Followers

Friday, July 2, 2010

അമേരിക്കൻ ഐക്യനാടുകളിലൂടെ



a q mahdi

ഗ്രാന്റ്‌ കാന്യോണിലേയ്ക്ക്‌ ഒരു സാഹസിക വിമാന യാത്ര - 8


ഇന്ന്‌ ജൂലെ 4 തിങ്കൾ. ലാസ്‌വേഗാസിലെ തണുപ്പ്‌ കുറഞ്ഞ പ്രഭാതം. ഞങ്ങളെ ഇന്ന്‌ പ്രകൃതിദത്തമായി രൂപംകൊണ്ട ഒരു ലോകമഹാത്ഭുതം കാണിക്കാൻ കൊണ്ടുപോവുകയാണ്‌. അമേരിക്കൻ യാത്രയെപ്പറ്റി കേട്ടറിഞ്ഞ സ്നേഹിതന്മാരിൽ ലോകപരിചയവും പൊതുവിജ്ഞാനവുമുള്ള ചിലർ നാട്ടിൽ വച്ച്‌ ചോദിച്ച ഒരു ചോദ്യമുണ്ട്‌,
" ഗ്രാന്റ്‌ കാന്യോൺ കാണാൻ പോകുമോ.........?" എന്ന്‌.
ഇത്തരം ഏതു യാത്രാപരിപാടിയിൽ പങ്കെടുക്കുന്നവർക്കും ആവശ്യമെങ്കിൽ, താൽപര്യമുണ്ടെങ്കിൽ മാത്രം കാണേണ്ട ചില അപൂർവ്വ 'OPTIONAL PROGRAMMES' ഉണ്ട്‌. അവ കാണുന്നതിനുള്ള ചിലവിന്റെ തുക, ടൂർ കമ്പനിക്കാർ മുൻകൂട്ടി വാങ്ങാറില്ല. ആവശ്യക്കാർ മാത്രം സമയത്ത്‌ പൈസ നൽകി പങ്കെടുക്കേണ്ട പരിപാടികളാണിവ. താൽപര്യമില്ലാത്ത യാത്രാംഗങ്ങൾ ആ സമയം ഹോട്ടലിൽ വിശ്രമിക്കയോ ഷോപ്പിങ്ങിനു സ്വന്തമായി പോവുകയോ ചെയ്യാം. ഇത്തരം ചില പരിപാടികൾ ചിലപ്പോൾ ഒരു ദിവസം മുഴുവൻ നീളുന്നതുമാവാം.
ഞങ്ങളുടെ അമേരിക്കൻ യാത്രയിൽ ഒരേയൊരു ഓപ്ഷണൽ പരിപാടിയേ ഉണ്ടായിരുന്നുള്ളു, സ്നേഹിതൻ ചോദിച്ച 'ഗ്രാന്റ്‌ കാന്യോൺ.'
അമേരിക്കയുടെ വടക്കുപടിഞ്ഞാറൻ അരിസോണയിൽ സ്ഥിതിചെയ്യുന്ന കൊളൊറാഡോ നദിയാൽ സൃഷ്ടിക്കപ്പെട്ട ഒരു മലയിടുക്കാണിത്‌. ഘടനയിലും നിറത്തിലും വളരെ ശ്രദ്ധേയമാണീ ഭൂപ്രദേശം. 446 കി.മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഈ ഭൂവിഭാഗത്തിന്റെ ഏറ്റവും ആഴമുള്ള ഭാഗം 'ഗ്രാന്റ്‌ കാന്യോൺ' ദേശീയോദ്ധ്യാനത്തിലാണ്‌. സമുദ്രനിരപ്പിൽ നിന്നും 9000 അടി ഉയരമുണ്ട്‌ ഇവിടേയ്ക്ക്‌. ഇവിടത്തെ ചില മലയിടുക്കുകൾക്ക്‌ രണ്ടു കിലോമീറ്ററോളം താഴ്ചയുണ്ട്‌. 1919-ൽ ഇവിടെ വളരെ വലിയൊരു ദേശീയോദ്യാനം സ്ഥാപിച്ചു. ആ ഉദ്യാനത്തിന്‌ 4900 ച.കിലോമീറ്റർ വിസ്തീർണ്ണമുണ്ട്‌.
