Followers

Sunday, August 9, 2009

പുതിയ കവിതകള്‍-ഡോണ മയൂര




അമ്മയ്ക്ക്...
കാലിടറിയാലിന്നും
മനമിടറാതെയിരിക്കുവാനെന്നെയെന്നും
മാറോടണയ്ക്കുമെന്നമ്മേ...

അടുത്ത ജന്മത്തിലെനിയ്ക്കാ
മുലഞെട്ടുകളിലൊന്നിലെയെങ്കിലും
കാപ്പിക്കറുപ്പാകണം.
തലക്കെട്ട് വേണ്ടാത്തത്...
കഴിഞ്ഞുവെന്ന്‌,
എല്ലാം കൊഴിഞ്ഞുവെന്ന്‌

ഉണങ്ങിയല്ലിച്ച ചില്ലകളെന്നു
നിനയ്‌ക്കുമ്പോള്‍

ഉള്ളിലുറക്കിക്കിടത്തിയ വസന്തത്തെ
കുലുക്കിയുണര്‍ത്തി,
ഒരു മൂളിപ്പാട്ടും പാടി, തെന്നല്‍

പ്രഭാവലയമേകാന്‍ സൂര്യന്‍
ഇടയ്‌ക്കിടെയീറനണിയിക്കാന്‍ വര്‍ഷം...

തളിരാര്‍ന്ന്‌ പൂത്തുലഞ്ഞ്‌
പൂമരച്ചില്ലകളാടുമ്പോള്‍

മരമേ, നിനക്കെത്ര വയസ്സായെന്ന്‌
ആരെങ്കിലുമാരായുമോ?

അതുതന്നെയാകണം
സ്‌നേഹം നമ്മോടു ചെയ്യുന്നതും.


ഫ്രഷ് ഔട്ട് ഓഫ് ദ അവന്‍
സില്‍വിയ,

ഞാന്‍ നിന്നെ, നിന്റെ വരികളെ
പ്രണയിക്കുന്നു.

വെണ്ണീരടരുന്ന നിന്‍
വലംകാല്പെരുവിരല്‍ത്തുമ്പില്‍
ചുംബനമര്‍പ്പിക്കുന്നെന്നൊരു
വിഭ്രമവിഭൂതിയില്‍ ഞാനമരുന്നു.

നനഞ്ഞ തുവര്‍ത്തും തുണികളുംകൊണ്ടു
നിന്നെപോലെ ഞാനുമീമുറികള്‍ക്കകം
സുരക്ഷിതമായടച്ചിരിക്കുന്നു.

നിന്റെ കവിതതന്‍ വരികളെന്‍
ചുമലില്‍ കിളിര്‍പ്പിച്ച
ഭ്രാന്തന്‍സ്വപ്‌നത്തിന്റെ ചിറകിലേറി,
അഴലിന്റെയാഴങ്ങളിലുടനീളം
ഭ്രാന്തയാമങ്ങളില്‍ ഞാനുഴറിയലഞ്ഞീടിലും
കുഴയുന്നീല നീയെന്‍ ചുമലിലേറ്റിയ
മൃത്യുസ്വപ്‌നസഞ്ചാരച്ചിറകുകള്‍...

പുറത്ത്‌ മഞ്ഞുവീഴ്‌ചകള്‍ക്കറുതിയാവുന്നു,
പഞ്ചയാമത്തിന്‍ ദൈര്‍ഘ്യമേറുന്നു,
വസന്തമെത്തുവാനേറെയില്ലെന്നാലു-
മറിയുന്നതെനിക്കുവേണ്ടിയല്ലെന്നതും,
അരികില്‍ നീയിനിയില്ലയെന്നതും...

പൊയ്‌ക്കൊള്ളട്ടെയിനി ഞാന്‍,
വസന്തമുള്ളിലുറങ്ങും മരങ്ങളെ
ഋതുപതിയുണര്‍ത്തീടും മുമ്പ്‌;
സഖേ, നിന്മുടിയിഴകളില്‍
മുഖമൊളിപ്പിക്കും രാപ്പൂവൊന്നതിന്‍
മിഴിവാര്‍ന്നെന്‍ എരിയുമടുപ്പിനുചുറ്റും
നിമീലനനൃത്തച്ചുവടുകള്‍ വയ്‌ക്കും
അഗ്നിശിഖരങ്ങളെ കെടുത്തിടും മുമ്പ്‌...

