൾട്ടിസ്റ്റാർ സിനിമകൾ അരങ്ങു ഭരിച്ച കാലത്തും (ഷോലെ, അമർ അക്ബർ ആന്റണി) പ്രധാനപ്രമേയം പ്രേമവും വിവാഹവും അനന്തരഫലങ്ങളും പാർശ്വഫലങ്ങളും ഒക്കെയായിരുന്നതുപോലെ പുതിയ കാലത്തെ സിനിമയും ഇതിൽ നിന്ന്‌ വിമുക്തമല്ലെന്നു കാണാം. അമീർഖാനെപോലുള്ള അപൂർവ്വം അഭിനേതാസംവിധായക പ്രതിഭകൾ മാത്രമാണ്‌ വേറിട്ടവഴികളിലൂടെ സഞ്ചരിക്കുവാൻ യത്നിക്കുന്നത്‌. അമീർഖാൻ അഭിനയിച്ച ലഗാൻ മംഗൾ പാണ്ഡെ, രംഗ്‌ ദെ ബസന്ത്‌, സംവിധാനം ചെയ്തത്താരെ സമീൻപർ എന്നിവ വ്യത്യസ്തത്ത പുലർത്തിയ രചനകളാണ്‌ അദ്ദേഹം നിർമ്മിച്ച്‌ മരുമകൻ ഇമ്രാൻഖാൻ അഭിനയിച്ച 'ജാനെതുയാജാനെയ' ഒരു ന്യൂജനറേഷൻ സിനിമയുടെ സ്വഭാവം പ്രകടിപ്പിക്കുകയും ചെയ്തു. പുതിയകാലത്തെ പ്രണയവും ജീവിതവും അത്‌ സത്യസന്ധമായി പ്രതിഫലിപ്പിക്കുന്നു. എന്നാൽ സബ്ബിർഖാൻ സംവിധാനം ചെയ്ത സജിദ്നാഡിയവാല നിർമ്മിച്ച 'കംബ്ബക്ക്ത്ത്‌ ഇഷ്ക്ക്‌' ഹിന്ദി സിനിമയെ പല കാതങ്ങൾ പുറകോട്ട്‌ നയിക്കുന്ന പടമാണ്‌. അക്ഷയ്കുമാർ കരീന കപൂർ ജോഡി പ്രധാനഭാഗങ്ങളിൽ പ്രത്യക്ഷപ്പെടുന്ന പടത്തിന്‌ യാതൊരു ലോജിക്കുമില്ലാത്ത തിരക്കഥയാണ്‌ പ്രധാന വിനയാകുന്നത്‌. ഹിന്ദി സിനിമാരംഗത്തെ പഴക്കവും തഴക്കവും ചെന്ന നിർമ്മാതാക്കളാണ്‌ നാസിയവാലാ ഗ്രൂപ്പ്‌ (ഇപ്പോൾ ഗ്രാൻഡ്സണിൽ എത്തി നിൽക്കുന്നു) കരീനാ കപൂറിനുമുമ്പ്‌ പാരമ്പര്യം (രാജ്കപൂറിന്റെ പൗത്രി) അക്ഷയ്കുമാർ മാത്രമാണ്‌ ബുദ്ധിമുട്ടി, വൈതരണികൾ പിന്നിട്ട്‌ നായകസ്ഥാനത്തെത്തിയ നടൻ. ഒരു സംവിധായകന്‌ ആവശ്യം വേണ്ട പ്രാഥമിക കാര്യങ്ങളാണ്‌ യുക്തിയും യാഥാർത്ഥ്യബോധവും. സബ്ബീർ ഖാൻ ഇതു രണ്ടും തരിമ്പുമില്ലെന്ന്‌ 'കമ്പക്ക്ത്ത്‌ ഇഷ്ക്ക്‌' തെളിയിക്കുന്നു. പഴയ വീഞ്ഞ്‌ പുതിയ കുപ്പിയിൽ എന്നുപോലും പറയാനാവാത്ത നിലയിൽ പഴയൊരു പ്രമേയത്തിന്റെ പഴഞ്ചൻ അവതരണമാണ്‌ പുതിയകാല ചിത്രമെന്ന വ്യാജലേബലിൽ ഇറക്കിയിരിക്കുന്നത്‌. പോയകാലത്തും ഇക്കാലത്തും സിനിമയുടെ പ്രധാന പ്രമേയം പ്രേമവും വിവാഹവുമൊക്കെ തന്നെയെങ്കിലും