എന്താണീ ഗ്രാന്റ്‌ കാന്യോൺ. പ്രകൃതിദത്തമായ ഒരു ലോകാത്ഭുതമാണ്‌ ഗ്രാന്റ്‌ കാന്യോൺ എന്നു പറഞ്ഞു. ഭൂമിയുടെ പ്രായത്തെയും, കാലാകാലമായി ഉണ്ടായ രൂപപരിണാമങ്ങളെയും പറ്റി ഭൂഗർഭ ശാസ്ത്രജ്ഞന്മാർ ഗവേഷണം നടത്തുകയും ചില നിഗമനങ്ങളിലെത്തുകയും ചെയ്തിട്ടുണ്ട്‌. എത്രയോ ലക്ഷം വർഷങ്ങൾക്ക്‌ മുമ്പ്‌, ഇവിടം കടലായിരുന്നുവത്രെ. ഏതോ വൻസ്ഫോടനം നടന്ന്‌, കടലിന്റെ ഗതിയും അവസ്ഥയും പാടെ മാറി, അവിടം ഒരു പ്രത്യേക ഭൂവിഭാഗമായി മാറുകയായിരുന്നു. വിസ്ഫോടനത്തിന്റെ ആത്യന്തിക ഫലമായി ഇവിടെ മലകളും കുണ്ടും കുഴിയും, അഗാധഗർത്തങ്ങളും, താഴ്‌വാരങ്ങളും, തടാകങ്ങളുമൊക്കെ രൂപം കൊണ്ടു. ഈ മഹാസ്ഫോടനം നടന്നത്‌ 2 ബില്യൻ വർഷങ്ങൾക്ക്‌ മുമ്പായിരുന്നുവേന്ന്‌ ഭൂശാസ്ത്രജ്ഞർ വിലയിരുത്തുന്നു. 2 ബില്യൻ എന്നു പറഞ്ഞാൽ രണ്ടു കോടി. ഇത്ര അതിവിദൂരമായ കാലത്തുണ്ടായ സ്ഫോടനപരിണാമത്തിലൂടെ അവിടെ വ്യത്യസ്തമായ 28 പാളി (LAYER) പാറകൾ രൂപംകൊണ്ടു. മാത്രമല്ല, മലനിരകൾ ഏതോ ശിൽപ്പി കൊത്തിയൊരുക്കിയ മാതിരി മനോഹരമായ രൂപങ്ങളായി മാറി. ലക്ഷക്കണക്കിന്‌ വർഷങ്ങൾക്ക്‌ മുമ്പ്‌ ഭൂമിയിൽ ജീവിച്ചിരുന്ന ദിനോസറുകളുടെ ഫോസിലുകളും ഇവിടെ ഉൽഖനനം ചെയ്തപ്പോൾ കണ്ടെത്തിയിരുന്നു.
ഈ മലനിരകൾക്കിടയിലെ, അത്യഗാധമായ ഗർത്തങ്ങൾക്ക്‌ തൊട്ടുമുകളിലൂടെ, താഴ്‌വാരങ്ങളെയും തടാകങ്ങളെയും തൊട്ടുതൊട്ടില്ല എന്ന മട്ടിൽ ഒരു വിമാനയാത്ര. ഇത്‌ വളരെയേറെ അപകടം പിടിച്ച ഒരു യാത്രയാണ്‌; ഇത്തരം സാഹസികത എനിക്കിഷ്ടവുമാണ്‌.
വളരെ ചെറിയ വിമാനങ്ങളാണ്‌ ഈ യാത്രയ്ക്കുപയോഗിക്കുന്നത്‌. 4പേർക്ക്‌, 8പേർക്ക്‌, 12പേർക്ക്‌, എന്നിങ്ങനെ വിന്റോസൈഡിൽ മാത്രം ഒറ്റസീറ്റുകളുള്ള കൊച്ചുകൊച്ചു വിമാനങ്ങളിലാണ്‌ സഞ്ചാരം. ഇത്തരം വിമാനങ്ങളുടെ സർവ്വീസ്‌ നടത്തുന്ന പല കമ്പനികളും ഇവിടെയുണ്ട്‌. അവയിൽ ഏറ്റവും വലിയ കമ്പനി 'സീനിക്ക്‌ എയർലൈൻസ്‌' ആണ്‌.
