saju pullan
എയർപോർട്ടിലെ വാഷ്ബേസിനിൽ എത്ര കഴുകിയിട്ടും ഫ്ലൈറ്റിലെ ആഹാരത്തിന്റെ അരുചി അയാളുടെ വായിൽ നിന്നും ഒഴിഞ്ഞുപോയില്ല. പൈപ്പുവെള്ളത്തിലെ ക്ലോറിൻ ചൊവയിൽ നാവ് നീരസപ്പെടുകയും ചെയ്തു. വീട്ടിൽ എത്തട്ടെ, അയാൾ വിചാരിച്ചു. കിണറ്റിൽ നിന്നും പാളയിൽ കോരിയ വെള്ളം മൊത്തി കുടിക്കണം. എല്ലാ അരുചികളും കഴുകിക്കളയണം. ആ ഓർമ്മയിൽ പൊള്ളുന്ന ചൂടിലും ചുറ്റും മഴയുടെ ഉറവപൊട്ടുന്നതായി തോന്നി. അറൈവൽ ടെർമിനലിന് പുറത്ത് പ്രിയപ്പെട്ടവരെ വരവേൽക്കാൻ നിൽക്കുന്നവരുടെ ആകാംക്ഷപൂണ്ട നോട്ടങ്ങൾ.
പത്ത് വർഷങ്ങൾക്കു ശേഷം കാണുന്ന അച്ഛന്റെയും അമ്മയുടേയും ദിനേഷിന്റെയും ആകാംക്ഷകൾ അയാൾ ആൾക്കൂട്ടത്തിൽ തിരഞ്ഞു.
"ഹലോ ഏട്ടാ ഞാനിവിടേണ്ട്" നിറഞ്ഞ ചിരിയോടെ മുമ്പിൽ നിൽക്കുന്നു ദിനേഷ്. പറ്റെവെട്ടിയ മുടിയും പതുങ്ങിയ പ്രകൃതവുമായിരുന്ന അനിയൻ, ഇപ്പോൾ ലോവെയ്സ്റ്റ് പാന്റ്സും ബുഷ് ഷർട്ടും ധരിച്ച് ഒരു ഫാഷൻ മോഡലിനെപ്പോലെ-ആലിംഗനത്തിന്റെ ഔപചാരികത കടന്ന് ദിനേഷ് കാറിന്റെ ഡിക്കിയിൽ ലഗേജുകൾ അടുക്കിവച്ചു.
"പോകാം ഏട്ടാ" കത്തുന്ന വെയിലിലേക്ക് കാർ മുരണ്ട് പാഞ്ഞു. വെൽക്കം ടു....ഗ്രാമപഞ്ചായത്ത് - എന്ന് മഞ്ഞ ബോർഡിലെ കറുത്ത അക്ഷരങ്ങൾ നാടെത്തി എന്നറിയിച്ചു.
വഴിക്കിരു പുറവും ദൂരങ്ങളോളം പരന്നു കിടന്ന നെൽപ്പാടങ്ങളായിരുന്നു ഇവിടെ നിന്ന് പോകുമ്പോൾ. മുട്ടു മറയാത്ത മുണ്ടുടുത്ത് ചേറിൽ പണിയുന്ന കർഷകരുടെ തേക്ക്പാട്ടിന്റെ ഈണം ഇന്നലെ കേട്ടപോലെ കാതിൽ മുഴങ്ങുന്നു.
അറബിസംഗീതത്തിന്റെ താളംമുറുകുന്ന ദുബായിലെ പാതിരാക്ലബുകളിൽ സുഹൃത്തുക്കൾ കൂട്ടമായി പോകുമ്പോഴും നാടിന്റെ പച്ചപ്പുകളെയോർത്ത് തേക്ക്പാട്ടിന്റെ ഈണവും മൂളി മുറിയിൽ തനിച്ചിരിക്കാറുണ്ട്. 'ആ പച്ചപ്പുകൾ ഒരിക്കൽക്കൂടി കാണാൻ അയാളുടെ കണ്ണുകൾ ആർത്തിപിടിച്ചു.'