സില്‍വിയാ പ്ലാത്‌,
ഞാന്‍ നിന്നെ, നിന്റെ വരികളെ,
നിന്റെ വരികള്‍ക്കിടയില്‍ നിന്നു-
മുയിരാര്‍ക്കുന്ന മഹാനിദ്രയെ പ്രണയിക്കുന്നു.



കേരളമെന്ന് പറയുമ്പോള്‍ കോവളമെന്ന് തിരിച്ച് പറയുന്നവള്‍ക്ക്
കേരളമെന്ന് പറയുമ്പോള്‍
കോവളമെന്ന്
തിരിച്ച് പറയുന്നവള്‍ക്ക്

നെറ്റിയിലെ ടാറ്റൂവും,
വാരിച്ചുറ്റിയ ബാനറും
കണ്ടാലറിയാമെന്ന്
ഇന്ത്യന്‍ സ്ത്രീയാണെന്ന്,
ആയതിനാല്‍ അവള്‍ക്ക്
ഞാനിപ്പോഴും ഇന്ത്യനല്ല.

ഒരിക്കല്‍ ചേര പൊരിച്ചത്
തിന്നുന്നതിനിടയില്‍
'ആര്‍ യൂ എ വെജിറ്റെറിയന്‍'
എന്ന് ചോദിച്ചതിന്,
ഇത്രയും നേരം മണലിട്ട്
കടുക് വറുക്കുകയായിരുന്നോ
എന്ന് തിരിച്ച് ചോദിച്ച്
നാല് തെറിപറയാന്‍ തോന്നി
എന്ന് പറഞ്ഞപ്പോള്‍
'ടെറി' ആരാണെന്ന് ചോദിച്ചു.

നാല് തെറിയെന്നാല്‍ നിങ്ങളുടെ
ഫോര്‍ ലെറ്റര്‍ വേര്‍ഡ് പോലുള്ള
ഫോര്‍ വേര്‍ഡ്സാണെന്ന്
പറഞ്ഞു കൊടുത്തപ്പോള്‍
പൊട്ടിച്ചിരിച്ച് കെട്ടിപ്പിടിച്ചു,

പിന്നെയും ആറ് വര്‍ഷം കൊണ്ടാണ്
മലയാളം നാലക്ഷരം പഠിപ്പിച്ചെടുത്തത്.
അതിനു ശേഷമാണ് 'പലം',
'നീട്ടിയ പാല്', 'പാച്ചകാടി'യുമെല്ലാം
അവള്‍ വാങ്ങാന്‍ തുടങ്ങിയത്.

കീമോയെ തോല്‍പ്പിക്കാന്‍
തലമുന്നേ വടിച്ചിറക്കാന്‍
തീരുമാനിച്ചെന്ന് അവള്‍
വിളിച്ച് പറഞ്ഞപ്പോള്‍,
ആറ്റം ബോംബിട്ടിടത്തു വരെ
പുല്ല് കിളിര്‍ക്കുന്നു പിന്നെയല്ലെ
ഇതെന്ന് പറഞ്ഞ് രണ്ടാളും ചിരിച്ചു.

ആശുപത്രിയില്‍
കാണാന്‍ ചെന്നപ്പോള്‍
വാങ്ങിക്കൊണ്ടു പോയ ബൊക്കെയില്‍
അലങ്കരിച്ചിരുന്ന മയില്‍പ്പീലികണ്ട്
ചിരിച്ച്, കോവളമെന്ന് പറഞ്ഞു.

നീ നന്നാവില്ല എങ്കിലും
നീയൊരു പോരാളിയാണ്,
നിനക്ക് കെട്ടിപ്പിടിച്ചൊരുമ്മ.



എന്റെ രാഷ്ട്രീയം
മുകളിലുള്ള തേനീച്ചകളെയും
താഴെയുള്ള ഉറുമ്പുകളെയും
കണ്ടു പഠിച്ചാല്‍ മതിയെന്ന്
മന‍സിലാക്കിയപ്പോള്‍,
കൊടികള്‍ക്ക് കീഴെയുള്ള
രാഷ്ട്രീയം ഞാന്‍ തിരസ്കരിച്ചു.

