Followers

Thursday, December 3, 2009

ജസ്റ്റ് എ ടൈം പാസ്സ്




dona mayoora

ബാറിലെ അരണ്ട വെളിച്ചത്തില്‍ ഭാരം കൊണ്ട് തൂങ്ങുന്ന കണ്ണുകളും ഒഴിഞ്ഞ ഗ്ലാസ്സുമായി ബാറിലെ പല ഭാഗങ്ങളിലായി നീങ്ങുന്ന നിഴലുകളില്‍ കണ്ണുറപ്പിക്കാനാവാതെ സഞ്ചന ഇരുന്നു. ഷാരോണ്‍ ഇനിയും എത്തിയിട്ടില്ല.

"വുഡ് യൂ ലൈക് ടു ഹാവ് എനിത്തിങ്ങ് എത്സ്, മേഡം" വെയ്‌റ്ററുടെ സ്വരം അവളുടെ കണ്‍കളില്‍ ഒരു ചെറു തിളക്കം സമ്മാനിച്ചു. മദ്യത്തോടുള്ള ദാഹം മാറാതെ അവള്‍ "വൊഡ്‌ക ഓണ്‍ ദ റോക്ക്സ് " എന്ന് പതിയെ മന്ത്രിച്ചു. വെയ്‌റ്റര്‍ പോകുന്നതും, മുന്നില്‍ അരഭാഗം നിറഞ്ഞ ഗ്ലാസ്സ് കൊണ്ട് വയ്‌ക്കുന്നതും ഒരു വേള സഞ്ചന അറിഞ്ഞതേയില്ല.

"സഞ്ചൂ, ഈസ് ഇറ്റ് റിയലി യൂ, സഞ്ചൂ?." സഞ്ചന മെല്ലെ മുഖമുയര്‍ത്തി നോക്കി, ബെറ്റിയാണ്, ഒരു സുഹൃത്ത്. "ഹായ്, ബെറ്റി നീയെന്തായിവിടെ??" "ഓഫീസില്‍ നിന്നും ഒരു ലേഡീസ് നൈറ്റ് ഔട്ട്, നീയെന്തേ ഒറ്റയ്‌ക്ക്?" സഞ്ചന ആ ചോദ്യം പ്രതീക്ഷിച്ചിരുന്നു. തന്നെയിവിടെ ബെറ്റിയൊട്ടും പ്രതീക്ഷിച്ച് കാണില്ല. എല്ലാം അറിയാമെന്ന് പരസ്പരം നടിച്ച് "ഹായ്" "ബയ്" പറയുന്നവര്‍. പക്ഷെ ആ രണ്ട് വാക്കുകള്‍ക്കും ഇടയില്‍ ശൂന്യമാണെല്ലാം.

"ഐ ഹാവ് ടു ക്യാച്ചപ്പ് വിത്ത് ദോസ് പീപ്പിള്‍" സഞ്ചനയുടെ മൌനം കണ്ടിട്ടാവണം, ബെറ്റി മൊഴിഞ്ഞു. കൈ ഉയര്‍ത്തിയതായി ഭാവിച്ച് "ബയ്" പറഞ്ഞ് അവള്‍ നടന്നകന്നു. സഞ്ചനയ്‌ക്ക് കണ്ണുകളില്‍ ഇരുട്ട് കയറുന്നതായും, ചുറ്റിലും ഒരായിരം ഫാനുകള്‍ കറ..കറ ശബ്‌ദത്തോടെ കറങ്ങുന്നതായും തോന്നി. അടുത്ത് വരുന്ന നിഴല്‍ എന്തോക്കെയോ ഇംഗ്ലിഷില്‍ പിറുപിറുക്കുന്നു. പിന്നെയെല്ലാം നിശബ്‌ദം.

സഞ്ചന ഉണരുമ്പോള്‍ ഷാരോണിന്റെ കിടക്കയിലായിരുന്നു. മദ്യം കാര്‍ന്നു തിന്ന ഓര്‍മ്മകള്‍ മിന്നാമിനുങ്ങിനെ പോലെ മിന്നി മറയുന്നു. ഫ്ലുറസന്റ് ബള്‍ബുകള്‍ തീര്‍ത്ത പകല്‍ വെളിച്ചത്തില്‍ നല്ല വൃത്തിയുള്ള മുറി, കിടക്ക അലങ്കോലപ്പെട്ടിരിക്കുന്നു. കോളോണിന്റെ ഗന്ധം ശരീരത്തില്‍, ഷാരോണിനെ കാണുനില്ല അകത്ത്. ആ മുറി അവള്‍ക്ക് ഒട്ടും അന്യം അല്ല.

സഞ്ചന മെല്ലെ എണീയ്‌ക്കാന്‍ ശ്രമിച്ചു. ശരീരം നീറി പുകയുന്നുണ്ട്, കാലുകള്‍ ഇടറുന്നു. കിടക്കയുടെ താഴെ അവിടവിടെയായി കിടക്കുന്ന വസ്‌ത്രത്തിലെക്ക് ഒരു നിമിഷം കണ്ണുടക്കി. പിന്നെ വേയ്‌ച്ച് ചെന്ന് അവയെടുത്ത് ധരിച്ചു. കതകിനടുത്തായി ഹാന്‍ഡ് ബാഗ് കിടപ്പുണ്ട്. ഒന്നും സംഭവിക്കാത്ത പോലെ ബാഗുമെടുത്ത് സഞ്ചന കതക് തുറന്നു.

പുറത്തേക്ക് നടക്കുമ്പോള്‍ സഞ്ചനയുടെ ഓര്‍മ്മയില്‍ തെളിഞ്ഞ് വന്നത് എട്ട് വയസുകാരന്‍ ജീത്തുവിന്റെ മുഖം. പിന്നെ എവിടെയായിരുന്നു ഇത്രയും നേരം എന്ന ശ്യാമിന്റെ പതിവ് ചോദ്യത്തിനു "ജസ്റ്റ് എ ടൈം പാസ്സ്" എന്ന ശ്യാമിന്റെ തന്നെ ഉത്തരവും.