Followers

Thursday, July 28, 2011

വെളുത്ത രാത്രി


സി.അമ്പുരാജ്‌

ഞങ്ങളെല്ലാം ചങ്ങാതിമാരാണ്‌.
വട്ട്യൻ രാമൻ, ഞണ്ട്‌ ബാലൻ, മൊടോൻ ചിണ്ടൻ, രവി, ശങ്കരൻ.
കളിയാട്ടം കൂടിയാൽ ഞങ്ങളുടെ ആത്മബന്ധത്തിന്‌ ശക്തി കൂടും. ഓരോരുത്തരും നേരത്തെ തകരത്തിന്റെ ഭണ്ഡാരം വാങ്ങി നാണയത്തുട്ടുകൾ സൂക്ഷിക്കുന്ന പതിവുണ്ട്‌. വട്ട്യൻ രാമനാണ്‌ ഞങ്ങളുടെ നേതാവ്‌. അവനൊരു സൂത്രം കാണിച്ചു തരാൻ ഞങ്ങളെ നേരത്തെ ചട്ടം കെട്ടിയിരുന്നു. നാലണത്തോതിൽ ഞങ്ങൾ അവന്‌ വീതം വച്ച്‌ കൊടുക്കണം.
"നീ എന്താണ്‌ ഞങ്ങൾക്ക്‌ കാണിച്ചു തരുന്നേ?' ഞണ്ട്‌ ബാലൻ ചോദിച്ചു.
"ഞാനൊരു കെണീസ്‌ കാണിച്ചു തരാം, കുന്നുമ്മലേക്ക്‌ നിങ്ങളെ കൂട്ടിക്കൊണ്ടുപോകാം.' വട്ട്യൻ രാമൻ പറഞ്ഞു.
ഞങ്ങൾ എല്ലാവരും ഉന്മേഷവാന്മാരായി. ഞങ്ങളുടെ ചെവിയിൽ വട്ട്യൻ രാമൻ സ്വകാര്യം പറഞ്ഞു.
വെറുതെയല്ല നിന്നെ കെണീസ്‌ രാമൻ എന്ന്‌ വിളിക്കുന്നത്‌.' ഞാൻ അവനെ അഭിനന്ദിച്ചു.
ഞങ്ങൾ രാത്രിയാകാൻ പ്രാർത്ഥിച്ചു.
മെടോൻ ചിണ്ടൻ ഇരുന്ന ഇരിപ്പിൽ തന്നെ കുന്നുമ്മലെ വെള്ളച്ചിയെ സ്വപ്നം കണ്ടു.
സമയം സന്ധ്യ, തോറ്റത്തിന്റെ കൊട്ടിപ്പാടൽ. ഞങ്ങൾ ധൃതി കൂട്ടി.
തോറ്റം കഴിഞ്ഞ്‌ വെള്ളാട്ടം തെയ്യം കാണാൻ ആളുകൾ വരുമ്പോൾ നമുക്ക്‌ പോകാമെന്ന്‌ വട്ട്യൻ രാമൻ അറുത്ത്‌ മുറിച്ച്‌ പറഞ്ഞു.
ക്ഷേത്രവയലിലെ ഒണ്ടക്കളി, തിരുപ്പ്‌ കളി, ബോർഡ്‌ കളി, തുടങ്ങി എല്ലാ കച്ചവടങ്ങളും നോക്കി ഞങ്ങൾ സമയം കഴിച്ചു.
ഭണ്ഡാരം പൊളിച്ചെടുത്ത ചില്ലറപ്പൈസ കളവുപോകാതിരിക്കാൻ ഞങ്ങൾ ദൈവത്തോട്‌ പ്രാർത്ഥിച്ചു.
ചെമ്പേന്റെ ഒട്ടലിലെ കിഴങ്ങ്‌ പൊരിച്ചതും ചായയും കുടിച്ചിറങ്ങി. ജനറേറ്ററിന്റെ നിറം പിടിപ്പിച്ച ട്യൂബിന്റെ വെളിച്ചം ആ ഗ്രാമമാകെ പരന്നു. ഞങ്ങൾ ആഹ്ലാദിച്ചു.
വെള്ളാട്ടം കാണാൻ ആൾക്കാരുടെ വരവറിയിച്ച്‌ ടോർച്ച്‌ ലൈറ്റും ഓലച്ചൂട്ടും പലഭാഗത്തും നിന്നും മിന്നി. ഞങ്ങൾക്ക്‌ തിരക്കായി.
