Followers

Tuesday, August 11, 2009

ഗോധ്രയുടെ ആകാശം -ഗണേശ്‌ പന്നിയത്ത്‌

ഇൻക്യുബേറ്ററിലേക്ക്‌ കൂട്ടിയെ മാറ്റിയെന്നറിഞ്ഞപ്പോൾ നിലവിളി തുങ്ങി നിൽക്കുന്ന മുഖഭാവത്തോടെ റസിയ സുൽത്താന എന്നെനോക്കി. ആ നോട്ടത്തിൽ ഒരു നൂറ്‌ ചോദ്യങ്ങൾ നിഴലിച്ചിരുന്നു. അവൻ രക്ഷപ്പെടുമോയെന്ന്‌ തന്നെയായിരുന്നു മുഖ്യമായത്‌. ഭൂകമ്പത്തെ അതിജീവിച്ച കുട്ടിക്ക്‌ പ്രസവാനന്തരം ജീവിതമുണ്ടാവുമോ അരവിന്ദാ എന്ന്‌ അവൾ ചോദിക്കുകയായിരുന്നു. അവൾ പിന്നെ കരച്ചിലേക്ക്‌ വഴുതുമെന്ന്‌ കരുതി അവളുടെ അരികിലിരുന്ന്‌ തലയിൽ തലോടി ഞാൻ പറഞ്ഞു: പേടിക്കാനൊന്നുമില്ലെന്നാണ്‌ ഡോക്ടർ പറഞ്ഞത്‌. പ്രാർത്ഥിക്കുക. മനസ്സ്‌ നിറഞ്ഞ്‌ പ്രാർത്ഥിക്കുക. ഒക്കെ ശരിയാവും... അനുസരണയുള്ളൊരു കുട്ടിയെപ്പോലെ അവളൊരു നിമിഷം പ്രാർത്ഥനയിലേക്ക്‌ മിഴിപൂട്ടി. അവൾ പക്ഷേ കരഞ്ഞുതുടങ്ങിയിരുന്നു. കവിളുകളിൽ കണ്ണുനീരിന്റെ നനവുവീണു. പിന്നെ എന്റെ കൈ മുഖത്തോടു ചേർത്തുവെച്ച്‌ അവൾ ചോദിച്ചു - അവനെ ലാളിക്കാനും മുല കൊടുക്കാനുമൊക്കെ എനിക്ക്‌ ഭാഗ്യമുണ്ടാവുമോ? അരവിന്ദാ? ആശുപത്രിയിലേക്ക്‌ പുറപ്പെടുമ്പോൾ തുടങ്ങിയതാണ്‌ അവളുടെ വേവലാതി. ദുരന്തത്തെക്കുറിച്ചുള്ള ഓർമ്മകളൊക്കെ മറന്ന്‌ പ്രസവിക്കാനും മുലയൂട്ടുവാനുമൊക്കെ ഏറെ കൊതിച്ചിരിക്കുകയായിരുന്നു അവൾ. കലശലായ തല ചുറ്റലും വയറുവേദനയുമായി ഏഴാം മാസത്തിൽത്തന്നെ ആശുപത്രിയിൽ അഡ്മിറ്റ്‌ ചെയ്യേണ്ടി വന്നപ്പോൾ സ്ത്രീസഹജമായ ആശങ്കയിൽ അവൾ ശരിക്കും തളർന്നു പോയിരുന്നു. കുഞ്ഞിനെ നഷ്ടപ്പെടുമെന്ന വിചാരം തന്നെയായിരുന്നു അവൾക്ക്‌.