സത്യം
കാഷായവേഷമണിഞ്ഞ്‌
വിളറിവെളുത്തൊരു
വലിയ നുണ സദസ്സിനു മുന്നില്‍
എഴുന്നേറ്റുനിന്ന്‌ സദസ്യര്‍
‍ഓരോരുത്തര്‍ക്കും
നേരെ വിരല്‍ചൂണ്ടി.

അവിടെ കൂടിയിരുന്ന
ചില ചെറുനുണകള്‍
‍അതുകണ്ട്‌ കൈയടിച്ച്‌,
ആര്‍പ്പുവിളിച്ചു.
ചൂണ്ടിയ വിരല്‍ തങ്ങള്‍ക്കു
നേരെ തിരിയുന്നതുവരെ.

അനന്തരം ചെറുനുണകളെല്ലാം
ഒന്നിച്ചുകൂടി ഒരു
ചീങ്കണ്ണിയുടെ ആകൃതിപ്രാപിച്ച്‌,
സദസ്സിനുമുന്നില്‍ നിന്നിരുന്ന
വലിയ നുണയെ
അവരുടെ മുന്നില്‍വച്ച്‌
അപ്പാടെ വിഴുങ്ങിക്കളഞ്ഞു.

എന്നിട്ട്‌, വലിയ നുണയെ
കാണ്മാനില്ലെന്നൊരു
വലിയ നുണ, അവര്‍
‍സദസ്സ്യര്‍ക്കുനേരെ
അലറിവിളിച്ചു
പറഞ്ഞുകൊണ്ടേയിരുന്നു.

പൈന്മരങ്ങള്‍
നീഹാരമുത്തരീയമണിഞ്ഞുറങ്ങുന്ന
ചെങ്കുത്തായ മലനിരകളില്‍ വളരുന്ന
പൈന്മരങ്ങളാണ് സ്നേഹം,
ഉണ്‍മയിലുയിരാര്‍ന്ന സത്വവുമതു മാത്രം.


സ്നേഹം
കൊടിയ വിഷം പുരട്ടി
രാകിയ ചാട്ടുളിയാണ്, സ്നേഹം.
തകര്‍ത്ത് കയറുമത് നെഞ്ചിന്‍കൂട്,
ചീകിയില്ലാതെയാക്കുമകക്കാമ്പ്,
ധമനികളില്‍ വിഷംകലര്‍ത്തും

പിന്നെ ‘സമയമാകുന്നു പോലും‘....

സത്യവാങ്മൂലം
നീ വസന്തം.

ഞാന്‍
വസന്തം കഴിഞ്ഞുമാത്രം
എത്തുന്ന വേനല്‍.

ഇരവിഴുങ്ങുന്ന
പെരുമ്പാമ്പിനെപ്പോലെ
മെല്ലെ മെല്ലെ
നിന്നെയപ്പാടെ വിഴുങ്ങി,
ഇലന്തമരങ്ങള്‍ക്കിടയില്‍
വെയിലുകായുന്ന നേരം,

നിന്നെ കാണ്മാനില്ലെന്ന്‌
നിന്നെ കണ്ടിട്ടേയില്ലെന്ന്‌
ഉള്ളാല്‍ മാത്രമേ നിന്നെ
അറിയുകയുള്ളൂ എന്ന്‌...

ഞാന്‍ ഉറക്കെ വിളിച്ചു
പറഞ്ഞുകൊണ്ടേയിരിക്കും.


കുമ്പസാരം
'തലതെറിച്ചതാ'
ഉടല്‍ ബാക്കിയുണ്ട്,
ഉടലോടെ സ്വര്‍ഗ്ഗത്തില്‍
പോകേണ്ടതല്ലയോ!


പനി

ശംഖനാദം
മൂന്നുവട്ടം.
കുരുക്ഷേത്ര ഭൂവിൽ രഥങ്ങളുരുളുന്നു.
മുരള്‍ച്ച, അട്ടഹാസം, ഞരക്കങ്ങള്‍...