അവതരണത്തിലെ പുതുമകൊണ്ട്‌ ഇത്‌ ഹൃദ്യമാക്കുവാൻ കഴിയുമെന്ന്‌ വിസ്മരിക്കുകയാണ്‌ സബ്ബിർഖാനെപോലുള്ള സംവിധായകർ. ഫ്രാങ്ക്‌ കാപ്ര സംവിധാനം ചെയ്ത അമേരിക്കൻ ക്ലാസിക്ക്‌ 'ഇറ്റ്‌ ഹാപ്പൻഡ്‌ വൺ നൈറ്റ്‌' പറഞ്ഞ പ്രേമത്തിന്റെയും ഒളിച്ചോട്ടത്തിന്റെ കഥക്ക്‌ ലോകസിനിമയിൽ ആയിരമായിരം ആവർത്തനങ്ങൾ ഉണ്ടായിട്ടും ഇന്നും അനുകരണങ്ങൾ തുടരുകതന്നെയാണ്‌. അതേ സമയം പ്രണയം അതിമനോഹരമായി, ചേതോഹരമായി ആവിഷ്ക്കരിക്കാനാകുമെന്നതിന്‌ലോകസിനിമയിൽതന്നെ അന്നും ഇന്നും നിരവധി രചനകൾ കണ്ടെത്താനാകും. ചൈനീസ്‌ സംവിധായകൻ ജാങ്ങ്‌ യി മൗ ഒരുക്കിയ 'ദി റോസ്‌ ഹോം' എന്ന ചിത്രത്തിൽ ഏകാദ്ധ്യാപക വിദ്യാലയത്തിലെ അദ്ധ്യാപകനായി ഗ്രാമത്തിലെത്തുന്ന യുവാവിനോട്‌ ഗ്രാമീണ യുവതിക്ക്‌ തോന്നുന്ന പ്രണയം വിവാഹത്തിൽ കലാശിച്ച്‌ അവർ ജീവിക്കുന്ന സാഫല്യത്തിന്റെ ജീവിതസ്മരണകൾ അവിസ്മരണീയവും അവാച്യവുമാണ്‌. ഇത്തരം ചിത്രങ്ങളെക്കുറിച്ച്‌ സബ്ബിർ ഖാൻ കേട്ട്‌ കേൾവിപോലുമില്ലെന്ന്‌ 'കബ്ബക്ക്ത്ത്‌ ഇഷ്ക്ക്‌' കാണുമ്പോൾ മനസ്സിലാകും. രണ്ട്‌ ജോഡികളാണ്‌ പടത്തിലുള്ളത്‌ ഒരു സീനിയർ ജോഡിയും ഒരു ജൂനിയർ ജോഡിയും. ജൂനിയർ ജോഡികൾ വിവാഹിതരാകുന്ന പള്ളിയിലെത്തി വാദപ്രതിവാദങ്ങൾ നടത്തുന്ന സീനിയേഴ്സ്‌ (അക്ഷയ്കുമാർ, കരീനകപൂർ) തുടക്കം തന്നെ അസഹ്യമാകുന്നു. കരീനയുടെ വായടപ്പിക്കാൻ അക്ഷയ്‌ ഒരു ദീർഘചുംബനം നടത്തുന്നത്‌ ഹിന്ദി സിനിമയിലെ പുതിയ കാല കാഴ്ചയെന്നു പറയാം. (പണ്ട്‌ ചുണ്ടുകൾ തമ്മിലടുക്കുകയല്ലാതെയും ചുംബനം നടക്കാറില്ലല്ലോ) കുറേക്കാലമായി ഈ അവസ്ഥക്ക്‌ മാറ്റം വന്നത്‌ അക്ഷയ്കരീനമാർ ആഘോഷിക്കുകയാണ്‌. കാണികൾക്ക്‌ യാതൊരു ചലനവും സംഭവിക്കുന്നില്ലെങ്കിലും അത്‌ പ്രായദോഷം തന്നെ. സ്റ്റുഡിയോവിൽ ഡ്യൂപ്പായി നായക നടന്മാർക്കുവേണ്ടി സാഹസകൃത്യത്തിലേർപ്പെടുന്ന അക്ഷയ്‌ കഥാപാത്രത്തിന്റെ വികാസം മുരടിപ്പിച്ച്‌ പ്രേമത്തിലേക്ക്‌ വഴിതിരിച്ചു വിടുകയാണ്‌ സംവിധായകൻ. ഹൗസ്‌ സർജൻസി പൂർത്തിയാക്കി