Followers

Saturday, October 31, 2009





vijayakumar kalarickal


ezhuth/dec/ 2009



ചിലന്തി
അയാൾ ഒരു സർക്കാരുദ്ദ്യോഗസ്ഥനല്ല; അയാളുടെ കണ്ണുകൾ ഉറക്കം തൂങ്ങുന്നതോ, വയറ്‌ പിത്തശൂലപിടിച്ച കുട്ടിയുടേതുപോലയോ അല്ല.
അയാൾ ഒരു ബിസിനസ്സ്‌ എക്സിക്യൂട്ടീവോ റെപ്രസന്റേറ്റീവോ അല്ല; അയാളുടെ മുഖത്ത്‌ സർവ്വജ്ഞനെന്ന ഭാവമില്ല.
അയാളൊരു ഫാക്ടറി ജോലിക്കാരനോ, തൊഴിലാളിയോ അല്ല; കരിയും പുകയും കെമിക്കലുകളും ശ്വസിക്കുന്നവന്റെ ചുമയല്ല.
അപ്പോൾ അയാളൊരു കർഷകനാകാം. അധികം യാത്രകളൊന്നുമില്ലാത്തതിനാൽ ഡീസലിന്റെ, പെട്രോളിന്റെ, ഗ്യാസിന്റെ വിഷാംശം കഴിയ്ക്കാത്തതിന്റെ ഉന്മേഷവുമുണ്ട്‌ മുഖത്ത്‌.
അതെ, അയാളൊരു കൃഷിക്കാരനാണ്‌. ഗ്രാമത്തിൽ, അച്ഛനിൽ നിന്നും വീതാംശമായി കിട്ടിയ മൂന്നു സെന്റ്‌ ഭൂമിയിൽ ജനകീയാസൂത്രണം അനുവദിച്ചു നൽകിയ വീട്ടിൽ താമസ്സം.
അന്യന്റെ പമ്പുകളിൽ പാട്ടത്തിനും പങ്കിനും വാഴ, പൈനാപ്പിൾ, കപ്പ (മരച്ചീനി) കൃഷികൾ ചെയ്യുന്നു. അതിനായിട്ട്‌ മൂന്ന്‌ സെന്റ്‌ സ്ഥലവും വീടും കൂടാതെ ഒന്നു രണ്ടു സ്നേഹിതരുടെ പറമ്പുകളും ഗ്രാമീണ സഹകരണ ബാങ്കിൽ കാർഷിക ലോണിനായിട്ട്‌ പണയപ്പെടുത്തിയിരിക്കുന്നു.
വായ്പകളുടെ കാലാവധികൾ തീർന്നിട്ടും തിരിച്ചടയ്ക്കാൻ കഴിയാത്തതിനാൽ ജപ്തിയുടെ ഭീഷണി...
അയാളിന്ന്‌ ആത്മഹത്യയുടെ മുനമ്പിലാണ്‌....
കഴിഞ്ഞൊരുനാൾ അയാൾ മലയാള ഭാഷയിലെ ഒരു പ്രധാനദിനപത്രത്തിന്റെ ക്ലാസിഫൈഡ്‌ കോളത്തിലെ ഒരു പരസ്യം കൊടുത്തു.
ഒരു മനുഷ്യ ശരീരം വിൽപനയ്ക്ക്‌. ബന്ധപ്പെടുക. പോസ്റ്റ്‌ ബോക്സ്‌ നമ്പർ-13, മങ്കാവുടി പി.ഒ
പരസ്യം വന്ന്‌ മൂന്നുനാൾ കഴിഞ്ഞപ്പോൾ തന്നെ മങ്കാവുടി പോസ്റ്റാഫീസിലെ 13-​‍ാം നമ്പർ ബോക്സിൽ കത്തുകളെത്തിത്തുടങ്ങി. അത്‌ നാലഞ്ച്‌ നാളുകൾ കഴിഞ്ഞപ്പോൾ നൂറിലധികമായി.
സ്വാശ്രയ മെഡിക്കൽ കോളേജുകാരുടെ,