കുന്തീ, കവചകുണ്ഡലങ്ങളറുത്തില്ല കര്‍ണന്‍.

വിവസ്‌ത്രയായ പാഞ്ചാലീ
നിനക്കെന്തു വസ്‌ത്രാക്ഷേപം?
അഴിച്ചിട്ട മുടിയാല്‍ മാറെങ്കിലും മറയ്‌ക്കൂ.

നഗ്നമായൊരു തുടയിലടിച്ചാരോ
ഗദയെ വെല്ലുവിളിക്കുന്നല്ലോ!

പതിനെട്ടിന്റെ വിശുദ്ധീ,
പത്തൊമ്പത്‌ പൂഴിക്കടകന്‍.

അഭിമന്യു ചക്രവ്യൂഹത്തിനു പുറത്ത്‌.

ശകുനി പിതാമഹനോടൊപ്പം
ഇപ്പോഴും ചിരഞ്‌ജീവി!

ഇരുട്ടു കനക്കുമ്പോഴെല്ലാമെനിക്ക്‌
രാപ്പനി കടുക്കും.


വലുതാവുമ്പോള്‍ ആരാവണം?
കഞ്ഞിയും കറിയും,
അച്ഛനുമമ്മയും,
അമ്മയും കുഞ്ഞും,
കളിവീടുകെട്ടല്‍,
കളിയോടമുണ്ടാക്കല്‍,
കളിയൂഞ്ഞാലാടല്‍,
മണ്ണപ്പംചുടല്‍...
എല്ലാം പഴയ കളികള്‍.

കല്ലുസ്ലേറ്റും പെന്‍സിലും
പുതിയ 'കളി'.

ആദ്യം,കല്ലുപെന്‍സില്‍
‍വിരലിനിടയില്‍പ്പിടിച്ച്‌
ഞെരിക്കണം,
എഴുതിത്തേയുന്നതിലും
വേഗമെഴുതണം,
എഴുതുന്നതിലുംവേഗം
മുനയൊടിക്കണം.
(അല്ലെങ്കിലും എഴുതി
തേഞ്ഞുതീരാന്‍
വിധിക്കപ്പെട്ടതാണല്ലോ
അതിന്റെ ജന്മം).

കല്ലുസ്ലേറ്റില്‍ നീ
കുത്തിവരച്ച്‌
എഴുതിപ്പഠിക്കണം,
തളിര്‍ക്കണം,
തെളിയണം.
തെളിയുമ്പോള്‍ മറയണം,
മറന്നെന്നു നടിക്കണം,
വീണ്ടും എഴുതണം.

എഴുതാനാവാത്തതിനും
എഴുതിത്തെളിയാത്തതിനും
എഴുതിമായ്‌ച്ചതിനും
എഴുതിമായ്‌ക്കാനാവാത്തതിനും
അക്ഷരങ്ങള്‍ പിഴച്ചതിനും
അക്ഷരങ്ങളാല്‍ പിഴപ്പിച്ചതിനും
പഴിക്കുക, കല്ലുസ്ലേറ്റിനെ.

എറിഞ്ഞുടച്ചുടനതിനുപകര-
മെടുക്കുക, വേറൊരു കല്ലുസ്ലേറ്റ്‌.
പുതിയ പാഠങ്ങളെഴുതുക,
പഠിക്കുന്നെന്നു നടിക്കുക,
പഠിക്കാതെ പഠിപ്പിക്കുക.

ഇനി പറയൂ,
നിനക്ക്‌ ആരാവണം,
കല്ലുസ്ലേറ്റ്‌?
കല്ലുപെന്‍സില്‍?

നിണമെഴുതിയത്‌

ഓരോ രാത്രിയുമിതള്‍കൊഴിയുമ്പോള്‍
നിന്റെ കള്ളങ്ങളെന്നെ ജയിക്കും.

താഴ്‌വാരത്തിലേക്കെന്നു പറഞ്ഞാ-
നയിച്ചതെന്നെ കുന്നിന്‍മുകളിലെ
കുരുതിക്കല്ലിലേക്കെന്നറിഞ്ഞിട്ടും,
കൂടെവന്നത്‌ നിന്റെ വാള്‍ത്തലപ്പിന്റെ
പളപളപ്പെന്റെകണ്ണില്‍
ഇരുട്ടുപടര്‍ത്തിയതിനാലല്ല.

