Followers

Tuesday, October 27, 2009




thomas p kodiyan
ezhuth/ dec/ 2009



നഗര ജാലകത്തിലൂടെ കാണരുതാത്ത കാഴ്ചകൾ

ഒരു മുറിയുടെ നിശ്ചലക്കാഴ്ചകളിൽ എത്രയധികം പുതുമ കണ്ടെത്താനാവും? എത്രകാലം കണ്ടെത്താനാവും?
നാലു ചുവരുകൾ....അവയുടെ നിസ്സംഗതയിൽ, അവയുടെ കണ്ണുകൾപോലെ തോന്നുന്ന ഏതാനും പ്രകൃതിദൃശ്യ പെയിന്റിങ്ങുകൾ...
ആറു പ്ലാസ്റ്റിക്‌ കസേരകൾ...
ടീപ്പോയ്ക്കുമുകളിലെ പ്ലാസ്റ്റിക്‌ പൂക്കൾ നിറഞ്ഞ ഫ്ലവർവേസിന്റെ ജഡത്വം...
ടി.വിയിൽ നിന്നുമൊഴുകുന്ന ആവർത്തനവിരസമായ ഗാനരംഗങ്ങൾ, നേർമുഖകാഴ്ചകൾ...ജളത്വം നിറഞ്ഞ ഡാൻസുകൾ. ആവർത്തനകാഴ്ചകളുടെ പ്രളയം...മടുപ്പു നിറയുന്നു.
ജാലകം തുറക്കാം. ജാലകങ്ങൾ വീടുകളുടെ കണ്ണുകളാണ്‌. ജാലകങ്ങൾ വീടുകളുടെ കാതുകളാണ്‌. ജാലകങ്ങൾ സ്വപ്നാടകരുടെ ശാന്തിമേഖലകളാണ്‌. ജാലകത്തിന്റെ അഴികളിൽ പിടിച്ചുനിന്നാൽ വൈവിധ്യമാർന്ന കാഴ്ചകൾ കാണാം.
ഗ്രാമത്തിലെ ചെറിയ വീടിന്റെ രണ്ടുപാളി മരത്തിന്റെ ജനലുകൾ തുറന്നു നിന്നിരുന്നപ്പോൾ ആകാശം ഭൂമിയെ ചുംബിച്ചുനിൽക്കുന്നിടം വരെ കാണാമായിരുന്നു. ഞാൻ സ്വപ്നം കാണാൻ പഠിച്ചതു അവിടെ നിന്നായിരുന്നു.
ജാലക ദീർഘചതുരത്തിലൂടെ മുന്നോട്ടു പോകുന്തോറും പ്രപഞ്ചം വിശാലമായി വരികയും അതു വിസ്മയക്കാഴ്ചകളായി പരിണമിക്കുകയും ചെയ്തിരുന്നു. പടിഞ്ഞാറോട്ടൊഴുകുന്ന ഒരു പുഴയുടെ ശാന്തിതീരങ്ങളിൽ വിരിയുന്ന കൈതപ്പൂക്കളുടെ ഗന്ധം, കൂട്ടം ചേർന്നു പറന്നുപോകുന്ന വെൺകൊറ്റിക്കൂട്ടങ്ങൾ, ഇരുട്ടിന്റെ തോഴരായ വവ്വാലുകളുടെ പ്രയാണം, നീലാകാശത്തിലെ വെൺമേഘപ്പട്ടുതുണ്ടുകൾ....
എന്നും പുതുമ നിറഞ്ഞ കാഴ്ചകളെ മറയ്ക്കുകയും, വെളിവാക്കുകയും ചെയ്തിരുന്ന ഗ്രാമജാലകത്തിന്‌ ശാന്തിയുടെ കനിവുണ്ടായിരുന്നു. ഒരിക്കലും അശാന്തമായ കാഴ്ചകളോ, ഗന്ധങ്ങളോ അവയെനിക്കും സമ്മാനിച്ചിരുന്നില്ല. ചെമ്പകഗന്ധം നിറഞ്ഞ ഗ്രാമീണസൗമ്യതയുമായി ഇപ്പോൾ ആ വീട്‌ അവിടെയുണ്ടാവുകയില്ല. അവയെന്നേ തകർക്കപ്പെട്ടിരിക്കാം. പുതിയ വീടിനു വഴിമാറിക്കൊടുത്തിരിക്കാം.
ഗ്രാമസൗകുമാര്യങ്ങളിൽ നഗരവൽക്കരത്തിന്റെ അർബ്ബുദം എന്നേ നുഴഞ്ഞുകയറിയതാണ്‌? അവിടെയും കോൺക്രീറ്റു കാടുകൾ വളരുന്നു. കമ്മ്യൂണിസ്റ്റു പച്ചപോലെയും, ആഫ്രിക്കൻ പായൽ പോലെയും തനതു ജൈവവൈവിധ്യങ്ങളുടെ മോഹനകോശങ്ങളെ അവ കാർന്നു തിന്നുകൊണ്ടിരിക്കുന്നു.