ഞങ്ങൾക്ക്‌, സീനിക്ക്‌ വഴിയാണ്‌ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തിരുന്നത്‌. 210 ഡോളർ (ഏകദേശം 10,000/- രൂപ) ആണ്‌ ഒരാൾക്കുള്ള ചാർജ്ജ്‌
12 പേർക്ക്‌ സഞ്ചരിക്കാവുന്ന ഒരു ചെറിയ വിമാനത്തിൽ രാവിലെ 10 മണിക്ക്‌ ഞങ്ങൾ പറക്കാനാരംഭിച്ചു. മീശകിളിർക്കാത്ത, കൗമാരപ്രായം കഷ്ടിച്ചുകടന്ന ഒരു പയ്യനായിരുന്നു, ഞങ്ങളുടെ പെയിലറ്റ്‌.
ഇത്ര ചെറിയ വിമാനത്തിൽ ആദ്യമായാണ്‌ സഞ്ചരിക്കുന്നത്‌. കോക്ക്പിറ്റിനു വാതിലില്ല. പെയിലറ്റ്‌ പയ്യനെ കോക്ക്പിറ്റിലിരുന്നു വിമാനം പറപ്പിക്കുന്ന നിലയിൽ കഷ്ടിച്ച്‌ 10 അടി അകലെനേരിട്ട്‌ കാണാം. കോപെയിലറ്റും ഉണ്ട്‌ തൊട്ടരികിൽ, ഒരു മദ്ധ്യവയസ്കൻ. അപ്പോൾ എനിക്കൊരു നേരിയ സംശയം തോന്നി, അയാളാണോ യഥാർത്ഥ സാരഥി, ചെറുക്കനെ പറത്താൻ പഠിപ്പിക്കുകയും, പരിശ്ശീലിപ്പിക്കുകയും ചെയ്യുകയാണോ.........?
ദൈവത്തെ മനസ്സിൽ ധ്യാനിച്ച്‌, സീറ്റ്ബെൽറ്റും മുറുക്കി ഞാനിരുന്നു.
വിമാനം പറന്നുപൊങ്ങി. ലാസ്‌വേഗാസ്‌ നഗരത്തിനു മുകളിലൂടെ ഊളിയിട്ടതു പറന്നു. അരമണിക്കൂർ പിന്നിട്ടപ്പോൾ വിജനമായ പുൽമൈതാനങ്ങൾ താഴെ കണ്ടു. അതു കഴിഞ്ഞ്‌ ഇടതൂർന്നു വൃക്ഷങ്ങൾ വളർന്ന്‌ മൂടിനിൽക്കുന്ന ഫോറസ്റ്റ്‌. ഇടയ്ക്കൊരിക്കൽ മൈതാനത്തിനു നടുവിലൂടെ പുകതുപ്പിക്കൊണ്ട്‌, കൽക്കരികൊണ്ടു പ്രവർത്തിക്കുന്ന പഴയ ആവി എഞ്ചിനുള്ള ഒരു ചെറിയ തീവണ്ടി നീങ്ങുന്നതും കണ്ടു. വളരെ താഴ്‌ന്നാണു വിമാനം പറക്കുന്നതെന്നതിനാൽ താഴ്ഭാഗമെല്ലാം ഒരു ബസ്സിലിരുന്നു കാണുന്നതുപോലെ വ്യക്തം.
