Followers

Tuesday, August 11, 2009

ഭാര്യമാര്‍ ശ്രദ്ധിച്ചാല്‍ - ഡോ. ജി. വേലായുധന്‍



ഭാര്യമാർ ശ്രദ്ധിച്ചാൽ ഭാര്യമാർ അറിവോടും കഴിവോടും ശ്രദ്ധിച്ചാൽ എല്ലാ ഭർത്താക്കന്മാരെയും, മദ്യപാനികളും, വ്യഭിചാരികളും ആണെങ്കിൽ തന്നെയും, നേർവഴിയ്ക്ക്‌ കൊണ്ടുവരാൻ സാധിക്കും. പുകവലി, മദ്യപാനം, വ്യഭിചാരം തുടങ്ങിയ ദുഃശ്ശീലങ്ങളിൽ താൽപ്പര്യമില്ലാത്ത പുരുഷന്മാരെയും അങ്ങനെയാക്കിത്തീർക്കുന്നത്‌ ഭാര്യമാരുടെ അറിവില്ലായ്മയും കഴിവില്ലായ്മയും, സമയമില്ലായ്മയുമാണ്‌. ആഹാരം, ലൈംഗികത തുടങ്ങിയ ഭർത്താവിന്റെ എല്ലാ ആവശ്യങ്ങളും ശ്രദ്ധാപൂർവ്വം, ബുദ്ധിപൂർവ്വവും നിറവേറ്റിയാൽ വീടിനോടും, ഭാര്യയോടും കൂറും, ആകർഷണവും സ്നേഹവും ജനിപ്പിക്കാൻ സാധിക്കും. ജോലിക്ക്‌ പോകുന്ന ഭർത്താവ്‌ കഴിയുന്നതും വേഗം വീട്ടിൽ തിരിച്ചെത്താൻ സ്വയം ആഗ്രഹിക്കും, നിർബ്ബന്ധിതനാകും. ഭർത്താവ്‌ ജോലിക്ക്‌ പോകുമ്പോൾ പുഞ്ചിരിയോടെ യാത്രയയ്ക്കാൻ സ്ത്രീകൾ ശ്രദ്ധിക്കേണ്ടതാണ്‌. സ്ത്രീകൾ ശുചിയായും വൃത്തിയായും, കണ്ണെഴുതി പൊട്ടുതൊട്ട്‌ മുന്നിൽ നിന്ന്‌ സ്വീകരിക്കുന്നത്‌ ഏതു ഭർത്താവിനും സന്തോഷമല്ലേ. ഇത്‌ ചുരുക്കം ചില ഭർത്താക്കന്മാരെ സംശയാലുക്കളാക്കാനും സാധ്യതയില്ലാതില്ല.

ഭർത്താവ്‌ തിരിച്ചെത്തുമ്പോൾ ഒരു കാപ്പിയുമായി സന്തോഷവദനയായി സ്വീകരിക്കണം. ശിശുവുണ്ടെങ്കിൽ നല്ല വസ്ത്രം ധരിപ്പിച്ച്‌ ഒരുക്കി കൈകളിലേക്ക്‌ നീട്ടണം. ഏതൊരു ഭർത്താവും കുട്ടിയെ വാങ്ങി കെട്ടിപ്പിടിച്ചു ഉമ്മവയ്ക്കും. വസ്ത്രവും, പാദരക്ഷകളും മറ്റും മാറ്റുന്നതിനും ഭർത്താവിനെ സഹായിക്കണം. ഇങ്ങനെയാകുമ്പോൾ ഏതു പുരുഷനും വീടിനോടും ഭാര്യയോടും ആകർഷണമുണ്ടാവുക സ്വാഭാവികമല്ലേ. മറിച്ച്‌ ഭർത്താവ്‌ വരുമ്പോൾ കുട്ടികൾ ഇടവിടാതെ കരയുന്നതും, ഭാര്യ ഭർത്താവ്‌ വന്നത്‌ മനസ്സിലാക്കാൻ കൂട്ടാകാതെ ഗൃഹജോലിയിൽ വ്യാപൃതരായിരിക്കുന്നതും അയാളെ മുഷിപ്പിക്കും.

