Followers

Thursday, December 3, 2009

ശിലാകാലം







b t anilkumar



ശവവണ്ടിയുരുണ്ടുവരുമ്പോൾ
ചിരി ദൂരെയെറിഞ്ഞെഴുന്നേൽക്ക
അഹിതം പറയാനോരോ-
ഗതികേടുകളാഞ്ഞു വരുമ്പോൾ
കൈവെള്ളയിലാണ്ടുകിടക്കും
വിധിരേഖ മറച്ചുപിടിക്ക
ആകാശം ശുഭ്രം,ചെന്തീ-
മേഘത്താൽ ചോരയൊലിക്കേ
വിപരീത മഴ, ചെറുകാടിൻ
കെടുതികളിൽ തീയാളിക്കെ
അഴലുണ്ടു കരണ്ടുകിടക്കും
ഇരുകാലികൾ തമ്മിൽത്തമ്മിൽ
തല പിളരും വാഗ്വാദത്തിൻ
ശരമെയ്‌തു സമാധാനിക്കെ
ഇരയായ്‌ സ്വയമോർത്തു നടുങ്ങും
ഉരുവായുറയുന്നുയിരാകെ
തല മണ്ണിലൊളിപ്പിക്കും വൻ-
ഖഗമായ്‌ പിടയുന്നു പ്രാണൻ
ഹൃദയത്തിലകാരണ ഭീതി
ഒരു പർവ്വതമായുയരുമ്പോൾ
മുറിവിൽ വിരൽ സൗഹൃദമേകി
പറയുന്നേതാദിമനുഷ്യൻ
ഈ യാത്ര പുരാതന നീതി
ഇരുൾ നിത്യനിരന്തര സാക്ഷി
ഇനി നിർമ്മമ മായകസാക്ഷി
സ്വയമിച്ചതിയേൽക്കുക, രാത്രി-
വിഷലിപ്ത വിലോലാകാശച്ചെരുവിൽ
കുഴലൂതിവിളിച്ചേ
ശവവണ്ടിയുരുണ്ടുവരുമ്പോൾ
ചിരി ദൂരെയെറിഞ്ഞെഴുന്നേൽക്ക