മാസം തികയാതെ ജന്മംകൊള്ളുന്ന കുഞ്ഞുങ്ങളെയൊക്കെ ദൈവം തിരിച്ചെടുക്കുമെന്നുള്ള ഒരുതരം ബോധം ഇതിനിടയിൽതന്നെ അവൾ വളർത്തിയെടുത്തിരുന്നു. കുട്ടിത്തം മാറാത്ത അവളുടെ മുഖത്ത്‌ അതെപ്പോഴും നിഴലിച്ചു കിടന്നിരുന്നു. മഴമേഘങ്ങൾ തൂങ്ങിനിൽക്കുന്ന മോർവിയുടെ ആകാശത്ത്‌ കഴുകന്മാർ വട്ടമിട്ടു പറക്കുന്ന ഒരു സായാഹ്നത്തിലാണ്‌ ഞാൻ അവളെ കാണുന്നത്‌. ഭൂകമ്പം കഴിഞ്ഞതിന്റെ മൂന്നാം ദിവസമായിരുന്നു അത്‌. ഉപേക്ഷിക്കപ്പെടേണ്ട ഒരു നഗരമായി മാറിയിരുന്നു മോർവി. ഒരു പ്രേതനഗരംപോലെ അത്‌ കിടന്നു. ജീവന്റെ കണികകളൊന്നും മോർവിയിൽ ശേഷിച്ചിരുന്നില്ല. ഒരുപക്ഷേ അവിടെ അവശേഷിച്ച ഏക മനുഷ്യജീവി റസിയ മാത്രമായിരിക്കണം. ഏതു നിമിഷവും പെയ്യാവുന്നൊരു പെരുമഴയുടെ മുന്നോടിയായെത്തുന്ന തണുത്ത കാറ്റിൽ അഴുകിയ ജഡങ്ങളുടെ ദുർഗന്ധമായിരുന്നു. പാടെ തകർന്ന ഒരു രാമക്ഷേത്രത്തിന്റെ കരിങ്കൽത്തൂണിലാണ്‌ അവൾ ഇരുന്നിരുന്നത്‌. നെഞ്ചുമുതൽ മേലോട്ടുള്ള ഭാഗങ്ങളൊക്കെ ഉടഞ്ഞുപോയ മാർബിളിൽ തീർത്ത രാമവിഗ്രഹം കരിങ്കൽത്തൂണിന്റെ അടിയിൽ കിടന്നിരുന്നു.

തല താഴ്ത്തിയിരിക്കുന്ന അവളുടെ ശ്രദ്ധയത്രയും തലയറ്റുപോയ ഈശ്വരാവതാരത്തിന്റെ ദുര്യോഗത്തിലായിരുന്നിരിക്കാം. അതുകൊണ്ടാവാം ഒരുപക്ഷേ അവൾ എന്റെ സാന്നിദ്ധ്യം അറിയാതിരുന്നത്‌. അവൾ ചെറിയൊരു കുട്ടിയാണെന്നാണ്‌ ഞാൻ കരുത്തിയത്‌. ഭൂകമ്പത്തിൽ എല്ലാം നഷ്ടപ്പെട്ട നിരാലംബയായൊരു കുട്ടി. അത്രമാത്രം ശോഷിച്ചതായിരുന്നു അവളുടെ ശരീരം. ഞാനവളുടെ ശ്രദ്ധയാകർഷിക്കാൻ ശ്രമിച്ചെങ്കിലും അവളൊന്നും അറിഞ്ഞതേയില്ല. ഞാനവളുടെ ചുമലിൽ കൈവച്ചു. അവളപ്പോൾ പതിയെ മുഖമുയർത്തി. ഓ...ജീവിതത്തിൽ അതുപോലൊരു മുഖം ഞാൻ ആദ്യമായി കാണുകയായിരുന്നു. അവളുടെ മുഖത്ത്‌ ചോരയോട്ടം നിലച്ചുപോയിരുന്നു.

അഴുക്കുപുരണ്ട കണ്ണീർപ്പാടുകളായിരുന്നു അവളുടെ മുഖമാകെ. അതിനു മുകളിൽ ഒരു ദൈവസ്പർശനത്തിനും ശാന്തി നൽകാനാവാത്തവിധം നിലവിളികൾ ഉറഞ്ഞുകൂടിയിരുന്നു. എന്റെ സാന്നിദ്ധ്യം ആദ്യമവളെ ഭയവിഹ്വലയാക്കിയിരിക്കണം. അവിശ്വസനീയമായൊരു കാഴ്ചകാണുന്നതുപോലെ അവൾ എന്നെ പകച്ചുനോക്കി. പിന്നെ മനുഷ്യാവസ്ഥയുടെ കണ്ണികളറ്റുപോയ ഭൂതലത്തിലേക്ക്‌ അവൾ കണ്ണുകൾ നീട്ടി. ചരിത്രമായി മാറിയ മോർവിയുടെ നിഴൽപ്പാടുകൾ തകർച്ചയുടെ മഹാരോദനങ്ങളായി അവളുടെ കണ്ണുകളിൽ നിഴലിച്ചു. എത്രയോ കാലത്തിനുശേഷം കണ്ടുമുട്ടിയ ഒരു മനുഷ്യജീവിയുടെ അവസ്ഥയായി എന്റെ സാന്നിദ്ധ്യം അവൾ പിന്നെ ഗ്രഹിച്ചിരിക്കണം. അവൾ ആയാസപ്പെട്ട്‌ എഴുന്നേൽക്കുകയും എന്നെ തീവ്രമായി കെട്ടിപ്പിടിക്കുകയും ചെയ്തു. അവൾ എഴുന്നേറ്റപ്പോൾ മാത്രമാണ്‌ അവളിലെ സ്ത്രീയെ ഞാൻ തിരിച്ചറിഞ്ഞത്‌. അവൾ ഗർഭിണിയായിരുന്നു. അവളുടെ വീർത്ത വയർ മെലിഞ്ഞ ശരീരത്തിനു പാകമാവാത്തൊരു അവയവമായി നിലകൊണ്ടു. വെളുത്തത്താണെങ്കിലും തീരെ മുഷിഞ്ഞുപോയ സൽവാറും കമ്മീസുമാണ്‌ അവൾ ധരിച്ചിരുന്നത്‌. കമ്മീസിന്റെ വലതുഭാഗം നെടുനീളത്തിൽ കീറിയതിലൂടെ ചെറിയ മുല പുറത്തേക്ക്‌ തള്ളിനിന്നിരുന്നു.