മൊടോൻ ചിണ്ടൻ ഏന്തിവലിക്കുന്ന കാലുമായി മുമ്പിൽ പാഞ്ഞു.
പുല്ലൂർണ്ണം തെയ്യത്തിന്റെ വെള്ളാട്ടത്തിന്റെ പുറപ്പാട്‌.
മുഴക്കോത്തെ നേണിക്കത്തിന്റെ മോനാണ്‌ കോലക്കാരൻ. നല്ല ഉഷാറുള്ള തെയ്യമായിരിക്കും.
'ഇനി എപ്പോ നമ്മോ തെയ്യം കാണല്‌? ശങ്കരന്‌ ദുഃഖം തോന്നി.
'എന്നാൽ നീ വരണ്ട, നിന്റെ നാലണ ഇതാ പിടച്ചോ.' വട്ട്യൻ രാമന്‌ ദേഷ്യം വന്നു.
'ഞാൻ അങ്ങനെ പറഞ്ഞതല്ല'
വട്ട്യൻ രാമൻ ക്ഷമിച്ചു.
ആരും കാണാതെ വച്ച ഒരു പാക്കറ്റ്‌ വർക്കലി സിഗററ്റും തീപ്പെട്ടിയും വട്ട്യൻ രാമൻ കാക്കി ട്രൗസറിന്റെ കീശയിൽ നിന്നെടുത്തു. വയൽ തണ്ടിലെ മാവിൻ ചുവട്ടിൽ ആരും കാണാതെ കുത്തിയിരുന്നു
രാമൻ സിഗരറ്റ്‌ എല്ലാവർക്കും ദാനമായി നൽകി. എല്ലാവരും സിഗരറ്റ്‌ വലിച്ചൂതിക്കൊണ്ട്‌ വട്ട്യൻരാമന്റെ നേതൃത്വത്തിൽ നടന്നു. പുക തൊണ്ടയിൽ കെണിഞ്ഞ്‌ ചിലർ ചുമച്ചു.
വെള്ളച്ചിയുടെ രൂപവും തുടുത്ത മാറിടവും മാത്രം മനസ്സിലിട്ട്‌ ഞങ്ങൾ മഞ്ഞംപൊതി കുന്നുകയറി.
കണിയാൻ കണ്ണന്റെ നായ കുരച്ചു.
വട്ട്യൻ രാമൻ ഞങ്ങൾക്ക്‌ ധൈര്യം പകർന്നു.
ഇരുട്ടിന്റെ പ്രളയജലത്തിൽ വെള്ളച്ചിയുടെ വീട്‌ മാത്രം മുങ്ങിയില്ല. അവിടെ നേർത്ത മണ്ണെണ്ണ വിളക്ക്‌ കത്തുന്നുണ്ട്‌.
വീട്ടിനരികിൽ എത്തിയപ്പോൾ വട്ട്യൻ രാമൻ പ്രത്യേകം ശബ്ദമുണ്ടാക്കി.
ഓലക്കീറുകൾക്കിടയിലൂടെ ചിമ്മിണിവിളക്കിന്റെ തെളിച്ചത്തിൽ വെള്ളച്ചി കുറേ യൗവ്വനത്തുടിപ്പുകളെ കണ്ടു.
'ഇത്രയും പിള്ളേരോ?'
അവൾ ചെറ്റവാതിൽ അടക്കാൻ ശ്രമിച്ചു.
'ചതിക്കല്ലേ വെള്ളച്ചേട്ടി. ഇനി വരുമ്പോൾ ആളെ കുറക്കാം.'
അവൾ ചിമ്മിണിവിളക്ക്‌ കുഴച്ച്‌ വച്ച മൺചുമരിലെ ആണിക്ക്‌ തൂക്കി. ചുമരിൽ കരിപ്പുക ആളിപ്പടർന്നു.
ക്ഷേത്രത്തിൽ പുല്ലൂർണ്ണം തെയ്യത്തിന്റെ വെള്ളാട്ടം ഉറഞ്ഞുതുള്ളുന്നതും ചെണ്ടമേളവും ചടകവെടിയുടെ ശബ്ദവും കുന്നിൻ പുറത്തേക്ക്‌ കേൾക്കാമായിരുന്നു.