Followers

Thursday, December 1, 2011

യേശുദാസൻ പാണനാണ്!

ചിത്രകാരൻ

യേശുദാസ് പാണനാണ്, ചെംബൈ വൈദ്യനാഥ ഭാഗവതര്‍ പാണനാണ്, ആ റേഞ്ചില്‍ വരുന്നതല്ലെങ്കിലും, പാട്ടു പാടുന്നതിനാല്‍ ഞാനും പാണനാണ് എന്ന് വിനയത്തോടെ മനസ്സില്‍ തട്ടി പറയാന്‍ കഴിയുന്ന സത്യസന്ധത അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായിമാത്രം സിദ്ധിക്കുന്ന മഹനീയ ബോധമാണ്. കലാ-സാംസ്ക്കാരിക വിഷയങ്ങളില്‍ ഹരിഗോവിന്ദന് മഹത്വപൂര്‍ണ്ണമായ കാഴ്ച്ചശക്തിയുണ്ടെന്ന് മുകളില്‍ കൊടുത്ത വീഡിയൊ സാക്ഷ്യപ്പെടുത്തുന്നു.

ജീവിതത്തിന്റെ അതിസമ്മര്‍ദ്ദത്തില്‍ മാത്രം രൂപപ്പെടുന്ന വജ്രതുല്യമായ മാനവികവീക്ഷണമാണത്. കഠിനമായ കഷ്ടപ്പാടിലും സ്വന്തം മനസ്സിനെ ധനാത്മകമായി പിടിച്ചുനിര്‍ത്താന്‍ കഴിയുന്ന വ്യക്തികള്‍ക്കു മാത്രം അവകാശപ്പെട്ടതാണ് സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളെ സത്യസന്ധമായി തിരിച്ചറിയാനുള്ള ഉള്‍ക്കാഴ്ച്ച. ആ ഉള്‍ക്കാഴ്ച്ചയെ ഒരു മൂന്നാം കണ്ണായിത്തന്നെ കാണണം. ചിത്രകാരന്‍ കുട്ടിക്കഥകള്‍ പോലുള്ള ഹൈന്ദവ കല്‍പ്പനകളെ ന്യായീകരിക്കുകയല്ല, സമൂഹത്തിന്റെ ഉപരിതലങ്ങളേയും ജാതി-മതപരമായ പുറം തോടുകളേയും സംബത്തികമായ കോട്ടകൊത്തളങ്ങളേയും ഭേദിച്ച് സമൂഹത്തിന്റെ ആകത്തുകയായ സമഗ്രജീവിതത്തെ അറിയാനും പറയാനും കഴിയുന്ന അസാധാരണ കാഴ്ച്ചശക്തിയെ സാധാരണ ജനങ്ങള്‍ക്കു മനസ്സിലാകുന്ന ഭാഷയില്‍ പരിഭാഷപ്പെടുത്തിയെങ്കിലും മനസ്സിലക്കിക്കാന്‍ കഴിയുമോ എന്ന ശ്രമത്തിന്റെ ഭാഗമായി മാത്രമാണ് ഈ പ്രയോഗം നടത്തുന്നത് :)

ഹരിഗോവിന്ദന്റെ ഭാഷനോക്കു !!! ഹരിഗോവിന്ദന്റെ ഓരോ വാക്കും, പ്രയോഗങ്ങളും സ്ഫടികം പോലെ സുതാര്യവും,ശാസ്ത്രീയവും,ചരിത്രബോധമുള്ളതും, നിഷ്ക്കളങ്കവും, ലക്ഷ്യങ്ങളില്‍ ആഞ്ഞു തറക്കുന്നതുമാണ്. കോല്‍ക്കളിയും നാടന്‍ കലകളും കേരള കലാമണ്ഢലത്തില്‍ കഥകളി പഠിപ്പിക്കുന്ന തൊട്ടടുത്ത ക്ലാസ്സില്‍ തന്നെ പഠിപ്പിക്കേണ്ടതാണെന്നു പറയ്യുന്ന ലാളിത്യത്തോടെയുള്ള ആര്‍ജ്ജവം ഹരിഗോവിന്ദനെ ഒരു പാട്ടുകാരന്‍, ഇടക്കാവാദകന്‍,കുചേലനായിരുന്ന ഞരളത്തു രാമ പൊതുവാളിന്റെ മഹാനായ സന്തതി എന്നതിലെല്ലാം ഉപരി ഒരു ദാര്‍ശനിക പ്രതിഭയാക്കുന്നുണ്ട്.