തകർന്നടിഞ്ഞ നഗരത്തെ വീക്ഷിക്കുന്ന പേടിച്ചരണ്ട കണ്ണാണെന്നു തോന്നി അത്‌. ചെമ്പിച്ച നീളം കുറഞ്ഞ മുടിയായിരുന്നു അവളുടേത്‌. മുഷിഞ്ഞ പച്ച നിറമാർന്ന ഒരു റിബ്ബൺ കൊണ്ട്‌ അത്‌ അലസമായി കെട്ടിയിരുന്നു. ആശ്രയമറ്റ ഒരു പെൺകുട്ടിയുടെ വിഹ്വലതകൾ അവൾ എന്റെ നെഞ്ചത്ത്‌ കരഞ്ഞ്‌ തീർക്കുകയായിരുന്നു. അവൾ ആരാണെന്നറിയാതിരുന്നിട്ടും അവൾ എന്റെ നെഞ്ചത്ത്‌ മുഖം ചേർത്ത്‌ വിങ്ങുമ്പോൾ ഏതോ ഒരാത്മീയബന്ധത്തിന്റെ ദൃഢതയും പൊരുളും ഞാൻ അറിഞ്ഞു. രണ്ടു മനുഷ്യരെ ബന്ധിച്ചുനിർത്തുന്ന പാരസ്പര്യത്തിന്റെ ഉൽകൃഷ്ടമായൊരവസ്ഥ. കരച്ചിലിനോടൊപ്പം അവൾ പിറുപിറുത്തുകൊണ്ടിരുന്നു. എനിയ്ക്കാരുമില്ല...എനിയ്ക്കാരുമില്ല. അവളിൽ ഒരു വളയം തീർക്കുകയായിരുന്നു എന്റെ കൈകൾ. സുരക്ഷിതമായൊരു സ്ഥാനത്തിന്റെ സ്പർശനം അവളപ്പോൾ തിരിച്ചറിഞ്ഞിട്ടുണ്ടാവാം. ആശ്രയമറ്റ ബോധങ്ങളിൽ ചേരിതിരിവുകളുടെ പിരിമുറുക്കമില്ലെന്നും വ്യവസ്ഥാപിതമായ ഒന്നും നിലനിൽക്കുന്നില്ലായെന്നും അറിഞ്ഞിരിക്കണം അവളും.