എന്നാൽ കണ്ണിൽ തൊടുന്നതെല്ലാം കോൺക്രീറ്റ് ദൃശ്യങ്ങൾ. സ്തൂപരൂപത്തിലും ചതുരവടിവിലും ചരിവാകൃതിയിലും കോൺക്രീറ്റ് കെട്ടിടങ്ങൾ കടുംചായക്കൂട്ടുകളിൽ തല ഉയർത്തി നിൽക്കുന്നു. ഗൾഫിലെ തന്നെ ഏതോ പട്ടണത്തിലാണോ എന്ന തോന്നലായി അയാൾക്ക്.
"നമ്മുടെ പാടം നെൽകൃഷി ചെയ്യുന്നത് നീ തനിച്ചാണോ, അതോ കൂലിക്ക് ആളെ കൂട്ട്വേ?"
"പാടം നികത്തി റബർ നട്ടു ഏട്ടാ, അച്ഛനാണ് മേൽനോട്ടം. ഞാൻ ഇതുവരെ നമ്മുടെ പാടം കണ്ടിട്ടുപോലും ഇല്ല."
"അപ്പോൾ ചോറിനുള്ള അരിയോ?"
"അരി വാങ്ങും."
"പാടോണ്ടായിട്ടും അരി വാങ്ങ്വേ?"
അയാളുടെ സ്വരത്തിലെ ഉത്കണ്ഠ കണ്ടിട്ടാവും ദിനേഷ് പറഞ്ഞു: "ഇവിടങ്ങളിൽ ഇപ്പോ നെൽകൃഷിയൊന്നും ഇല്ല. എല്ലാവരും അരി വാങ്ങ്വാണ്."
അയാൾക്ക് എന്തോ ഒരു വല്ലായ്മ തോന്നി. ഓർമ്മയിൽ ഒരു മെതിക്കളം തെളിയുന്നു.
ചാണകം മെഴുകിയ മെതിക്കളത്തിൽ നെൽക്കറ്റമേൽ നൃത്തത്താളത്തിൽ മെതിക്കുന്നതച്ഛനും അമ്മയും.
കളത്തിന് പുറത്ത് വീഴുന്ന നെന്മണികൾ പെറുക്കിക്കൂട്ടുന്ന താൻ. അച്ഛനും അമ്മയും രാമൻ മേനോന്റെ കൊയ്ത്താളുകളായിരുന്നു. പെറുക്കിക്കൂട്ടിയ നെന്മണികൾ ഉരലിൽ കുത്തി ശർക്കര ചേർത്ത് അവൽ നനയ്ക്കും. അവൽ നുള്ളി വായിൽ വയ്ക്കുമ്പോഴത്തെ രുചി-ഹൊ!
പതമ്പളക്കുന്ന നെല്ലുകൊണ്ട് രണ്ടുമാസം കഴിക്കും. പിന്നെ അടുത്ത പൂപ്പ് കൊയ്യും വരെ അരിവാങ്ങണം. അരിവാങ്ങലിന്റെ 'കുറച്ചിൽ' ഒഴിവാക്കാനാണ് രാമൻമേനോന്റെ കണ്ടം വിക്കണ്ണ്ട എന്ന് അച്ഛന്റെ കത്തു വന്നപ്പോൾ വാങ്ങി രജിസ്ട്രാക്കാൻ പണം അയച്ചതു. ദിനേഷിനും കൃഷിപ്പണി പഠിക്കാമല്ലോ എന്നും ഓർത്തു.
എന്നിട്ടിപ്പോൾ പാടം നികത്തിയിരിക്കുന്നു. കുത്തരിച്ചോറിന്റെ രുചി അച്ഛനും മറന്നുകളഞ്ഞോ?
