വി.ജയദേവ്
പലതും പറയുന്ന കൂട്ടത്തില്‍
ഒരു വാക്ക് പറയുകയായിരുന്നു.
അന്നന്ന് ചെയ്യേണ്ടിവരുന്ന
അടിമപ്പണികളെ കുറിച്ച്.
പകലന്തിയോളം
വിറകു വെട്ടിയും
വെള്ളം കോരിയും.
ഉണക്കാനിട്ട ഇരുട്ടിനെ
രാത്രി മുഴുവന്‍
നിലാവ് കൊത്താതെ
കാവലിരുന്നും.
മുതുകിലെ കറുത്ത
വിരല്പ്പാടുകളില്‍
സങ്കടങ്ങളത്രയും
കരിഞ്ഞു കിടന്നിരുന്നു.
എന്നിട്ടിത്രയായിട്ടും
ഒന്നും മിണ്ടിപ്പറയാന്‍
ഈ വാക്കൊട്ടും
മറന്നില്ലല്ലോ എന്ന്
വിചാരിച്ചു ഞാന്‍.
ഞാനതെന്നേ മറന്നിരുന്നു.