പിന്നെയും തീവ്രമാകുകയായിരുന്നു അവളുടെ ബന്ധനം. അള്ളാ...ഇടയ്ക്കിടെ അവൾ വിളിച്ചുകൊണ്ടിരുന്നു. അതിരുകളില്ലാത്ത വെറും മനുഷ്യാവസ്ഥക്കുമീതെ ദുർഗന്ധപൂരിതമായ കാറ്റ്‌ പിന്നെയും വീശിക്കൊണ്ടിരുന്നു. ബീഹാറിലെ ഡാർബംഗയിൽ നിന്ന്‌ കുടിയേറി പാർത്തവരായിരുന്നു അവളുടെ കുടുംബക്കാർ. സൂറത്തിലെ തുണിമിൽ തൊഴിലാളിയായിരുന്നു അവളുടെ അച്ഛൻ. പതിനഞ്ചാമത്തെ വയസ്സിൽ വിവാഹിതയായ അവളുടെ ഭർത്താവും അച്ഛന്റെ അതേ കമ്പനിയിലായിരുന്നു. അവളുടെ കുടുംബാംഗങ്ങൾ. ഒരൊറ്റ രാത്രികൊണ്ട്‌ എല്ലാം ഒടുങ്ങുകയായിരുന്നു. ഒരു ജന്മത്തിന്റെ സ്നേഹം, വിശ്വാസം, സ്വപ്നം, എല്ലാം... അവളുടെ നിഗമനങ്ങൾ തെറ്റിയില്ല. മാസം തികയാതെ ജന്മംകൊണ്ട കുഞ്ഞ്‌ മൂന്നാം നാൾ തിരിച്ചുപോയി...അവൾ എന്നാൽ കരഞ്ഞതേയില്ല. കണ്ണുകൾ വിദൂരതയിൽ കൊരുത്ത്‌ മൗനത്തിന്റെ കയങ്ങളിൽ കൂനിപ്പിടിച്ചിരുന്നു. മുറിക്കുള്ളിൽ എപ്പോഴും പാൽമണം നിറഞ്ഞുനിന്നു. അസഹ്യമായി വിങ്ങുന്ന മുലകൾ പിഴിഞ്ഞുകളയുമ്പോൾ അവൾ ആശ്വാസം കൊണ്ടു. എന്നാൽ അത്രതന്നെ മുലപ്പാൽ ക്ഷണനേരം കൊണ്ട്‌ പിന്നെയും നിറയുകയായിരുന്നു. സഹിക്കാനാവാത്ത വേദനയിലെന്നപോലെ അപ്പോഴൊക്കെ അവൾ ഖുർആൻ സൂക്തങ്ങളിൽ അഭയംതേടി. എന്തുപറഞ്ഞാണ്‌ അവളെ സമാധാനിപ്പിക്കേണ്ടത്‌ എന്ന്‌ എനിക്കറിയില്ലായിരുന്നു. അല്ലെങ്കിലും വാക്കുകളൊന്നും സമാധാനം തരുന്ന കാര്യമല്ലല്ലോ ഇവിടെ.

ദുരന്തങ്ങളുടെ ബാക്കിപത്രം പോലെ അവൾ എപ്പോഴും നിലകൊണ്ടു. പിന്നെയെപ്പോഴോ ഒരു രഹസ്യംപോലെ അവൾ പറഞ്ഞു. നമുക്കിവിടെനിന്ന്‌ പോകാം അരവിന്ദാ...ഈ സ്ഥലവും ഓർമ്മകളുമൊക്കെ എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. ഇവിടെ ഇനിയും കഴിഞ്ഞുകൂടിയാൽ ഒരു പക്ഷേ ഞാൻ മരിച്ചുപോകും.. കാലിക്കൂട്ടങ്ങളുടെ നടുവിലാണ്‌ ഗോധ്ര വളരുന്നതെന്ന്‌ തോന്നും. നഗരത്തിന്റെ വിളി കേൾക്കുന്ന ഒരു ഗ്രാമീണബോധം തന്നെയാണ്‌ ഗോധ്ര. അവിടെ ജീവിതം തുടങ്ങിയപ്പോൾ ഒരു കാര്യം ഞങ്ങൾക്ക്‌ ബോധ്യമായി. രണ്ടു മതസ്ഥർ ഒരുമിച്ച്‌ കഴിയുന്നൊരു അവസ്ഥയെ അംഗീകരിക്കുകയോ ആ ബോധം ഉൾക്കൊള്ളാൻ ആരും ശ്രമിക്കുകയോ ചെയ്യുന്നില്ലായെന്ന്‌. ഇത്‌ ഗോധ്രയുടെ മാത്രം മനഃശാസ്ത്രമല്ലല്ലോയെന്ന്‌ ഞാൻ സമാധാനിച്ചു. എല്ലാ ദേശങ്ങളുടെയും സ്ഥിതി ഇതുതന്നെ.
പാരമ്പര്യമായി സൂക്ഷിച്ചുപോരുന്നതിനപ്പുറത്തേക്കുള്ള ഒരു ചിന്തയിലേക്ക്‌ വളരാൻ ആർക്കും താൽപര്യമില്ല. അല്ലെങ്കിൽ അങ്ങനെ ചിന്തിക്കാൻ പേടിയാണ്‌ എല്ലാവർക്കും.
ഹിന്ദുക്കൾ എന്നു പറയുന്നവർ എന്നോടു ചോദിക്കും; നിങ്ങൾക്ക്‌ എന്തിന്റെ ഭ്രാന്താണ്‌ മദ്രാസി ബാബൂ. ഒരു മുസ്ലീം പെൺകുട്ടിയുമൊത്തുള്ളൊരു ജീവിതം നല്ലതെന്ന്‌ കരുതുന്നുവോ നിങ്ങൾ....? ഞാൻ ഒന്നും പറയില്ല. വളരെ നേർത്തൊരു ചിരിയിൽ കാര്യങ്ങളൊതുക്കും. എന്തെങ്കിലും പറഞ്ഞുതുടങ്ങിയാൽ പിന്നെ ഒന്നിനും ഒരവസാനമുണ്ടായെന്ന്‌ വരില്ല. ഗോധ്ര കത്തിയെരിയുമ്പോൾ ഞങ്ങൾ ഫ്ലാറ്റിൽതന്നെയായിരുന്നു. എല്ലാ ജനലുകളും വാതിലുകളും അവൾ അടച്ചുപൂട്ടിയിരുന്നു. മുറിക്കുള്ളിലെ ലൈറ്റിടാൻപോലും അവൾ പേടിച്ചു. ടി.വി.ഓൺ ചെയ്യുകയോ മിക്സി പ്രവർത്തിക്കുകയോ ചെയ്തില്ല. ഭക്ഷണം പാകം ചെയ്യാൻ പോലും ചിലപ്പോഴൊക്കെ അവൾ മറന്നു. പ്രാർത്ഥനകളായിരുന്നു എപ്പോഴും. ഈ മുറിക്കുള്ളിലേക്ക്‌ ഏതു നിമിഷവും വർഗീയ ഭ്രാന്തന്മാർ കടന്നെത്തുമെന്നും പിന്നെ ഇവിടെ ജീവിതം ബാക്കിയുണ്ടാവില്ലെന്നും അവൾ കണക്കുകൂട്ടുകയായിരുന്നു. ഒരാൾക്ക്‌ മറ്റൊരാളെ രക്ഷിക്കാൻ കഴിയാത്ത പരിതാപകരമായ അവസ്ഥ... അരവിന്ദാ നാം എന്തുചെയ്യും?
അവൾ എന്നെ ഇറുകെപ്പിടിച്ച്‌ ചോദ്യങ്ങൾ ആവർത്തിക്കും. ഉത്തരങ്ങളില്ലാതെ ഞാനവളെ സ്പർശനത്തിലൂടെ ആശ്വസിപ്പിക്കാൻ ശ്രമിക്കുകയാവും. എന്നാൽ അപ്പോഴും ഞാൻ സ്വയം ചോദിച്ചുകൊണ്ടിരുന്നു-എന്താണ്‌ ചെയ്യുക...? മുറിപ്പാടുകൾ വീണുപോയി ഗോധ്രയിലാകെ. ചത്തും കൊന്നും ഗോധ്രക്കാർ മുന്നേറി. ആരാധനാലയങ്ങളിൽ ആയുധങ്ങൾ കുമിഞ്ഞുകൂടി. ആക്രമിക്കാനും ഒളിപ്പിച്ചിരിക്കാനുമായി മാറ്റിയ അവിടങ്ങളിൽ നിന്ന്‌ ദൈവം കുടിയൊഴിഞ്ഞുപോയി... റസിയ എപ്പോഴും പറഞ്ഞുകൊണ്ടിരുന്നു-പേടി തോന്നുന്നു അരവിന്ദാ...എങ്ങോട്ടെങ്കിലും ഓടിപ്പോവാം നമുക്ക്‌... ഈ മുറിക്കുള്ളിലിപ്പോൾ വെള്ളവും വെളിച്ചവുമില്ല. ഞങ്ങൾ രണ്ട്‌ മനുഷ്യജീവികൾ പേടിച്ചരണ്ട്‌, മുഖം കാണാതെ പരസ്പരം കെട്ടിപ്പിടിച്ച്‌ തുരുമ്പിച്ച ഏതോ വിശ്വാസങ്ങളുടെ ആയുധങ്ങളുമായി വരുന്ന ഭ്രാന്തന്മാരുടെ താണ്ഡവങ്ങൾക്ക്‌ കാതോർത്ത്‌....