Followers

Tuesday, March 4, 2014

റൂമാതുരത്വം



 ഹരിശങ്കരൻ അശോകൻ

ജനൽച്ചില്ലകളിൽ കഴുകിയുണക്കാനിട്ട പറവകൾ
ലാപ്‌ടോപ്പിൽ ടോപ്പഴിക്കുന്ന ലാറ്റിനാ സുന്ദരി
ഭിത്തിയിൽ ജീസസിന്റെ മണമുള്ള ചുവന്ന നക്ഷത്രം

കുമ്പിളുകുത്താൻ സൂക്ഷിച്ച് വച്ചിരിക്കുന്ന അസൈന്മെന്റുകൾ
കഴുത്തു പൊട്ടിയിട്ടും ആരെയും കുത്തി നോവിക്കാതെ കട്ടിലിനടിയിൽ ഒരു പാവം പൊന്മാൻ‌കുപ്പി
നിഗൂഡരഹസ്യങ്ങൾ തുടകൾക്കിടയിൽ ഒളിപ്പിച്ച പാഠപുസ്തകങ്ങൾ

മറിഞ്ഞുവീണതോട് കൂടി നിരാശയുടെ ചാരത്തിൽ ചരിഞ്ഞു കിടക്കുന്ന ആഷ്ട്രേ
നര ബാധിച്ചിട്ടും ജര ബാധിക്കാത്ത ജീൻസിന്റെ പോക്കറ്റുകളിൽ മറന്ന് കിടക്കുന്ന ബിറ്റുകൾ
നാണയത്തുട്ടുകൾ കന്യകാത്വം ചുരണ്ടിക്കളഞ്ഞ റീച്ചാർജ്ജ് കൂപ്പണുകൾ

കൊതുകുകൾ കോളനിവൽക്കരണം നടത്തിയ തുണിക്കൂമ്പാരങ്ങൾക്ക് മുകളിൽ പൊട്ടി വീണ അയ
വിശുദ്ധബൈബിളിൽ അവസാനത്തെ നൂറിന്റെ നോട്ട്
ഒരിക്കലും വരാത്ത എതിരാളികളെ നേരിടാൻ കൊണ്ട് വച്ച പലകകഷണങ്ങൾ

ജീവിതം പോലെ കശക്കപ്പെട്ട ശീട്ടുകൾ മാത്രം കൃത്യമായ് സൂക്ഷിച്ചിരിക്കുന്ന ഷെൽഫ്

അർത്ഥം ഊറ്റിക്കളഞ്ഞ് സൌഹൃദം നിറച്ച തെറികൾ
വല്ലപ്പോഴും കടന്ന് വന്നിരുന്ന നിശബ്ദത
പരീക്ഷാത്തലേന്ന് മുദ്രാവാക്യങ്ങൾ പോലെ അർത്ഥമറിയാതെ ഉരുവിട്ട സമവാക്യങ്ങൾ
നിഗൂഡവും അഗാധവുമായ ചളികൾ

സ്കാബിസ് എന്ന കീടബാധ പോലെ
മാന്തിയപ്പോൾ സുഖം പകർന്നും
പിന്നെ നീറ്റലായ് പുകച്ച് കണ്ണ് നിറച്ചും
ഒരു റൂം
ഒരു കാ‍ലം

ആകെ ഒരു റൂമാതുരത്വം

അതെ, ഹൃദയത്തിൽ ചൊറിയാൻ കഴിയാത്ത ഇടത്തിൽ
ഒരു സ്കാബിസ് വസന്തം...