വീടുവിറ്റുപോരുമ്പോൾ ഇളയമ്മയുടെ തോളിൽ ചാരിനിന്ന്‌ അമ്മ തേങ്ങി. സ്വന്തം കുഞ്ഞിനെ നിർബന്ധപൂർവ്വം പിരിയേണ്ടിവന്ന മാതാവിന്റെ വ്യഥയോടെ അടുക്കളയിൽ, മുറികളിൽ അമ്മ കയറിയിറങ്ങിയിരുന്നതോർക്കുന്നു. ഓർമ്മകൾ, നൂറായിരം ഓർമ്മകളുണ്ടായിരുന്നിരിക്കണം അമ്മയ്ക്ക്‌.
അപ്പൻ കരഞ്ഞില്ല. പക്ഷെ കടുത്ത അന്തഃക്ഷോഭത്തിന്റെ പ്രകാശനങ്ങൾ അപ്പന്റെ മുഖത്തുവായിക്കത്തക്ക പ്രായം അന്നെനിക്കുണ്ടായിരുന്നു. വയസു പതിനാല്‌.
ഞങ്ങൾ മക്കൾ നാലുപേരും, അപ്പനും അമ്മയും സ്വന്തക്കാരും ബന്ധക്കാരും, മിത്രങ്ങളുമായി ഏറെപ്പേർ യാത്രയയ്ക്കാൻ വന്നിരുന്നു. അന്ന്‌ അയൽക്കാരന്റെ വേദന മറ്റയൽക്കാരുടെ വേദനയായിരുന്നു. സുഖം സുഖവും. മാറുന്ന കാലത്തിൽ എല്ലാം മാറിമറിയുന്നു. ഇതു നഗരം.
നഗരം രാത്രിയാണ്‌.
ഗ്രാമം പകളും....
അപ്പൻ നഗരത്തിലെ ഒരു പ്രമുഖ ഭക്ഷോൽപ്പന്ന ഫാക്ടറിയിലെ അക്കൗണ്ടന്റാണ്‌. മക്കളുടെ നല്ല ഭാവിക്കുവേണ്ടി അപ്പൻ ഗ്രാമസൗഭഗങ്ങളെ കൈവെടിഞ്ഞു.
അപ്പന്റേയും അമ്മയുടേയും സഹനത്തിന്റേയും സമ്പാദ്യത്തിന്റേയും തിരുശേഷിപ്പുകളാണ്‌ രണ്ടുസഹോദരിമാരുടെ വിവാഹവും, എന്റെ വിദ്യാഭ്യാസവും, ഈ അപ്പാർട്ടുമന്റിലെ, ഈ ആയിരത്തിയിരുന്നൂറു ചതുരശ്രയടി കോൺക്രീറ്റുകൂടിന്റെ ഉടമസ്ഥാവകാശവും!
ഏറെത്താമസിയാതെ അപ്പനു പെൻഷനാവും. പിന്നെ മാതാപിതാക്കളെ നോക്കേണ്ട ബാദ്ധ്യത എനിക്കാണ്‌. 24 വസന്തങ്ങളുടെ പിൻബലം.
ഇവിടെയും എനിക്കൊരു ജാലകം കൂട്ടുണ്ട്‌. ഗ്രാമസൗഭഗദർശനഭാഗ്യമേതുമില്ല. ഇതാ ഈ കാണുന്ന പതിവുകാഴ്ചൾ തന്നെ.
ജാലകം തുറന്നാൽ അകത്തേയ്ക്കിഴഞ്ഞുകയറുന്ന കാർബൺമോണോക്സൈഡിന്റെ ധാർഷ്ട്യം. കേതരിപ്പൂക്കളുടെ ചാരുഗന്ധത്തിനുപകരം...
മൺമറഞ്ഞുപോയ ഗ്രാമീണ ശാലീനതയുടെ അരൂപിയായൊരു വേദന നിറയുന്നു.
നാലുവരിയുടെ, വാഹനനിബിഢമായ ദേശീയ പാത ഇട മുറിയ്ക്കുന്ന മറുപുറത്ത്‌ - ഇപ്പുറമുള്ള കോൺക്രീറ്റ്‌ കാടിന്റെ സമാനഗർവ്വോടെ തലയുയർത്തി നിൽക്കുന്ന കോൺക്രീറ്റു കാടുകൾ-നേർക്കാഴ്ചകൾ!