ഡോക്ടറായി പുറത്തുവരാൻ തയ്യാറെടുക്കുന്ന കരീനയാകട്ടെ കടുത്ത പ്രേമവിരോധിയും. കരീന നടത്തുന്ന പ്രഥമ ഓപ്പറേഷൻ അക്ഷയിന്റെ ദേഹത്തു തന്നെയാകണമല്ലോ. ഗിഫ്റ്റ്‌ കിട്ടിയ വാച്ച്‌ വയറ്റിലിട്ട്‌ തുന്നികൂട്ടിയാണ്‌ ഓപ്പറേഷൻ അവസാനിപ്പിക്കുന്നത്‌. പിന്നെ ചലിക്കുന്ന, പാട്ടുപാടുന്ന വാച്ചും വയറ്റിലിട്ടാണ്‌ അക്ഷയ്‌ ആശാന്റെ ജീവിതം! അവസാനം കരീനതന്നെ വീണ്ടുമൊരു ഓപ്പറേഷൻ നടത്തി വാച്ച്‌ പുറത്തെടുക്കുന്നതോടെ പ്രണയവും പൂത്തുലയുന്നു. യുക്തിരാഹിത്യത്തിന്റെ എല്ലാ പരിധികളും ലംഘിച്ച്‌ കാണികളെ നോക്കി കൊഞ്ഞനം കുത്തുകയാണ്‌ സംവിധായകൻ. അമേരിക്കയിലും, യൂറോപ്പിലുമായി ചിത്രീകരണം പൂർത്തിയാക്കിയ 'കമ്പക്ക്ത്ത്‌ ഇഷ്ക്കി'ന്‌ ലൊക്കേഷനുകളുടെ കാര്യത്തിൽ മാത്രമേ എന്തെങ്കിലും പുതുമയുള്ളു. ഏതാനും സീനുകളിൽ ഹോളിവുഡ്‌ ലെജന്റ്‌ സിൽവർ സ്റ്റാലിനും പ്രത്യക്ഷപ്പെടുന്നുണ്ട്‌. അതുകൊണ്ടൊന്നും പക്ഷേ ഈ നപുംസക സൃഷ്ടിക്കു രക്ഷയില്ല. ഇതിലെ 'ഇഷ്ക്കും' കഥാപാത്രങ്ങളും എല്ലാം 'നക്ക്ലി' (കൃത്രിമം) മാത്രമാണ്‌. നവാഗത സംവിധായകൻ സജി സുരേന്ദ്രന്റെ 'ഇവർ വിവാഹിതരായാൽ' പറയുന്നതും പ്രണയത്തിന്റെയും വിവാഹത്തിന്റെയും പ്രശ്നങ്ങളും പ്രതിവിധികളും തന്നെ. ഈഗോയിസ്റ്റുകളായ അച്ഛനമ്മമാരുടെ ഏക മകനും എം.ബി.എ വിദ്യാർത്ഥിയുമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ ജയസൂര്യയാണ്‌. കൂടെ സംവൃതയും ഭാമയുമാണുള്ളത്‌. സംവൃത കോളേജ്മേറ്റും ഭാമ ലൈഫ്മേറ്റും! മാതാപിതാക്കളായ പോയ കാല നായിക രേഖയും സിദ്ദിഖും. ഒരേ അപ്പാർട്ട്‌മന്റിലെ അടുത്തടുത്ത രണ്ട്‌ ഫ്ലാറ്റുകളിലായി കഴിയുന്ന പിരിയാതെ പിരിഞ്ഞ അച്ഛനമ്മമാരെ ഒന്നിപ്പിക്കുവാൻ വിവാഹം മാത്രമേ പോംവഴിയുള്ളുവേന്ന്‌ സീമന്തപുത്രൻ ധരിച്ചുവശമായാൽ പിന്നെ ബ്രഹ്മൻ തടുത്താലും നിൽക്കില്ലല്ലോ? അതു തന്നെയാണ്‌ സംഭവിക്കുന്നത്‌. എക്സ്‌ റേഡിയോ ജോക്കി ഭാമയുമായി വിവാഹം പിന്നെ 'കല്യാണം കളിയല്ലെന്ന്‌ സ്കൂലെ മാസ്റ്റർ പറഞ്ഞത്‌' ശരിക്ക്‌ മനസ്സിലാക്കുകയാണ്‌ ഇരുവരും. അതിനിടക്ക്‌ കരച്ചിലും പിഴിച്ചിലും സംഘട്ടനങ്ങളുമെല്ലാം ഒരുക്കുന്നുണ്ട്‌ സംവിധായകൻ. സുഹൃത്തുക്കളുടെ അതിരുകളില്ലാത്ത പെരുമാറ്റം ഭാമയുടെ മനസ്സിൽ സംശയം ജനിപ്പിക്കുന്നതും അത്‌ വളരുന്നതും വിശദമായിത്തന്നെ പ്രതിപാദിക്കുന്നുമുണ്ട്‌. വിവാഹജീവിതം കുട്ടിക്കളിയല്ലെന്ന്‌ യുവമിഥുനങ്ങൾ ഗ്രഹിച്ചു തുടങ്ങുന്നതിൽ നിത്യജീവിത സന്ദർഭങ്ങളുടെ തിരനോട്ടമുണ്ട്‌. അതിനിടെ പണമില്ലാതെ ഭാര്യയണിയിച്ച മാല വിൽക്കലും, ബൈക്ക്‌ വിൽക്കലും, മാല തിരകെ വാങ്ങലും എല്ലാം യഥാവിധി നടക്കുന്നുണ്ട്‌. അച്ഛനോട്‌ കലഹിച്ച്‌ വീട്‌ വിട്ടിറങ്ങുമ്പോഴാണ്‌ മകൻ യഥാർത്ഥ ജീവിതത്തിന്റെ പരുക്കൻ സ്വഭാവം അറിയുന്നത്‌. രസകരമായിട്ടുണ്ട്‌. കാൽപനികതയാണ്‌ കഥയിൽ മുന്നിട്ടുനിൽക്കുന്നതെങ്കിലും പുതിയ തലമുറക്ക്‌ പാഠമാകുന്ന ചില സന്ദർഭങ്ങളും മൂഹൂർത്തങ്ങളും കഥയിൽ കോർത്തിണക്കുവാൻ സംവിധായകൻ സജി സുരേന്ദ്രന്‌ കഴിയുന്നു. പ്രണയത്തിനു മുമ്പ്‌ ഒരു ക്ലാഷ്‌-വെർബൽ ഫൈറ്റ്‌ എന്ന സിനിമാ രീതിയും നീതിക്കും സാധുത നൽകിക്കൊണ്ട്‌ ജയസൂര്യ ഭാമമാർ ഏറ്റുമുട്ടുന്നത്‌ പരസ്പരം അറിയാതെ റേഡിയോ ജോക്കായും ശ്രോതാവും തമ്മിലുള്ള കാണായുദ്ധമെന്ന നിലയിലാണെന്നുമാത്രം. വിവാഹശേഷം അതൊരു ഭാരമായി മാറുകയും ചെയ്യുന്നു. പോരേ പൂരം. 'ഇവർ വിവാഹിതരായാൽ പ്രേക്ഷക ശ്രദ്ധ നേടുന്നത്‌ പ്രമേയത്തിന്റെ പുതുമകൊണ്ടോ യുക്തി ഭദ്രമായ അവതരണം കൊണ്ടോ അല്ല പ്രസ്തുത നായികാ നായകന്മാരുടെ കോമ്പിനേഷനും അവർക്കിടയിലെ രസതന്ത്രവും കൊണ്ടാണ്‌. തങ്ങയുടെ റോളുകൾ ഭംഗിയാക്കുവാൻ ജയസൂര്യക്കും ഭാമക്കും, സംവൃതക്കുമെല്ലാം കഴിയുന്നു. പറഞ്ഞു പഴകിയ വിഷയത്തിൽ നിന്നും രീതികളിൽ നിന്നും ചെറിയൊരു വ്യതിയാനംപോലും കാണികൾ സ്വീകരിക്കുന്നുവേന്നതിന്‌ സജി സുരേന്ദ്രന്റെ പ്രഥമ സംരംഭം തെളിവാണ്‌. ശുഭപര്യാവസായിയായ 'ഇവർ വിവാഹിതരായാൽ' വിജയം ആഘോഷിച്ച ചിത്രമാണ്‌. ജയസൂര്യാ ഭാമാ വിജയം കൂടിയാണിത്‌.