അതാ, യഥാർത്ഥ ഗ്രാന്റ്‌ കാന്യോൺ ഏരിയ ദൃശ്യമായി. മലനിരകളുടെ നീണ്ടനിര വ്യക്തമായി കണ്ടുതുടങ്ങി. കൂറ്റൻ പാറക്കഷണങ്ങൾ അങ്ങിങ്ങ്‌ അടുക്കി വച്ച മാതിരി, ചെടികളോ വൃക്ഷങ്ങളോ ഇല്ലാത്ത ചില കുന്നുകളും മലനിരകൾക്ക്‌ അകമ്പടി സേവിക്കുന്നുണ്ട്‌. മലകൾക്കിടയിൽ, ആഴത്തിൽ, വളരെ ആഴത്തിൽ, താഴ്‌വാരങ്ങൾ. അവിടവിടെ ചെറിയ നദികൾ. നീലജലം നിറഞ്ഞ വലിയ തടാകങ്ങൾ. പരന്ന ഭൂപ്രകൃതിയുളള അപൂർവ്വം ചില ഇടങ്ങളിൽ ചില ഹെലിപ്പാഡുകളും കണ്ടു.
ഒക്കെയും കണ്ണിമയ്ക്കാതെ നോക്കിയിരുന്നു. പ്രകൃതിതന്നെ ഒരുക്കിയ മനോഹരമായ ഒരു ദൃശ്യവിരുന്ന്‌.
ലാസ്‌വേഗാസിൽ നിന്ന്‌ ഒരു മണിക്കൂർ പറന്നുകഴിഞ്ഞിരിക്കുന്നു. അതാ അങ്ങുദൂരെ ചെറിയൊരു എയർപോർട്ട്‌ കാഴ്ചയിൽ തെളിഞ്ഞുവന്നു. ദൂരെ നിന്നേ, നിരവധി ചെറിയ വിമാനങ്ങൾ അവിടെ ലാൻഡ്‌ ചെയ്തിരിക്കുന്നതും കാണാം. ടൂറിസ്റ്റുകളെ കൊണ്ടുപോകാനുള്ള ബസ്സുകളുടെ നിരയും കണ്ടു.
ഞങ്ങളുടെ വിമാനം സാവധാനം ഭൂമിയിലേയ്ക്കിറങ്ങി.
ഒരു ബസ്സിൽ ആ താഴ്‌വാരപ്രദേശം മുഴുവൻ ഞങ്ങളെ കൊണ്ടുനടന്നു കാണിച്ചു. അവിടത്തെ ഗ്രാന്റ്‌ കാന്യോൺ നാഷണൽ പാർക്കിലേയ്ക്കാണ്‌ പിന്നീട്‌ ബസ്സ്‌ നീങ്ങിയത്‌. ഫോട്ടോകളും വീഡിയോയും എടുക്കാൻ പറ്റുന്ന നിരവധി വ്യൂപോയിന്റുകളിൽ ബസ്സ്‌ നിർത്തിത്തന്നു. ചിത്രങ്ങളെടുക്കാൻ.
അവിടെ ആ താഴ്‌വാരത്തിൽതന്നെ ചെറിയൊരു നഗരം പണിതുയർത്തിയിട്ടുണ്ട്‌. അവിടത്തെ ഒരു റസ്റ്ററന്റിൽ നിന്നും ഉച്ചഭക്ഷണം കഴിച്ച്‌, വൈകിട്ട്‌ 4 മണിക്ക്‌ ഞങ്ങൾ തിരികെ വിമാനം കയറി. മടക്കയാത്ര 8 പേർക്ക്‌ കയറാവുന്ന മറ്റൊരു കുഞ്ഞൻ വിമാനത്തിലായിരുന്നു. 4 പേർക്കായാലും, 40 പേർക്കായാലും, 400 പേർക്കായാലും ഒരു പെയിലറ്റിന്റെയും കോപെയിലറ്റിന്റെയും സേവനം വേണമല്ലോ ഈ യന്ത്രപ്പറവയെ പറപ്പിക്കാൻ.
ലാസ്‌വേഗാസ്‌ നഗരത്തിൽ നിന്ന്‌ റോഡ്‌ വഴിയും ഇവിടെയെത്താം; 8 മണിക്കൂർ യാത്രചെയ്യേണ്ടിവരും, കുണ്ടുംകുഴിയും താണ്ടി വളഞ്ഞുപുളഞ്ഞ മാർഗ്ഗങ്ങളിലൂടെ.