കൃത്യതയില്ലാത്ത ഒരുതരം ചതുരത്തിലൊരാകാശം-രാത്രികളിൽ അതിൽ പേരറിയില്ലാത്ത കുറേ നക്ഷത്രങ്ങൾ വരും. ഇടയ്ക്ക്‌ ഇരമ്പിയകലുന്ന ചില വിമാനങ്ങൾ, പറന്നകലുന്ന കാക്കക്കൂട്ടങ്ങൾ, പിന്നെ മുകളിൽ നിന്നും സൂര്യന്റെ അഗ്നിവർഷം - മേൽക്കാഴ്ചകൾ!
യാതൊരിക്കലും കണ്ണിനു കുളിർമ്മ നൽകാതെ കൂട്ടപ്പൊരിച്ചിൽപോലെ തലങ്ങും വിലങ്ങും ആക്രന്ദനങ്ങളുതിർത്തു പായുന്ന വൈവിധ്യമാർന്ന വാഹനശ്രേണികൾ - കീഴ്ക്കാഴ്ചകൾ!
ആറു നിലകൾക്കുതാഴെ ഇരുളിന്റെ കയത്തിൽ വൈദ്യുത ദീപങ്ങൾ-രാത്രിയുടെ കണ്ണുകൾ.
അവയുടെ കനിവിൽ ഇരപിടിക്കുന്നതിനും, ഇണചേരുന്നതിനും ചാവുന്നതിനുമായി പതിനായിരക്കണക്കിനു, വിവിധയിനം ശലഭങ്ങൾ. പ്രകാശധാരയ്ക്കുള്ളിൽ തിമിർക്കുന്ന കുഞ്ഞുനക്ഷത്രങ്ങളെപ്പോലെ.
എനിക്കീ ആറു നിലകൾക്കു താഴെയുള്ള ഒട്ടുമിക്ക കാഴ്ചകളും രാത്രിയിലും അവ്യക്തമല്ല. വൈദ്യുത ദീപങ്ങളുടെ പ്രഭാപൂരത്തിൽ സ്വയം പ്രകാശിതമായ വാഹനങ്ങൾ കുരിശേന്തി യുദ്ധത്തിനുപോയ കുരിശുയുദ്ധയോദ്ധാക്കളെയോർമ്മിപ്പിക്കുന്നു.
നാലുവരിപ്പാതയാവട്ടെ നീണ്ടുനീണ്ടുപോവുന്നു. അവയെ ഈരണ്ടായി മുറിയ്ക്കുന്ന മീഡിയനിൽ വന്ധ്യകളായ കുറ്റിച്ചെടികൾ വസന്തങ്ങളെ കിനാവുകണ്ടുനിൽക്കുന്നു - കാർബൺ മോണോക്സൈഡിന്റെ പ്രചുരിമ തിരണ്ട വൈകൃതത്തോടെ. പകലുകളിൽ അവയുടെ പ്രത്യക്ഷം അങ്ങനെയാണ്‌.
ഈ റോഡുകൾ ഒരു കിനാവള്ളിയുടെ തടിച്ചുകൊഴുത്ത കൈകളാണ്‌. കിനാവള്ളിയുടെ ഉടൽ മെട്രോകളിലാണ്‌. മെട്രോകളിൽ അവ തടിച്ചുകുറുകി പല അടുക്കുകളുള്ള റോഡായിച്ചുറ്റിവളഞ്ഞ്‌ ഉദ്ധൃതമായിക്കിടക്കുന്നു. അവയുടെ കൈകൾ ചെറുനഗരങ്ങളിൽ ചെറുതായി, ഗ്രാമങ്ങളിൽ വീണ്ടും ചെറുതായി, ഗ്രാമാന്തരങ്ങളിൽ ലോലതന്തുക്കളായി നേർത്തു നേർത്തില്ലാതെയാവുന്നു. ഭൂമി അതിന്റെ ഭ്രമണപഥത്തിൽ നിന്നിളകിയടർന്നു പോവാതിരിക്കാൻ ഈ കറുത്ത കിനാവള്ളി ഭൂമിയെ കെട്ടിവരിഞ്ഞു നിറുത്തിയിരിക്കുകയാണ്‌.
ഇപ്പോൾ, പതിവിനു വിപരീതമായി പുതുതലമുറയിൽപ്പെട്ട ഒരു കാർ അസുരവേഗത്തിൽ വളഞ്ഞും പുളഞ്ഞു, ഊളിയിട്ടും പാഞ്ഞുവരുന്നു. വല്ലാത്തൊരസാധാരണത്വം. കുരിശുയുദ്ധത്തിന്റെ നായകനാവാൻ പോവുന്നവനാവുമോ അവൻ.
പെട്ടെന്നു കാറിന്റെ ഡോർ തുറന്നു. അതിൽ നിന്നെന്തോ തള്ളിയിടപ്പെട്ടതാണോ? വീണതാണോ?
