Followers

Thursday, December 1, 2011

ബര്‍മ്മയിലേക്ക് ഒരു കത്ത്

വി.പി.അഹമ്മദ്



വിദേശങ്ങളില്‍ ജോലി ചെയ്യാനും കച്ചവടത്തില്‍ ഏര്‍പ്പെടാനും ഏറെ ഇഷ്ടപ്പെടുന്ന നമ്മുടെ ആളുകള്‍ കുബൈത്തും ദുബായിയും അബൂദുബായിയും "കണ്ടുപിടിക്കു"ന്നതിന് വളരെ മുമ്പായി ബര്‍മ്മയില്‍ പോയിരുന്നു. ബര്‍മ്മ ഏതെന്നു ഒരു നിമിഷം സംശയിക്കുന്ന കുറച്ചു പേരെങ്കിലും, പ്രത്യേകിച്ച് ഇളം തലമുറയില്‍ ഉള്ളവര്‍ , കാണും. ഇന്ത്യയുടെ കിഴക്ക് ഭാഗത്തുള്ള അയല്‍ രാജ്യമാണ് ഇന്ന് മ്യാന്മര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ബര്‍മ്മ.



രാഷ്ട്രീയം, മതപരം, സാംസ്കാരികം, കല, കച്ചവടം തുടങ്ങിയ മേഖലകളില്‍ ഇന്ത്യക്കാരുടെ ബര്‍മ്മയിലെ സാന്നിദ്ധ്യം സഹസ്രാബ്ദങ്ങളോളം പഴക്കമുള്ളതാണ്. ബര്‍മ്മ ബ്രിട്ടീഷ്‌ ഇന്ത്യയുടെ ഭാഗമായിരുന്ന കാലത്താണ് ഭൂരിഭാഗം ഇന്ത്യക്കാരും കച്ചവടത്തിനായും തൊഴില്‍ തേടിയും അവിടേക്ക് കൂട്ടമായി നീങ്ങിയത്. സര്‍ക്കാര്‍ ജീവനക്കാര്‍ , എഞ്ചിനീയര്‍മാര്‍ , സൈനികര്‍ , റോഡ്‌ പണിക്കാര്‍ എന്നിങ്ങനെ ധാരാളം ഇന്ത്യക്കാര്‍ അവിടെ ജോലിയെടുത്തു. ബ്രിട്ടീഷ്‌ സര്‍ക്കാരിന്‍റെ പ്രോത്സാഹനത്തോടെ നെല്ല് കൃഷിയിലെര്‍പ്പെടാനും ധാരാളം ഇന്ത്യക്കാര്‍ (പ്രത്യേകിച്ച് തെക്കേ ഇന്ത്യക്കാര്‍ ) അവിടെ കുടിയേറിയിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്‍റെ ആരംഭത്തില്‍ റംഗൂണില്‍ (ഇപ്പോള്‍ യാംഗോണ്‍ ) ജനസംഖ്യയുടെ പകുതിയോളം തെക്കേ ഇന്ത്യക്കാരായിരുന്നു.


1962-ല്‍ സൈനിക നീക്കത്തോടെ അധികാരം കൈക്കലാക്കിയ ജെനറല്‍ നെവിന്‍ ഇന്ത്യക്കാരെ മുഴുവനായി പുറത്താക്കാന്‍ ഉത്തരവിറക്കി. തലമുറകളായി അവിടെ ജീവിക്കുകയും ആ സമൂഹത്തില്‍ അലിഞ്ഞു ചേരുകയും ചെയ്ത ഇന്ത്യക്കാര്‍ പൊടുന്നനെ ആക്രമിക്കപ്പെടാന്‍ തുടങ്ങി. 1964-ല്‍ ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ കച്ചവട സ്ഥാപനങ്ങളുടെ കൂട്ടായ ദേശ സാല്‍ക്കരണം കൂടെ ആയപ്പോള്‍ എല്ലാം നഷ്ടപ്പെട്ടും പീഡനങ്ങള്‍ സഹിക്ക വയ്യാതെയും മൂന്ന് ലക്ഷത്തോളം വരുന്ന ഇന്ത്യക്കാര്‍ക്ക് പലായനം ചെയ്യേണ്ടി വന്നു. വ്യോമമാര്‍ഗവും ജലമാര്‍ഗവുമായി അവരെ ഇന്ത്യയില്‍ എത്തിക്കുന്നതില്‍ ഭാരത സര്‍ക്കാര്‍ കാര്യമായ പങ്കു വഹിച്ചെങ്കിലും പലരും മരിക്കുകയും കാണാതാകപ്പെടുകയും ചെയ്തു.