ഇനിയുള്ള ബാക്കി പകൽ, നഗരസന്ദർശനമാണ്‌. ബസ്സിൽ നഗരം ചുറ്റിനടന്നു കണ്ടു, രാത്രിയാവോളം. വളരെ ഭംഗിയുള്ള നഗരം. ലോകത്തെ ഏറ്റവും വലിയ ഹോട്ടൽ ഇവിടെയാണ്‌; എം.ജി.എം. ഗ്രാന്റ്‌ ഹോട്ടൽ. ഹോളിവുഡ്ഡിലെ പ്രശസ്ത സിനിമാ നിർമ്മാതാക്കളായ എം.ജി.എം ഗ്രൂപ്പിന്റേതാണീ പടുകൂറ്റൻ ഹോട്ടൽ. ഇവിടെ, ഈ ഹോട്ടലിൽ, എത്ര മുറികളുണ്ടാവുമെന്ന്‌ ഊഹിക്കാമോ, കേട്ടാൽ അമ്പരന്നുപോകും, 5150 റൂമുകൾ. ഏതുസമയത്തും ഈ ഹോട്ടൽ 'ഹൗസ്സ്‌ ഫുൾ' ആണത്രെ. ഈ ഹോട്ടലിന്റെ മുറ്റം, അതൊരു അതിവിശാലവും മനോഹരവുമായ പൂന്തോട്ടമാണ്‌; അവിടെ മുഴുവൻ ഞങ്ങൾ നടന്നു കണ്ടു.
എം.ജി.എം. ഗ്രാന്റ്‌ ഹോട്ടലിന്റെ 'കസീനോ ഏരിയ'യും ഞങ്ങൾ കാണാനിടവന്നു. അതൊരു വലിയ ലോകമാണ്‌. ആയിരക്കണക്കിനു ചൂതാട്ടയന്ത്രങ്ങൾ. എം.ജി.എമ്മിന്റെ സിമ്പൽ ഒരു സിംഹമാണ്‌. കസീനോയുടെ ഒരു വശത്ത്‌, ഹാളിനകത്തുതന്നെ, വലിയൊരു കണ്ണാടിക്കൂട്ടിൽ ഒരു സിംഹത്തെ ഇട്ടിരിക്കുന്നു. തടിച്ചുകൊഴുത്ത ഒരു സിംഹം. ആ മൃഗരാജന്റെ തലോടലുകളെ താങ്ങാൻ കെൽപ്പുള്ള ആ ഗ്ലാസ്സ്‌ പാളികൾക്ക്‌ എത്ര ഇഞ്ച്‌ കനമുണ്ടാവണം.........?
ലാസ്‌വേഗാസിലെ ലോക്കൽഗൈഡ്‌ മദാമ്മയോട്‌, ഞാൻ വെറുതെ ചോദിച്ചതാണ്‌, ഇവിടെ എങ്ങിനെ ഇത്രയധികം ഗാംബ്ലിങ്ങ്‌ സെന്ററുകളുണ്ടായി..........?
" നല്ല ചോദ്യം........." അവരെന്നെ പ്രോൽസാഹിപ്പിച്ചു. അവർ പറഞ്ഞ വിശദീകരണം ഇതാണ്‌.
'ലാസ്‌വേഗാസ്‌, മലകളും മരുഭൂമികളുമുള്ള ഭൂപ്രദേശമാണല്ലോ. ഈ മലകൾക്കിടയിൽ, മുമ്പ്‌, ഒരു നൂറ്റാണ്ടുമുമ്പ്‌, നിരവധി ഖാനികളുണ്ടായിരുന്നു, കൽക്കരി ഖാനികൾ. ആ ഖാനികൾക്കുള്ളിൽ പണിയെടുത്തിരുന്ന തൊഴിലാളികൾ, ഷിഫ്റ്റ്‌ കഴിഞ്ഞ്‌ വിശ്രമിക്കുമ്പോൾ ആ ഇടവേളകളിൽ സമയം പോക്കാനായി വെറുതെയിരുന്നു ചീട്ടുകളിക്കുമായിരുന്നു. ആ ചീട്ടുകളികൾ ആദ്യകാലത്ത്‌ നേരമ്പോക്കിനായിരുന്നെങ്കിൽ പിന്നീടത്‌ പണം വച്ചുള്ള കളിയായി. അങ്ങിനെ പ്രായേണ അത്‌ വളർന്ന്‌ വികസിച്ച്‌ ഇന്ന്‌, ഇത്തരം വൻകിട ചൂതുകളിസംരംഭം വരെ വന്നെത്തി നിൽക്കുന്നു.