നഗരങ്ങളിൽ വലിയ ബോർഡുകളുമായിരിയ്ക്കുന്ന റിയൽ എസ്റ്റേറ്റുകാരുടെ,
സാടാ ബ്രോക്കർമാരുടെ....
എല്ലാവർക്കും അയാൾ മറുപടി കൊടുത്തു, ഡി.ടി.പി. ചെയ്ത്‌ പ്രിന്റെടുത്തതിന്റെ ഫോട്ടോകോപ്പികൾ.....
അതിൽ അയാൾ ഇങ്ങിനെ എഴുതി:
- മാന്യരേ,
ഞാൻ, മലയാളത്തുനാട്ടിലെ ഒരു മലയോരഗ്രാമത്തിൽ വസിയ്ക്കുന്ന കർഷകൻ. 50 വയസ്സ്‌, അഞ്ചടി ആറിഞ്ച്‌ ഉയരം. അദ്ധ്വാനിച്ച്‌ ഉറച്ച ദേഹം. അടി, ചതവ്‌, അസ്ഥി പൊട്ടലുകൾ ഒന്നും എൽക്കാത്ത......
മദ്യവും പുകയുമില്ലാത്തതിനാൽ അധികം കറയേൽക്കാത്ത ശ്വാസകോശം, അരിപ്പയാകാത്ത കരൾ, പാൻക്രിയാസ്‌.....
ഷുഗറും കൊളസ്ട്രോളുമില്ലാത്ത വൃക്കകൾ, ഹൃദയം....
കുറച്ച്‌ ആവശ്യങ്ങൾക്കുവേണ്ടി എന്റെ ദേഹം വിൽക്കുവാനുദ്ദ്യേശിക്കുന്നു (ആത്മഹത്യ ചെയ്തു നശിപ്പിയ്ക്കുമ്പോൾ അതെന്റെ കുടുംബത്തിന്‌ ഗുണപ്രദമാകുമെന്ന്‌ കരുതി.)
ആവശ്യങ്ങൾ:
ഒന്ന്‌: ഗ്രാമീണ സഹകരണ ബാങ്കിൽ നിന്നും, സുഹൃത്തുക്കളുടെ പക്കൽ നിന്നും വാങ്ങിയിട്ടുള്ള കടങ്ങൾ തീർക്കുക.
രണ്ട്‌: മൂത്തമകളെ നല്ല രീതിയിൽ വിവാഹം ചെയ്തു വിടുക.
മൂന്ന്‌: രണ്ടാമത്തെ മകളെ നേഴ്സിംഗ്‌ പഠിപ്പിയ്ക്കുക.
നാല്‌: ഒരേയൊരു മകനെ പഠിപ്പിച്ച്‌ ഏതെങ്കിലും മാനേജ്‌മന്റ്‌ തസ്തികയിലെത്തിയ്ക്കുക.
അഞ്ച്‌: ഭാര്യയെ വാർദ്ധ്യക്യത്തിലെത്തി മരിക്കുവോളം മാന്യമായി ജീവിയ്ക്കാനനുവദിയ്ക്കുക.
ഈ മോഹങ്ങൾ പൂവണിയാൻ എന്റെ പക്കൽ സ്വന്തം ശരീരം മാത്രമാണുള്ളത്‌. അത്‌ താങ്കൾക്കെടുക്കാം. അതിന്‌ പ്രതിഫലമായിട്ട്‌ മത്സരബുദ്ധിയോടെ ഒരു വില കൽപ്പിക്കുവാൻ താൽപ്പര്യപ്പെടുന്നു.
എന്ന്‌,വിനയപൂർവ്വം, അയാൾ പേര്‌ എഴുതി ഒപ്പിട്ടിരിയ്ക്കുന്നു.
എന്നിട്ടയാൾ സ്വസ്ഥനായിട്ട്‌ ജനകീയാസൂത്രണം വഴി ലഭിച്ച വീട്ടിൽ, അയഞ്ഞു തൂങ്ങിയ കട്ടിലിൽ വലിയൊരു ചിലന്തിയമ്മയെപ്പോലെ മോഹങ്ങൾ നിറഞ്ഞ മുട്ടയ്ക്ക്‌ ചൂടേറി കാത്തിരിയ്ക്കുന്നു. മറുപടികൾക്കായി.....