ഒരുകപ്പ്‌ പാനീയം കിട്ടാതെ ചോദിച്ചു വാങ്ങേണ്ട അവസ്ഥയുണ്ടാകുന്നതു ശരിയാണോ? ഇങ്ങനെയാണ്‌ പലരും ഒരു ഭാഗത്തുപോയിരുന്ന്‌ പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങൾക്ക്‌ അടിമയാകുന്നത്‌. ഭർത്താവിന്റെ ലൈംഗിക ആവശ്യങ്ങൾ എല്ലാ പ്രകാരത്തിലും നിറവേറ്റി കൊടുക്കേണ്ടത്‌ സ്ത്രീധർമ്മമാണ്‌. ഇല്ലെങ്കിലാണ്‌ അവർ വൈദഗ്ധ്യമുള്ള പരസ്ത്രീകളെ പ്രാപിക്കുവാൻ ഇടയാകുന്നത്‌. ഇക്കാര്യത്തിൽ പുരുഷന്മാർക്ക്‌ പലവിധത്തിലുള്ള ആഗ്രഹങ്ങളും, ആവശ്യങ്ങളും ഉണ്ടായിരിക്കും. ഇതിന്‌ പല സ്ത്രീകളും വിമുഖതകാണിക്കുന്നതായി കണ്ടിട്ടുണ്ട്‌. പ്രതിശ്രുത വധുക്കളെ ഇതിനായി സജ്ജമാക്കേണ്ടത്‌ അമ്മമാരുടെ കടമയാണ്‌. ഇക്കാര്യങ്ങളെല്ലാം വിവാഹ പ്രായമായ കുട്ടികളെ വിശദമായി സഭ്യമായ രീതിയിൽ പറഞ്ഞു മനസ്സിലാക്കേണ്ടത്‌ മുതിർന്നവരുടെ കടമയാണ്‌. പാഠ്യപദ്ധതിയിൽ ഈ വിഷയം ഉൾപ്പെടുത്തുന്നതും നന്നായിരിക്കും. ഭർത്താക്കന്മാരുടെ ആവശ്യങ്ങൾക്ക്‌ തീരെ വഴങ്ങാത്ത സ്ത്രീകളുമുണ്ട്‌.

വിവാഹം കഴിഞ്ഞ്‌ മുന്നും അഞ്ചും വർഷം വരെ ലൈംഗികബന്ധം പുലർത്താൻ സമ്മതിക്കാത്ത ഭാര്യമാരെ സഹിക്കുന്ന ഡോക്ടർമാർവരെയുണ്ട്‌. ഇത്‌ വിവാഹമോചനത്തിനും ആത്മഹത്യക്കും വരെ കാരണമാകാം. വിവാഹിതരാകാൻ പോകുന്ന പുരുഷന്മാരിൽ സ്ത്രീകളുടെ അവയവങ്ങളുടെ സ്ഥാനം കൂടെ അറിഞ്ഞുകൂടാത്തവരുണ്ട്‌. അതുമൂലം ശരിയായ ലൈംഗികബന്ധം പുലർത്താൻ സാധിക്കാത്ത ദമ്പതിമാരെ കാണുന്നുണ്ട്‌. ഇക്കൂട്ടരാണ്‌ സന്താനലബ്ധിക്കായി ചികിത്സയ്ക്ക്‌ സമീപിക്കുന്നവരിൽ ഏറെ പേരും. ഏകദേശം അഞ്ച്‌ ശതമാനം പേർ പരിശോധനയ്ക്കും വൈദ്യനിർദ്ദേശങ്ങളും നൽകുന്നതോടെ അടുത്ത പ്രവാശ്യം വരുമ്പോൾ ഗർഭധാരണം നടന്നു കണ്ടിട്ടുണ്ട്‌. ഇതിന്റെ അർത്ഥം ഒരു ചെറിയ വിഭാഗം ആൾക്കാർക്ക്‌ ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവുണ്ടെന്നാണ്‌. ലൈംഗിക അസംതൃപ്തിയാണ്‌ കുടുംബകലഹങ്ങൾക്ക്‌ ഒരു കാരണം. പലവീടുകളിലും ഇന്നു കാണുന്ന കലഹങ്ങൾക്കും, ദുരിതങ്ങൾക്കും അടിസ്ഥാന കാരണം ഇതാണെന്ന്‌ അവർ മനസ്സിലാക്കുന്നില്ല. അച്ഛനമ്മമാർക്ക്‌ കുടുംബത്തിൽ സമാധാനവും, സംതൃപ്തിയും നൽകാൻ കഴിഞ്ഞില്ലെങ്കിൽ കുട്ടികൾ വഴിതെറ്റിപോകുക സാധാരണമാണ്‌. ഭാര്യമാർ കുടുംബത്തിന്റെ വിളക്കാണ്‌ എന്നു പറയപ്പെടുന്നു. ഇത്‌ വളരെ ശരിയാണ്‌. ഇത്‌ അന്വർത്ഥമാക്കുന്ന ഭാര്യമാർ സമൂഹത്തിൽ സർവ്വസാധാരണമായാൽ സമൂഹം തന്നെ നന്നാകുമെന്നുള്ളത്‌ ഏവരും മനസ്സിലാക്കേണ്ടതാണ്‌. പകലന്തിയോളം ജോലിചെയ്തു ക്ഷീണിച്ചു വന്ന്‌ കണ്ണടച്ചു കിടക്കുന്നത്‌ ഒരു ആശ്വാസമാണ്‌. അതിലും കുറ്റം കാണുന്ന ഭാര്യമാരുണ്ട്‌.