ദിനേഷിന്റെ മൊബെയിലിൽ കോൾ മുഴങ്ങി. "ദാ ഞങ്ങൾ എത്തിപ്പോയമ്മേ...ഏട്ടൻ എന്റെ കൂടെ തന്നേണ്ട്". തിരിഞ്ഞ് അയാളോടായി പറഞ്ഞു.
"അമ്മയാണ്. ഏട്ടൻ വരണത് പ്രമാണിച്ച് സദ്യവട്ടങ്ങള് ഒരുക്കുകയാണമ്മ." അമ്മ വച്ചുണ്ടാക്കുന്ന ഉച്ചയൂണിന്റെ രുചിയോർത്തപ്പോൾ അയാളുടെ വായിൽ കപ്പൽ ഓടി.
ഉപ്പിലിട്ട കടുമാങ്ങയും വാഴക്കൂമ്പ് തോരനും ചീരവച്ചതും മുരിങ്ങയിലയും ചക്കക്കുരുവും ചേർത്ത കൂട്ടുകറിയും. അച്ചിങ്ങ ഒലത്തും കുത്തരിച്ചോറും പച്ചമോരും തൂശനിലയും തീൻമേശയിൽ ഒരുങ്ങുകയാവും.
വീട്ടിൽ എത്തിയാൽ മതി എന്ന് വിചാരിച്ചപ്പോഴേക്കും ഒരു വലിയ ഗേറ്റിന് മുമ്പിൽ കാറ് നിന്നു. പീലിവിരിച്ച തെങ്ങുകളുടെ തണലിൽ ഓടുമേഞ്ഞ ചെങ്കല്ലുവീട് നിന്നിടത്ത് ഒരു കോൺക്രീറ്റ് സൗധം.
ഗ്രാമഹൃദയത്തിൽ ആഢംബരത്തിന്റെ അടയാളം. അയച്ച പണത്തിന്റെ ണല്ലോരു പങ്കും വീടിന് തന്നെ ചെലവായിട്ടുണ്ടാകും.
വീട് റോഡിന് സമമാക്കാൻ മണ്ണ് മാറ്റിയതിന്റെ അവശിഷ്ടങ്ങളായ മാവിന്റെയും പ്ലാവിന്റെയും തെങ്ങിന്റെയും വേരുകൾ ഒരു ദുരന്തനാടകത്തിലെ രംഗപടം പോലെ പറമ്പിന് പിന്നിൽ ചിതറിക്കിടന്നു. പൂമുഖത്ത് തന്നെ നിൽക്കുന്നുണ്ട് അച്ഛനും അമ്മയും. മുടിയിലെ നരയും അൽപം തടിയും കൂടിയിട്ടുണ്ട് അച്ഛന്.
'പുതിയ വീട് നീ ആദ്യമായി കാണുകയല്ലേ'
'ന്റെ മോനൊന്ന് വീട്ടിലേക്ക് കേറട്ടെ. എന്നിട്ടാവാം. വിശേഷങ്ങൾ പറയല്.' അമ്മ ഇടയ്ക്ക് കയറി പറഞ്ഞു.
"മോത്തും മേത്തും റോട്ടിലെ പൊടി പറ്റീട്ട്ണ്ട്. എന്റെ മോൻ വേഷം മാറി കുളിക്ക്. അകത്തെ ബാത്‌ർറൂമില് ടവ്വലും സോപ്പും എടുത്ത് വച്ചിട്ടുണ്ട്.""കിണറ്റിൽ നിന്നും പാളയിൽ വെള്ളം കോരി മേത്തൊഴിക്കുമ്പോഴുള്ള സുഖം ബാത്‌ർറൂമിലെ ഷവറിന് കീഴെ നിന്നാൽ കിട്ടില്ല അമ്മേ."
"കിണറ്റീന്ന്. കുളിക്കാനാ....?"
"ൻഘാ..."