കഥകളിയും കോല്‍ക്കളിയും അടുത്തടുത്ത കളരികളില്‍ സംഭവിക്കാതത് എന്താണെന്ന് .....ചാത്തന്റെം പോത്തന്റെ കല എന്ന നിലയില്‍ നാടന്‍ കലകള്‍ ....വേര്‍പ്പെടുത്തി മണ്ണാന്റെ കലയായി കണ്ണൂരില്‍ ഫോക്ക്‍ലോര്‍ അക്കാദമിയായി കൊണ്ടിടുകയും... മാപ്ലാരുടെ കലയാക്കി കോല്‍ക്കളിയേയും മാര്‍ഗ്ഗംകളിയേയും കൊണ്ടോട്ടി കൊണ്ടിട്ടു... മാപ്ലാര്‍ക്കും കിട്ട്യേലോ ഒരക്കാഡമിന്ന് അവരും സന്തോഷിച്ചു... !!!
സത്യത്തില്‍ പഠിക്കപ്പെടേണ്ടതാണ് ഹരിഗോവിന്ദന്റെ മനസ്സില്‍ നിന്നും പുറത്തുവരുന്ന സത്യത്തിന്റെ കനല്‍ക്കട്ടകള്‍ !

മാനവികമായ സാംസ്ക്കാരിക തലത്തിലേക്ക് ഉയരണമെന്ന് ആഗ്രഹിക്കുന്നവര്‍ വിസ്തരിച്ച് പഠിക്കേണ്ടതാണ് മുകളില്‍ കൊടുത്ത വീഡിയോയിലെ ഹരിഗോവിന്ദന്റെ വാക്കുകളും,നിര്‍മ്മലതയും. ലാല്‍ ജോസ് അഭിമുഖം ചെയ്യുന്നതായുള്ള ഈ വീഡിയോക്ക് നന്ദി പറയേണ്ടിയിരിക്കുന്നു. ഏഷ്യാനെറ്റ് പ്ലസില്‍ 2008 ല്‍ പ്രക്ഷേപണം ചെയ്ത പരിപാടിയുടെ മൂന്നാം ഭാഗമാണ് മുകളില്‍ കൊടുത്ത വീഡിയോ. ഇതിന്റെ ഒന്നും രണ്ടും ഭാഗങ്ങളുടെ വീഡിയോ ലിങ്ക് കൈവശമുള്ളവര്‍ അത് ചിത്രകാരനും ബൂലോകത്തിനുമായി നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കാരണം ഇയാള്‍ സാധാരണക്കാരനല്ല.ഇയാളെ നമ്മുടെ സമൂഹത്തിനു മൊത്തത്തില്‍ അവകാശപ്പെട്ടതാണ്.

ഈ വീഡിയോ ചിത്രകാരനു ലഭിച്ചത് ദേവദാസ് വി.എം.എന്ന ബ്ലൊഗറുടെ ബസ്സ് പോസ്റ്റില്‍ നിന്നുമാണ്. ജാതി-മത നിരപേക്ഷമായ മാനവിക തലത്തില്‍ ചിന്തിക്കാന്‍ ശേഷിയുള്ള അപൂര്‍വ്വം ബ്ലോഗര്‍മാരിലൊരാളായ ദേവദാസിനോട് ചിത്രകാരന്‍ നന്ദി പറയുന്നു - ചിത്രകാരന്‍ സമയക്കുറവുകൊണ്ട് അവഗണിച്ചു കളഞ്ഞിരുന്ന സ്വന്തം നാട്ടുകാരന്‍ കൂടിയായ (പെരിന്തല്‍മണ്ണ വിട്ടിട്ട് 25 കൊല്ലമായി ! ) ഞരളത്ത് ഹരിഗോവിന്ദന്റെ ഈ വീഡിയോ ലിങ്ക് ശ്രദ്ധയില്‍പ്പെടുത്തിയതിന്.