കുളിക്കാതെയും, വൃത്തിഹീനമായും വന്ന്‌ ശയനമുറിയിൽ കയറുന്ന സ്ത്രീകളും ഇല്ലാതില്ല. ദാമ്പത്യജീവിതം ഭാര്യയുടെയും, ഭർത്താവിന്റെയും ജീവിതകാലം മുഴുവൻ ഒന്നിച്ച്‌ അനുഭവിക്കേണ്ടതാണ്‌. അത്‌ സുരക്ഷിതമാക്കാനും, സന്തോഷപ്രദവും സമാധാനകരവുമാക്കാനും ഭാര്യമാരെപ്പോലെ തന്നെ ഭർത്താക്കന്മാരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌. അല്ലെങ്കിൽ ബന്ധം വേർപിരിയലിൽ കലാശിക്കാം, കലാശിക്കുന്നുമുണ്ട്‌. ഭാര്യയുടെ സുഖവും, സന്തോഷവുമായിരിക്കണം ഭർത്താവിന്‌ പരമപ്രധാനം. പല സ്ത്രീകളും ലൈംഗികബന്ധനത്തിനു വിമുഖരാകുന്നത്‌ അവർ ഈ പ്രകീയയിൽ സംതൃപ്തരാകാത്തതുകൊണ്ടാണ്‌. മിക്കസ്ത്രീകൾക്കും ഇത്‌ ഭർത്താവിനെ പറഞ്ഞ്‌ മനസ്സിലാക്കാൻ ലജ്ജയാണ്‌. സ്ത്രീകൾ മിക്കവർക്കും അപൂർവ്വം ചിലർ ഒഴിച്ചാൽ, സ്വാഭാവികമായും ലൈംഗികാസക്തി കുറവാണ്‌. പലരിലും ഇല്ലെന്നുതന്നെ പറയാം. അത്‌ ഉണ്ടാകുന്നത്‌ പുരുഷന്റെ ഉത്സാവഹും കഴിയും അനുസരിച്ചായിരിക്കും. സ്ത്രീകൾ ഇതിൽ മുൻകൈ എടുക്കുക അപൂർവ്വമാണ്‌. എന്നാൽ ചുരുക്കം ചിലർ ഇതിന്‌ അപവാദവുമാണ്‌. ഉറങ്ങികിടക്കുന്ന വികാരങ്ങൾ ഉണർത്തിയിട്ട്‌ അത്‌ പൂർത്തീകരിക്കാതെയും സംതൃപ്തരുമാക്കേയുമിരുന്നാൽ അതിന്റെ ഭവിഷ്യത്ത്‌ എന്തായിരുക്കുമെന്ന്‌ ഊഹിക്കാമല്ലോ. ആയതിനാൽ പലസ്ത്രീകളും, തുടക്കത്തിൽ നല്ല ലൈംഗികാസക്തി പ്രകടിപ്പിക്കുന്നവർ ക്രമേണ അതിൽ വിമുഖരായി കാണുന്നത്‌. പൂർണ്ണമായി നിഷേധിക്കുന്നവരും ഇല്ലാതില്ല.