* * * *
1960-61 കാലം, പ്രൈമറി സ്കൂളില്‍ (അഞ്ചാം തരം) പഠിക്കുകയാണ് ഞാന്‍ . ആ വര്‍ഷമാണ് മൂത്ത സഹോദരിയുടെ കല്യാണം നടന്നത്. അളിയന്‍റെ പിതാവിന് ബര്‍മ്മയില്‍ കച്ചവടമായിരുന്നു. കല്യാണത്തോടനുബന്ധിച്ചു നാട്ടില്‍ വന്ന അദ്ദേഹം തിരിച്ചു പോകുന്നതിന് മുമ്പുള്ള കുറഞ്ഞ കാലയളവില്‍ കുട്ടികളായ ഞങ്ങളോടും വലിയവരോടും വളരെ അടുത്തിരുന്നു. അമ്മദ്കാക്ക എന്നാണ് ഞങ്ങള്‍ എല്ലാവരും അദ്ദേഹത്തെ സ്നേഹപൂര്‍വ്വം വിളിച്ചിരുന്നത്‌. അദ്ദേഹം കാണിച്ച സ്നേഹവും അദ്ദേഹത്തോട് ഞങ്ങള്‍ക്കുണ്ടായിരുന്ന ആദരവും നല്ല ഒരോര്‍മ്മയായി ഇന്നും മനസ്സിലുണ്ട്, ഒരിക്കലും മറക്കാന്‍ കഴിയാത്ത വിധത്തില്‍ .


ആദ്യമായി ഞാന്‍ അവരുടെ വീട്ടില്‍ പോയത്‌, അദ്ദേഹത്തിന്‍റെ കൂടെയാണ്. ഒരു വൈകുന്നേരം നടന്നായിരുന്നു യാത്ര. ഇരുട്ടാന്‍ തുടങ്ങിയപ്പോള്‍ വെളിച്ചത്തിനായി ഒരു ചൂട്ട് വാങ്ങാമെന്നു പറഞ്ഞ് ഒരു വീട്ടില്‍ കയറിയതും എന്നെ അകത്തോട്ട് വിളിച്ചു കൊണ്ടുപോയതും പെങ്ങളെ കണ്ടപ്പോള്‍ എന്നെ കളിപ്പിച്ചത് മനസ്സിലായതും ഒരു വലിയ തമാശയായി ഞാന്‍ ഓര്‍ക്കുന്നു. ആ വീട്ടിലെ പ്രവേശന മുറിയില്‍ ചുമരില്‍ തൂക്കിയിരുന്ന വലിയ ക്ലോക്ക് ഞാന്‍ വളരെ കൌതുകത്തോടെ ഏറെ നേരം നോക്കിയിരുന്നിട്ടുണ്ട്. ആഴ്ചയില്‍ ഒരിക്കല്‍ താക്കോല്‍ കൊടുക്കുന്ന ( winding ) വിദേശ നിര്‍മ്മിത (SEIKOSHA) മായ ക്ലോക്കിന്‍റെ സ്വര്‍ണ്ണ നിറത്തിലുള്ള പെന്‍ഡുലം ആടുന്നതും അപ്പോള്‍ കേള്‍ക്കുന്ന ടിക്ക്‌ ടിക്ക്‌ ശബ്ദവും അരമണിക്കൂര്‍ കൂടുമ്പോഴുള്ള മണിയടിയും എനിക്ക് ഇഷ്ടമായി. നോട്ടു ബുക്കിന്‍റെ വലുപ്പമുള്ള ഇന്ത്യന്‍ പാസ്പോര്‍ട്ട് ഞാന്‍ ആദ്യമായി കണ്ടതും അന്ന് അവിടെ വെച്ചാണ്.


ഒരു ദിവസം വീട്ടില്‍ വന്നു ഭക്ഷണമൊക്കെ കഴിച്ചതിനു ശേഷം, അദ്ദേഹം അടുത്ത ദിവസം ബര്‍മ്മയിലേക്ക് തിരിച്ചുപോവുകയാണെന്നും യാത്ര പറയാന്‍ വന്നതാണെന്നും അറിയിച്ചപ്പോള്‍ ഞങ്ങള്‍ക്കൊക്കെ ഏറെ വിഷമമായി. സ്വന്തം വീട്ടില്‍ നിന്നും ഉറ്റവരിലൊരാള്‍ പോകുന്ന പോലെ. ഏറെ വേദനയോടെയും നിറഞ്ഞ കണ്ണുകളോടെയുമാണ് ഞങ്ങള്‍ എല്ലാവരും അദ്ദേഹത്തെ യാത്രയാക്കിയത്.