വീണതല്ല. തള്ളിയിട്ടതാണ്‌. അതൊരു മനുഷ്യനാണ്‌. കാറിന്റെ ഡോർ ഓട്ടത്തിൽത്തന്നെ അടഞ്ഞു. പുരുഷനാണോ സ്ത്രീയാണോ എന്നു വ്യക്തമല്ല. കോന്നിട്ടതാണോ? കൊല്ലാതെയാണോ?
കൈകാലുകളിൽ നിന്നൊരു തണുപ്പ്‌ ആളിപ്പടരുന്നു...പിന്നാലെ വന്ന, ഭാരം നിറച്ച ഒരു ടോറസ്സ്‌ നിർദ്ദാക്ഷിണ്യം ആ ശരീരത്തിനു മുകളിലൂടെ പാഞ്ഞുപോയി. 10 ടയറുകളുടെ താണ്ഡവം.
ആ മനുഷ്യശരീരം പൾപ്പായി...റോഡിലൊരു തടസ്സമല്ലാത്തവിധം അതു കുറുകിപ്പരന്നു....
അതിനുമേലെ മറ്റുവാഹനങ്ങൾ പാഞ്ഞുപൊയ്ക്കൊണ്ടേയിരുന്നു...
ഭയമാണോ, മനുഷ്യത്വമാണോ, ഭീരുത്വമാണോ എന്നെ തളർത്തുന്നത്‌?
മറ്റുവാഹനങ്ങൾ, അവയുടെ ചൂടുള്ള ചക്രങ്ങൾകൊണ്ട്‌ ആ ശരീരം കുഴയ്ക്കുന്നു. ചൂടാക്കുന്നു...ആർക്കും നിറുത്തുവാൻ നേരമില്ല.
എനിക്കൊന്നിരിക്കണം.
പിൻവരുന്ന വാഹനങ്ങൾ ആ ശരീരം പൊടിയാക്കുന്നു, കാറ്റിൽപ്പറത്തുന്നു...
ഒരു മനുഷ്യൻ ജനിച്ചതിനും ജീവിച്ചതിനും തെളിവില്ലാത്തവിധം മാഞ്ഞുപോകുന്നു....
ഞാൻ സാക്ഷി. 'ജനലടയ്ക്കുക' മനസ്സുപറഞ്ഞു. ജനലടച്ചു. കാഴ്ചകൾ മറഞ്ഞു.
പക്ഷെ അമർത്തിയ ഒരു നിലവിളി അപ്പന്റെയടുത്തേക്കു നയിക്കുന്നു.
"അപ്പാ അപ്പനുറങ്ങിയോ"
"ഇല്ല. എന്താടാ?"
"താഴെ റോഡിൽ, ഒരു കാറിൽ നിന്നും..."
"അപ്പനുറക്കം വരുന്നു."
"ഒരാളെ റോഡിലേയ്ക്കു തള്ളിയിടുന്നതു ഞാൻ കണ്ടു."
അപ്പൻ നിദ്രയുടെ മോഹന പാണികളിൽ അമരുകയായിരുന്നു. എങ്കിലും ആ അർദ്ധസുഷുപ്താവസ്ഥയിൽ, ദുർബ്ബലമായ സ്വനതന്തുക്കളിൽ നിന്നൊരു സ്നേഹശാസനം.
"നീയെന്തിനാടാ ഈ കാണണ്ടാത്ത കാഴ്ചകളു കാണണെ. മോനൊരു സ്വർഗ്ഗസ്ഥനായതും ചൊല്ലി അപ്പന്റടത്തുവന്നു കെടന്നോ"
അടുക്കളയിലെ അന്നത്തെ പണിയെല്ലാമൊതുക്കി സാരിയുടെ കോന്തലയിൽ കൈതുടച്ചുകൊണ്ടുവന്ന അമ്മ പറയുന്നു.
"നെനക്കീയെട ജെനലും തൊറന്നിട്ടൊള്ള സ്വപ്നം കാണലു കൂടലാ. അവനോന്റെ കാര്യം നോക്കി സ്വസ്ഥായിട്ടു ജീവിക്കാനൊള്ളതിന്‌..." പറഞ്ഞതിൽ അൽപം മുള്ളുകൾ വിതറിയോ എന്ന സംശയത്തിൽ അമ്മ അൽപം നിറുത്തി. പിന്നെപ്പറയുന്നതിൽ അൽപം പൂവുകൾ വിതറുന്നു.
"എന്റെ മോൻ ചെന്നു കെടക്ക്‌. ഒന്നും കാണണ്ട. ഒന്നും ഓർക്കണ്ട. ഇതു പട്ടണമല്ലേ. പട്ടണത്തിലെ പല കാഴ്ചകളും നമ്മളു കാണാമ്പാടില്ല. രാത്രി ഒരുപാടായി. മക്കളു ജനലടച്ചട്ടില്ലെങ്കി, ജെനലടച്ചേരെ..."