വളരെയധികം പേരുടെ അനുഭവമാണ്‌. ഇത്‌ ജീവിതപരാജയം അവരുടെ അസംതൃപ്തി പലപ്പോഴും ഭർത്താവിനോടെന്നല്ല ആരോടും പറയുകയില്ല. വിവാഹത്തിനുശേഷം വർഷങ്ങളോളം ലൈംഗികവേഴ്ചയിലേർപ്പെടാൻ ഭർത്താവിന്റെ കഴിവുകേടുമൂലം സാധിക്കാത്ത സ്ത്രീകൾ ആരോടും പരാതി പറയാത്തവരുണ്ട്‌. എന്നാൽ ചിലർ ഇക്കാരണത്താൽ ആദ്യരാത്രി കഴിയുമ്പോൾ തന്നെ സ്വഭവനത്തിലേക്ക്‌ ഓടിപ്പോകുന്നുമുണ്ട്‌. ചിലർ ആദ്യം അമ്മയോടു പറയും, അമ്മ അച്ഛനോടും, പിന്നീട്‌ ഭർത്തൃബന്ധുക്കളോടും തുടർന്നു മറ്റുള്ളവരോടും ഇങ്ങനെ പരാതിപ്പെടുന്നത്‌ വിവാഹമോചനത്തിനോ, ആത്മഹത്യക്കോവരെ വഴി തെളിക്കും. പല പുരുഷന്മാരിലും ലൈംഗികശേഷി ഇല്ലാത്തതിനുകാരണം അതിന്മേലുള്ള ഭയം മൂലമാണ്‌. ഇത്‌ കാരണമായി മനോരോഗികളായ യുവഡോക്ടർവരെയുണ്ട്‌. വിവാഹത്തിനു മുമ്പേ പരസ്ത്രീ ബന്ധമില്ലാത്തവൾക്ക്‌ തുടക്കത്തിൽ ലൈംഗികവേഴ്ച വിജയകരമായി നടത്താൻ ദിവസങ്ങളോ ആഴ്ചകളോ സാധ്യമല്ലാതെ വരുന്നു. ഇതേപ്പറ്റി അധികം ചിന്തിക്കുന്നവർക്ക്‌ ക്രമേണ വർദ്ധിച്ചു വരുന്ന ഭയംമൂലം ലൈംഗിക ശേഷി കുറഞ്ഞു വരുന്നത്‌ സാധാരണമാണ്‌. ഇത്‌ പലരിലും ഒരു ദൂഷിത വലയമായി ഭവിക്കുന്നു. വിവാഹത്തിനു മുമ്പ്‌ പരസ്ത്രീ ബന്ധമുള്ളവർക്ക്‌ പരാജയം സംഭവിക്കുമ്പോൾ അതുമൂലം മാനസിക വിഭ്രാന്തി ഉണ്ടാകുന്നതും അപൂർവ്വമല്ല. ഇതും ആത്മഹത്യവരെയുള്ള അത്യാഹിതങ്ങൾക്ക്‌ കാരണമാകുന്നുണ്ട്‌. ശാസ്ത്രീയമായ പരിശോധനകളും. നിർദ്ദേശങ്ങളും മാത്രമെ മേൽപ്പറഞ്ഞ കുഴപ്പങ്ങൾ പരിഹരിക്കുന്നതിന്‌ ഉപകരിക്കൂ. ശരിയായ നിർദ്ദേശങ്ങളും ചികിത്സയും ലഭിക്കാത്തവരാണ്‌ ഭയംകൊണ്ട്‌ കൂടുതൽ പ്രയാസം അനുഭവിക്കുന്നത്‌.

ലൈംഗികവേഴ്ച കൊണ്ട്‌ പുരുഷന്‌ രോഗവും, ക്ഷീണവും സംഭവിക്കുമെന്ന ധാരണയുണ്ട്‌. ഇത്‌ മിഥ്യാബോധമാണ്‌. പല വൈദ്യന്മാരും സെക്സോളജിസ്റ്റ്‌ എന്ന്‌ സ്വയം വിശേഷിപ്പിക്കുന്നവരും ഈ ദൗർബ്ബല്യം പണം സമ്പാദിക്കുവാൻ പറ്റിയ മാർഗ്ഗമായി ഉപയോഗിക്കുന്നുണ്ട്‌. ഇങ്ങനെയുള്ളവർ ഈ നാട്ടിൽ ധാരാളമുണ്ട്‌. മിക്കവാറും എല്ലാ മാധ്യങ്ങളിലും ഇവരെപ്പറ്റിയുള്ള പരസ്യങ്ങൾ കാണാറുമുണ്ട്‌. സ്വപ്നസ്ഖലനം, ശീഘ്രസ്ഖലനം, സ്വയംഭോഗം ഈ വക കാണുന്നവർ ഒരു രോഗമായി കരുതി രഹസ്യമായി മേൽപറഞ്ഞ കൂട്ടരെ സമീപിക്കുന്നുമുണ്ട്‌.
g velayudhan as a philanthropist

HOME