രണ്ടു മൂന്ന് ആഴ്ചകള്‍ക്ക് ശേഷം ഉപ്പക്കു അദ്ദേഹത്തിന്‍റെ എഴുത്ത് വന്നു. നല്ല വടിവുള്ള കയ്യക്ഷരത്തിലുള്ള എഴുത്ത് വായിക്കാന്‍ എനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. "പടച്ചവന്‍റെ വേണ്ടുകയാല്‍ എനിക്ക് എത്രയും പ്രിയപ്പെട്ട മൂസ്സാക്കയും ........" യാത്രയില്‍ ബുദ്ധിമുട്ടൊന്നും കൂടാതെ എറംഗൂലില്‍ (റംഗൂണ്‍ ) എത്തിയ വിവരവും സുഖാന്വേഷണങ്ങളും മാത്രമായിരുന്നു ആ ഉപചാര കത്തിന്‍റെ ഉള്ളടക്കം. കത്തിനു ഒരു മറുപടി അയക്കുന്ന കാര്യം, വീട്ടില്‍ എല്ലാവരും ചര്‍ച്ച ചെയ്തെങ്കിലും ഒരു കത്തെഴുതാനുള്ള പരിജ്ഞാനം ഉപ്പക്ക് ഇല്ലാതിരുന്നതിനാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഒരു കീറാമുട്ടിയായി.


അങ്ങനെയിരിക്കെ ഒരു ദിവസം ഉമ്മയുടെ നിര്‍ദ്ദേശം അനുസരിച്ച് നോട്ടുബുക്കിന്‍റെ നടുവില്‍ നിന്ന് പറിച്ചെടുത്ത വരയുള്ള കടലാസ്സില്‍ ഉമ്മ പറഞ്ഞു തന്ന പോലെ ഞാന്‍ എന്‍റെ ആദ്യത്തെ കത്തെഴുതി. എബിസിഡി കാസിനു ബീഡി പാടാന്‍ മാത്രം തുടങ്ങിയിരുന്ന എനിക്ക്, എഴുത്ത് കവറിലാക്കി മേല്‍വിലാസം എഴുതി സ്റ്റാമ്പ്‌ ഒട്ടിച്ചു പെട്ടിയിലിടുന്ന പ്രക്രിയകള്‍ അറിയില്ലായിരുന്നു. അതിനാല്‍ എഴുതിയ കടലാസ്സ്‌ മടക്കി ഉപ്പയെ ഏല്‍പിച്ചു. അങ്ങാടിയില്‍ ആരുടെയോ സഹായത്തോടെ ബാക്കി കാര്യങ്ങള്‍ ഉപ്പ നടത്തുകയും ചെയ്തു.


ബര്‍മ്മയിലേക്ക് ഒരു കത്തിട്ട് മറുപടി ലഭിക്കാന്‍ അന്ന് മൂന്ന്‍ നാല് ആഴ്ചകള്‍ വേണ്ടി വരുമെങ്കിലും മാസങ്ങള്‍ പിന്നിട്ടിട്ടും മറുപടിയൊന്നും കണ്ടില്ല. ആകാംക്ഷയോടെ കാത്തിരുന്ന് കിട്ടാതായപ്പോള്‍ വിഷമം തോന്നിയെങ്കിലും ക്രമേണ കത്തിന്‍റെ കാര്യം മനസ്സില്‍ നിന്ന് ഇറങ്ങിപ്പോയി. പക്ഷെ അമ്മദ്കാക്ക എല്ലാവരുടെയും മനസ്സില്‍ നിറഞ്ഞു നിന്നു.


ഉപ്പയുടെ നെഞ്ചുന്തി നില്‍ക്കുന്ന കീശയില്‍ സ്ഥിരമായുള്ള തേങ്ങാകണക്കുകള്‍ എഴുതിയ തുണ്ട് കടലാസ്സുകളുടെയും പണപ്പയറ്റിന്‍റെ മടക്കിവെച്ച ക്ഷണക്കത്തുകളുടെയും മറ്റ് കടലാസ്സുകളുടെയും കെട്ടു ഒരു ദിവസം എന്തോ കാര്യത്തിനായി എന്നെ കൊണ്ട് പരിശോധിപ്പിച്ചപ്പോള്‍ കിട്ടിയ മടക്കിയ നോട്ടുബുക്കിന്‍റെ കടലാസ്സ് ഞാന്‍ നിവര്‍ത്തി വായിച്ചു, " ഏറ്റവും പ്രിയപ്പെട്ട അമ്മദ്കാക്ക വായിച്ചറിയുവാന്‍.......". നാട്ടില്‍ നിന്ന് ശത്രുക്കള്‍ ആരോ ഊമക്കത്തായി തനിക്കയച്ച കാലിക്കവര്‍ ആണെന്ന് സൂചിപ്പിച്ചു അമ്മദ്കാക്ക അത് വീട്ടിലേക്കു അയച്ചുകൊടുത്ത കാര്യം പെങ്ങള്‍ നേരത്തെ ഒരിക്കല്‍ പറഞ്ഞത്‌, അപ്പോള്‍ ഞങ്ങള്‍ എല്ലാവരും കൂട്ടിവായിച്ചു.