എന്റെ കുരുതിക്കുശേഷവും കള്ളം
കൊണ്ടുനീ ചുമന്ന കളമെഴുതണം.
പിന്നെ നിന്റെയാ കണ്ണില്‍ത്തെറിച്ച
ചോരയെന്റെ കണ്ണുനീരാല്‍ കഴുകണം.

ഇല്ലെങ്കില്‍, കളത്തിനുപിന്നില്‍
പിടയുന്ന ഉടല്‍, അറുത്തുമാറ്റപ്പെട്ട
ശിരസ്സിനോട്‌ പിടഞ്ഞുചേരുന്നത്‌
നിനക്കു കാണുവാനായെന്നുവരില്ല.
ഈ ജന്മത്തിലെ മുറിവുകള്‍ക്ക്‌
ക്ഷമിക്കാനും പൊറുക്കാനും
കഴിഞ്ഞത്‌ ഇനി അടുത്ത
ജന്മത്തിലായെന്നും വരില്ല.

മാനം
മാനം കാണാതെ പുസ്തകത്താളിനുള്ളില്‍

ഒളിപ്പിയ്ച്ച് വയ്ച്ചു നിന്നെയെങ്കിലും,
അതിനുള്ളിലിരുന്നു പെറ്റു പെരുകി
നീയെന്റെ മാനം കളഞ്ഞല്ലോ.
ഭോജ്യം
വിശക്കുന്നുണ്ട്,
ചില്ലുകൂട്ടിലെയരഭാഗം
നിറഞ്ഞ വെള്ളത്തില്‍
നീന്തി തുടിയ്ക്കുന്ന
സ്വര്‍ണ്ണ മീന്‍‌കുഞ്ഞുങ്ങള്‍ക്ക്.

ചോദിക്കുന്നുണ്ട്,
ചെകിളകളുയര്‍‍ത്തി
ചില്ലില്‍ ചുണ്ടുകൊണ്ടിടിച്ച്
സ്വര്‍ണ്ണ ചിറകുകള്‍ വീശി
കഴിക്കാനെന്തെങ്കിലുമെന്ന്.

അലറുന്നുണ്ട്,
കൊത്തി നുറുക്കികൊടുക്കുവാന്‍
ഏറെയില്ലെയിനിയും നിന്റെ
സ്വപ്നങ്ങളെന്ന് ഉച്ചത്തില്‍
ആരോ ഉള്ളില്‍.

പിടയുന്നുണ്ട്,
നുറുക്കുമ്പോള്‍ തെറിച്ച
സ്വപ്നശകലങ്ങളും, കവിള്‍
ചുട്ടു പൊള്ളിച്ച് ചാലുകീറിയ
ഉപ്പുനീരും വീണെവിടൊക്കയോ.

ചിരിയ്ക്കുന്നുണ്ട്,
കൊത്തി വിഴുങ്ങിയെല്ലാ-
മുള്ളിലാക്കി, നീന്തി തുടിച്ച്
ഇനി നിന്നെയിട്ടു തരൂയെന്ന
ഭാവത്തിലവരുടെ കണ്ണുകള്‍.

നുറുക്കുവാനുണ്ട്,
വിശിഷ്ടഭോജ്യമായ്
കൊടുത്തിടാനെന്നെ
തന്നെയിനിയെന്റെ
സ്വര്‍ണ്ണ മീന്‍‌കുഞ്ഞുങ്ങള്‍ക്ക്.
മൗനം
ചിറകടിച്ചകലുന്ന
നേരവും നോക്കിയെന്‍
‍ചിന്തകളടയിരുന്നു
ചൂടേകിവിരിയിച്ച
പ്രിയ മൗനമേ...

പറക്കമുറ്റിയിട്ടും
പറന്നകലുവാനാവാതെ,
ചിറകടിച്ചു തളരുന്നു
നീയെന്റെ മനസിന്റെ
കൂ‍രിരുള്‍ കൂട്ടിനുള്ളില്‍.