"കിണറ്റില് വെള്ളം ഇല്ല. നിലമൊക്കെ ആൾകള് മണ്ണിട്ടു നികത്തി ഉറവയൊക്കെ അടഞ്ഞു. നികത്തിയ നിലത്തിനാ ഇവിടെ ഡിമാന്റ്. പൈപ്പ് കണക്ഷൻ ഉള്ളതുകൊണ്ട് നമുക്ക് വെള്ളത്തിന് മുട്ടില്ല. വേഗം കുളിച്ച് വാ, ചോറ് വിളമ്പാം."
അത്രയ്ക്കും മാറിപ്പോയോ അമ്മേ, നമ്മുടെ നാട്.
മാറാതെ പിന്നെ, മോനിവിടെ നിന്ന് പോയപ്പോ രണ്ട് ദിവസം ട്രെയിൻ യാത്ര ചെയ്ത് ബോംബേലെത്തീട്ടല്ലേ വിമാനത്തീ കയറാമ്പറ്റ്യത്. ഇന്ന് വന്നപ്പോ ഫ്ലൈറ്റീന്നെറങ്ങി ദാന്ന് പറയണ നേരംകൊണ്ട് വീട്ടിലെത്തില്ലേ? അയാൾ വെറുതെ തലയാട്ടിക്കൊണ്ട് കുളിമുറിയിലേക്ക് നടന്നു. കുളിച്ച് വന്നപ്പോഴേക്കും തീൻമേശയിൽ ചില്ല് പാത്രങ്ങൾ നിരന്നിരുന്നു. വിഭവങ്ങൾ കണ്ട് അയാൾ അമ്പരന്നു. മൃഗങ്ങളുടെയും പക്ഷികളുടെയും മാംസരൂപങ്ങൾ സ്ഫടികപാത്രങ്ങളെ സമ്പന്നമാക്കിയിരിക്കുന്നു. അവയിൽ നിന്നുയരുന്നു പരിമളം പഞ്ചനക്ഷത്രമുദ്രയായി ഭോജനശാലയിൽ പതിഞ്ഞു. അവയ്ക്ക് പിന്നിൽ അസംഘടിതരായ അഭയാർത്ഥികളെപ്പോലെ പതുങ്ങിനിൽക്കുന്നു അവിയലും സാമ്പാറും പാവയ്ക്കാ തോരനും .ഒരിയ്ക്കൽ തീൻമേശയിലെ പ്രതാപികളായിരുന്നവർ. അയാൾ അവയെ ഒക്കെയും അരുമയോടെ അടുത്തേക്ക് ചേർത്തുവച്ചു. നാവിൻ രുചിയുടെ ഹരിശ്രീ കുറിച്ചതിവരാണ്. ആവി പറക്കുന്ന ചോറിൽ സാമ്പാർ ഒഴിച്ചിളക്കി. ദേശാടനക്കിളി നെന്മണി കൊറിക്കും പോലെ ചോറുരുള വായിൽ ചവച്ചു.
നാവിൽ പുകഞ്ഞത് എന്ത് രുചി....അതെ, അതു തന്നെ.
ദൂരദേശങ്ങളിൽ നിന്നും പ്ലാസ്റ്റിക് പൊതികളിൽ വരുന്ന 'വയ്ക്കാൻ തയ്യാർ' സാമ്പാർ കൂട്ടിന്റേത് തന്നെ. അവിയലിൽ കുതിർന്ന മുരിങ്ങാക്കായും എണ്ണയിൽ കുളിച്ച വഴുതനങ്ങയും തിളച്ച വെള്ളത്തിൽ കയ്പ്പ് നഷ്ടപ്പെട്ട പാവയ്ക്കയും അന്യദേശങ്ങളുടെ രുചികളാണെന്ന് അയാളുടെ നാവ് തിരിച്ചറിഞ്ഞു. അയാൾക്ക് ചുറ്റും ആതിഥേയരെപ്പോലെ അച്ഛനും അമ്മയും അനിയനും ഉത്സാഹിച്ചു. അയാളുടെ നാവിലെ രുചിമുകുളങ്ങൾ പനിയിലെന്നപോല കയ്ച്ചു.