ഞങ്ങൾ താജ്മഹലിലേയ്ക്ക്‌ നീങ്ങി. സർദാർജി, ഇന്ന്‌ ഞങ്ങൾ മാംസഭുക്കുകളെ നിരാശ്ശപ്പെടുത്തിക്കളഞ്ഞു. ഞങ്ങൾ പ്രതീക്ഷിച്ചിരുന്ന തന്തൂരി ചിക്കൻ വഴിമാറിപ്പോയി, പകരം കോഴിമുട്ടകൊണ്ടുള്ള ഒരു വിഭവമാണ്‌ പാത്രത്തിൽ നിരന്നത്‌. അമേരിക്കൻ കോഴിമുട്ടകൾക്ക്‌ നമ്മുടെ മുട്ടകളുടെയത്ര രുചിയില്ല എന്നു ഞങ്ങൾ കണ്ടുപിടിച്ചതിനുശേഷം ഒരു റസ്റ്ററന്റിൽ നിന്നും ഓംലറ്റോ മറ്റു മുട്ടവിഭവങ്ങളോ ഞങ്ങൾ തൊടാതായി.
രണ്ടുനാൾ ലാസ്‌വേഗാസിൽ കഴിഞ്ഞ്‌ ഇന്ന്‌ ഇനി അമേരിക്കയിലെ ഈ 13-​‍ാം ദിവസം, പ്രസിദ്ധനഗരമായ ലോസ്‌ഏഞ്ചൽസിലേയ്ക്ക്‌ പോവുകയാണ്‌. അവിടേയ്ക്ക്‌ 400 കി.മീറ്റർ ദൂരമുണ്ട്‌. ഇവിടെനിന്നും പുറപ്പെടുന്ന പുതിയ ബസ്സ്‌ ഇനി നാലഞ്ചുനാൾ ഞങ്ങളോടൊപ്പമുണ്ടാവും. അമേരിക്കൻ യാത്രയുടെ അവസാന സ്റ്റേഷനായ സാൻഫ്രാൻസിസ്കോ വരെ ഞങ്ങളെയും കൂട്ടി ഇതേ ബസ്സ്‌ തന്നെ സഞ്ചരിക്കുമെന്നും അറിവായി.
അമേരിക്കയിൽ, ന്യൂയോർക്കിൽ കാലുകുത്തിയ നിമിഷം മുതൽ ഇവിടത്തെ ഓരോ കാഴ്ച
കൾ കണ്ടുതുടങ്ങുമ്പോഴും അതവസാനിപ്പിക്കുംവരെ തോന്നുക, അമേരിക്കയിലെ ഏറ്റവും വലിയ കാഴ്ച അന്നത്തേതാണ്‌ എന്നാവും. ഈ ചിന്ത ഓരോ ദിവസവും ആവർത്തിക്കുന്നതുതന്നെ കാണുന്ന കാഴ്ചകളുടെ വൈവിദ്ധ്യത്തെയും, അസാമാന്യമായ പുതുമയെയും ആണ്‌ സൂചിപ്പിക്കുന്നത്‌. എന്നാൽ, ലോസ്‌ ഏഞ്ചൽസ്‌ സന്ദർശനം ശരിക്കും ഇതുവരെ കണ്ടവയിൽ നിന്നൊക്കെ തീർച്ചയായും വ്യത്യസ്ഥമായിരിക്കുമെന്ന്‌ ആഷിക്‌ സാചന തന്നു. അടുത്ത മൂന്ന്‌ രാത്രികൾ ലോകസിനിമയുടെ തലസ്ഥാനമായ ഹോളിവുഡ്ഡ്‌ സ്ഥിതിചെയ്യുന്ന ദക്ഷിണകാലിഫോർണിയയിലെ ഈ നഗരത്തിലാവും ഞങ്ങൾ അന്തിയുറങ്ങുക.